30 മുതല്‍ ഒരു ലക്ഷം രൂപവരെ വിലയുള്ള ചെടികള്‍ ഇവിടെയുണ്ട്; അപൂർവ്വ സുന്ദരം ഹസീന ടീച്ചറുടെ പൂന്തോട്ടം
text_fieldsവീടിന് ചുറ്റും പൂന്തോട്ടമല്ല. പൂന്തോപ്പില്‍ തന്നെ താമസിക്കുന്ന ഒരു വീട്ടമ്മയുണ്ട് കൊല്ലം കുന്നിക്കോട്. കുന്നിക്കോട് ദാറുൽ ഹുദായിലെ അബ്ദുൾ ജബ്ബാറിന്‍റെ ഭാര്യയും അദ്ധ്യാപികയുമായ ഹസീന ജബ്ബാറിന്‍റെ വീടിന് ചുറ്റും മനോഹരമായ പൂക്കള്‍ നിറഞ്ഞ് ഒരു ഉദ്യാനത്തിന്‍റെ പ്രതീതിയാണ്. പുതിയ വീട് വാങ്ങിയപ്പോൾ ചുറ്റുപാടും മനോഹരമാക്കാനായി പൂച്ചെടികൾ വച്ച് തുടങ്ങിയതാണ്. പൂക്കളോടുള്ള ഇഷ്ടം കൊണ്ട് പിന്നീട് അതൊരു ഹോബിയായി.ഇപ്പോള്‍ അത് വലിയൊരു സംരംഭമായി മാറിയിരിക്കുകയാണ് ഹസീനയുടെ ചെടി കൃഷി.
മുപ്പത് രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വിലയുള്ള ചെടികള്‍ ഇവിടെ ഉണ്ട്. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ടാണ് ഹസീന തന്‍റെ പൂന്തോട്ടം ഇത്തരത്തില്‍ മനോഹരമാക്കിയത്. ഏകദേശം പതിനായിരത്തിലധികം ചെടികളും ഇവിടെ ഉണ്ട്. രണ്ടായിരം വ്യത്യസ്ത ഇനങ്ങളും പരിപാലിക്കുന്നുണ്ട്. പൂന്തോട്ടം ഒരുക്കി ഒതുങ്ങി ഇരിക്കാതെ പുതിയ ഇനങ്ങളെ തേടി ഇറങ്ങിയപ്പോഴാണ് കൗതുകം ബിസിനസിലേക്കായത്.
കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് അൻപതിനായിരത്തിലധികം രൂപ ചെടികളില്‍ നിന്നും വരുമാനമായി ലഭിച്ചിരുന്നുവത്രെ. ആദ്യം നാട്ടിൽ നിന്ന് ശേഖരിക്കുകയും കിട്ടാത്തവ മറുനാട്ടിൽ നിന്നും ഓൺലൈനായും വാങ്ങാന്‍ ആരംഭിച്ചപ്പോഴാണ് ചെടികളുടെ വിലനിലവാരം മനസിലാക്കിയത്.
അപൂര്‍വ്വങ്ങളായ ഹോയ, ഹിന്ദ് റോപ്പ്, പുബി കാലിക്സ്, കാർണോസ, സബ്, കാൽമിയ, ക്രി ങ്കിൾ, വയാള, ബ്യൂട്ടി, റുത്തി, മെലിഫ്ലുവ, ഓസ്ട്രേലിയാസിസ് എന്നിങ്ങനെ സ്വദേശിയും വിദേശിയുമായ മിക്ക ഇനങ്ങളും ഇവിടെ പൂവിടുന്നുണ്ട്.പഴമയുടെ തെളിമയില്‍ നിന്നും വീണ്ടെടുത്ത ക്രിസ്റ്റലേനിയവും ക്ലാരിനേര്‍വിയും ഫൊര്‍ഗെട്ടിയുമെല്ലാം പുതുതലമുറയ്ക്ക് കൗതുകകാഴ്ചയാണ് ഒരുക്കുന്നത്. ഓണനാളുകള്‍ മുതല്‍ പ്രണയദിനങ്ങളില്‍ വരെ പൂക്കള്‍ക്കും ചെടികള്‍ക്കുമായി ആവശ്യക്കാര്‍ എത്താറുണ്ട്.
പൂക്കൾ കാണാൻ കാഴ്ചക്കാരുടെ എണ്ണം വർദ്ധിച്ചതോടെ പഴയ കാല കാളവണ്ടിയും ഇരുന്ന് ആസ്വദിക്കാൻ മരക്കുടിലും പൂന്തോട്ടത്തിൽ ഒരുക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെടികള്‍ വാങ്ങാനും കാണാനുമായി ആളുകള്‍ എത്താറുണ്ടെന്ന് ഈ വീട്ടമ്മ പറയുന്നു. ചെടികളെ പരിപാലിക്കാനായി ഹസീന അദ്ധ്യാപക ജോലി ഉപേക്ഷിക്കുകയും ചെയ്തു.
എന്നാലും ചെടികള്‍ കാണാനും വാങ്ങാനും വരുന്നവര്‍ക്ക് ഓരോ ചെടിയുടെയും പ്രധാന്യവും വളര്‍ച്ച രീതികളും ഹസീന വിശദമായി പറഞ്ഞു നല്‍കും. ഭര്‍ത്താവ് അബ്ദുല്‍ ജബ്ബാര്‍ ലോക്കോ പൈലറ്റാണ്. ഭാര്യയ്ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കി അദ്ദേഹവും ഒപ്പമുണ്ട്. പഠനത്തിന് ശേഷം കിട്ടുന്ന സമയത്ത് മക്കളായ ജിഹ ഫാത്തിമയും ഹിന ഫാത്തിമയും ഉമ്മയെ സഹായിക്കാൻ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.