സ്വപ്നഭവനത്തിനായി ചെലവിട്ടത് 4.03 കോടി; ലഭിച്ചത് 'അര വീട്'
text_fieldsസിഡ്നി: ഏതൊരാളുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ഏഴ് ലക്ഷം ആസ്ട്രേലിയൻ ഡോളർ (4.03 കോടി ഇന്ത്യൻ രൂപ) ചെലവിട്ട് ഒരു വീടുണ്ടാക്കാൻ ഏൽപിച്ചിട്ട് 'പകുതി വീട്' മാത്രം ലഭിച്ചാലോ?.
നേപ്പാളിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറിയ ബിഷ്ണു ആര്യൽ ഒരുപതിറ്റാണ്ട് കാലം കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടാണ് സിഡ്നിയുടെ പ്രാന്തപ്രദേശമായ എഡ്മൻസൺ പാർക്കിൽ സ്ഥലം വാങ്ങിയത്. 398,000 ആസ്ട്രേലിയൻ ഡോളറാണ് സ്ഥലം വാങ്ങാൻ മാത്രമായി ചെലവിട്ടത്.
വീട് നിർമാണത്തിനായി സാക് ഹോംസ് കൺസ്ട്രക്ഷൻ കമ്പനിയുമായി 3.2 ലക്ഷം ഡോളറിന് കരാറുമുണ്ടാക്കി.
മൂന്ന് വർഷങ്ങൾക്ക് ശേഷം വീട് നിർമാണത്തിലെ പുരോഗതി വിലയിരുത്താനെത്തിയ വേളയിലാണ് ആര്യാൽ ഞെട്ടിയത്. ഡ്യൂപ്ലെക്സ് രീതിയിൽ വീടിന്‍റെ പകുതി ഭാഗം മാത്രമാണ് കമ്പനി നിർമിച്ച് െവച്ചത്.
ഒരു ജനാല പോലുമില്ലാതെ ചാരനിറത്തിലുള്ള ചുമരാണ് ഒരുവശത്ത്. വീട് നിൽക്കുന്ന സ്ഥലത്തിന്റെ ഒരു വശം കാലിയായതിനാൽ ആര്യാലിന്‍റെ വീട് അപൂർണമായി നിൽക്കുകയാണ്.
'ഒരു വർഷം കൊണ്ട് വീട് നിർമിച്ച് നൽകുമെന്നാണ് അവർ ഞങ്ങളോട് വാഗ്ദാനം ചെയ്തിരുന്നത്. ഞങ്ങൾ മൂന്ന് വർഷം കാത്തിരുന്നു. നിർമാണ പുരോഗതി വിലയിരുത്താനെത്തിയ ഞങ്ങൾ പ്രതീക്ഷിച്ച രീതിയിലേ അല്ലായിരുന്നു വീടിന്‍റെ രൂപം' -ആര്യാൽ നയൻ ഡോട് കോമിനോട് പറഞ്ഞു.
'ഞാൻ സൂപ്പർവൈസറെ വിളിച്ച് ഇത് എന്താണ് സംഭവമെന്നും എന്തുകൊണ്ടാണ് വീട് ഇങ്ങനെയായിരിക്കുന്നതെന്നും ചോദിച്ചു. ഇത് ഒരു സെമി-ഡ്യുപ്ലെക്സ് ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അന്ന് അതുകേട്ട ഞാൻ ബോധരഹിതനായി' -ആര്യാൽ പറഞ്ഞു.
'എന്‍റെ വീട് എവിടെ? എന്‍റെ വീടിന്‍റെ ബാക്കി ഭാഗം എനിക്ക് വേണം. ഇത് ഡ്യൂപ്ലെക്സ് ഒന്നുമല്ല പകുതി വീട് മാത്രമാണ്. എനിക്കെന്‍റെ വീട് വേണം' -ആര്യാൽ കൂട്ടിച്ചേർത്തു.
സ്ഥലത്തോട് ചേർന്ന് അനുബന്ധ വീട് ഉണ്ടാകണെമന്ന് ലിവർപൂൾ പ്രാദേശിക കൗൺസിലിന് നിർബന്ധമുണ്ടായിരുന്നുവെന്ന് സാക് ഹോംസ് പറഞ്ഞു. ആ സമയത്ത് പിൻമാറാൻ ആര്യാലിന് അവസരവുമുണ്ടായിരുന്നു. പകുതി ഡ്യൂപ്ലെക്സിന്റെ പ്ലാൻ ആര്യാലിന് കമ്പനി അയച്ചുകൊടുത്തപ്പോൾ അത് നോക്കുകയോ വിലയിരുത്തുകയോ പോലും ചെയ്യാതെ അദ്ദേഹം അത് നേരെ ബാങ്കിലേക്ക് അയക്കുകയായിരുന്നു.
ഭാര്യയും ചെറിയ കുഞ്ഞും ഉള്ളത് െകാണ്ടും കോവിഡ് കാലമായതിനാൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയുള്ളതിനാലും വീട്ടിലേക്ക് മാറാനുള്ള തയാറെടുപ്പിലായിരുന്നു ആര്യാൽ. എന്നാൽ കൈവശാവകാശ സർട്ടിഫിക്കറ്റ് ഇല്ലാതിനാൽ അതിനും സാധിക്കുന്നില്ല.
സർട്ടിഫിക്കറ്റിനായി ഒമ്പത് മാസത്തോളമായി ശ്രമിക്കുകയാണെന്നും ഡ്യൂപ്ലെക്സിന്റെ മറ്റേ പകുതി പൂർത്തിയാക്കുമെന്ന ഉറപ്പ് ലഭിക്കണമെന്നാണ് കൗൺസിൽ നിലപാടെന്നും സാക് ഹോംസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.