കൗതുകമായി ഒറ്റമരക്കൊമ്പിൽ തീർത്ത ഏറുമാടം
text_fieldsസീതത്തോട്: വനമേഖലയോട് ചേർന്ന കൃഷിയിടത്തിൽ നിർമാണം പൂർത്തിയാകുന്ന ഏറുമാടം കൗതുകമുണർത്തുന്നു. ഗുരുനാഥൻ മണ്ണ് താമരശ്ശേരിയിൽ കെ.എസ്.ഇ.ബി മുന്‍ ജീവനക്കാരൻ സജിയുടെ കുന്നത്തെ രണ്ടര ഏക്കർ കൃഷി സ്ഥലത്താണ് ഏറെ സവിശേഷതകളോടെ ഏറുമാടം പൂർത്തിയാകുന്നത്.
കടമരം എന്ന വൻമരത്തിെൻറ കുറ്റിയിലാണ് സുരക്ഷിതത്വം ഉറപ്പാക്കി കെട്ടിപ്പൊക്കിയത്. മുപ്പതടി ഉയരത്തിൽ തടിയും ജി.ഐ പൈപ്പുകളും ഉപയോഗിച്ചാണ് നിർമാണം. മട്ടുപ്പാവടക്കം 45 അടിയോളം ഉയരമുണ്ട്. തടികൊണ്ട് തന്നെയാണ് കോണിയും മേൽക്കൂരയും.
വീട്ടുപറമ്പില്നിന്നുള്ള മരുതി, പ്ലാവ്, ആഞ്ഞിലി എന്നീ തടികളാണ് കൂടുതലും. മേല്‍ക്കൂര മാത്രം പഴയ വീടിേൻറതാണ്. 300 ചതുരശ്ര വിസ്തീർണത്തിൽ തീർത്ത ഈ മരവീട്ടിൽ ടോയ്ലറ്റ് സൗകര്യത്തോടുകൂടി രണ്ട് കിടപ്പുമുറിയും വരാന്തയുമൊക്കെ ഉണ്ട്.
തടി ഉപയോഗിച്ചുതന്നെ മുകളിലേക്ക് കയറാനായി മനോഹരമായ കൈവരിയും നിർമിച്ചു. മച്ചിന്പുറമാണ് പ്രധാന സവിശേഷത. കുടിവെള്ള ടാങ്കിനായി പ്രത്യേകയിടവും ഇതിനുള്ളിലുണ്ട്.
മലഞ്ചരുവിലെ അരുവിയിൽനിന്ന് ഹോസ് വഴിയാണ് വെള്ളം എടുക്കുന്നത്. ഏറുമാടത്തിന് സമീപം പ്രകൃതിക്ക അനുയോജ്യമായ രീതിയിൽ അടുക്കളയും ഒരുക്കിയിട്ടുണ്ട്. മുപ്പതടി ഉയരത്തിൽ നിർമിച്ച ഈ ഏറുമാടത്തിൽനിന്ന് വളരെ ദൂരെയുള്ള മലകളും കാണാൻ സാധിക്കും.
രണ്ടു കുടുംബത്തിന് കഴിയാൻ സൗകര്യമുണ്ട്. രാത്രി വെളിച്ചത്തിന് സൗരോർജ പാനലിൽനിന്നുള്ള വെളിച്ചവുമാണ് സജ്ജമാക്കുന്നത്. തടിയിൽ തീർത്ത ടീപോയി, കട്ടിൽ, മേശ, കസേരകൾ എല്ലാംകൂടി ആകുമ്പോൾ മരവീട് പൂർണമാകുന്നു. ആറുമാസം മുമ്പാണ് നിര്‍മാണം തുടങ്ങിയത്. മാർച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. ഇതിനോടകം അഞ്ചുലക്ഷത്തിലധികം രൂപ ചെലവഴിച്ചു.
സര്‍വിസില്‍നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയ കൃഷിപ്പണികളിലേര്പ്പെട്ടതോടെയാണ് ഇത്തരമൊരു ആശയം മുളപൊട്ടിയത്. വന്യമൃഗങ്ങളുടെ ശല്യങ്ങളിൽനിന്ന് രക്ഷപ്പെടാനും ഒപ്പം വിശ്രമജീവിതത്തിനും വീട് പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.