തോന്നുംപോലെ ജാക്കി ഉപയോഗിച്ച് വീടുകൾ ഉയർത്തരുത്; മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു
text_fieldsതിരുവനന്തപുരം: കെട്ടിടങ്ങളുടെ ഉയരം കൂട്ടാനും സ്ഥാനം മാറ്റാനുമുള്ള മെക്കാനിക്കല്‍ ജാക്ക് ലിഫ്റ്റിംഗ് ടെക്‌നോളജി ഉപയോഗിക്കാൻ ലഭിക്കുന്ന അപേക്ഷകളില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരള ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിർദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ കെട്ടിടത്തിന്‍റെ സ്ട്രക്ച്വറല്‍ ആള്‍ടര്‍നേഷനില്‍ മാറ്റം വരുത്തുന്നതിനാല്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കാൻ ചട്ടപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് അപേക്ഷകനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരും ഉറപ്പുവരുത്തണം. നിലവിലെ കെട്ടിടത്തില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ ആവശ്യമായ പ്ലാനുകളും മറ്റ് അനുബന്ധരേഖകളും സഹിതം തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.
ആള്‍ട്ടര്‍നേഷനിലൂടെ കെട്ടിടത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്ലാനില്‍ രേഖപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. കെട്ടിട നിര്‍മാണ ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ കൂടാതെ, പ്രവര്‍ത്തി മൂലം കെട്ടിടത്തിന് കോട്ടം സംഭവിക്കില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ട്രക്ചറര്‍ എൻജിനീയറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം ഉള്ളടക്കം ചെയ്യണം.
അപേക്ഷകള്‍ സെക്രട്ടറി പരിശോധിച്ച് സമയബന്ധിതമായി പെര്‍മിറ്റ് നല്‍കണം. കഴിഞ്ഞ നാളുകളില്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയവും പ്രകൃതിക്ഷോഭവും നിമിത്തം വീടുകളടക്കമുള്ള കെട്ടിടങ്ങള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവിറക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.