വീട് നിറയെ പൊടിയുണ്ടോ? പരിഹാരമുണ്ട്
text_fieldsസുന്ദരമായ വീടും ആധുനിക സംവിധാനങ്ങളുമൊക്കെയുണ്ടെങ്കിലും വീട്ടമ്മമാർക്ക് വീട്ടിലെ പൊടിയുണ്ടാക്കുന്ന ശല്യം ചില്ലറയല്ല. വീട്ടിലുള്ളവർക്ക് ചുമയും തുമ്മലും ശ്വാസംമുട്ടും പോലുള്ള അസുഖങ്ങൾ വരുന്നതിന്‍റെ പ്രധാന കാരണവും ഈ പൊടി തന്നെയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പൊടിയെ വീട്ടിൽ നിന്നും പൂർണമായി തുടച്ചുനീക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ച് കുറച്ച് പ്രയാസമുള്ള കാര്യം തന്നെയാണ്. പൊടിയൊന്നുമില്ലാതെ എങ്ങനെ വീടിനെ വൃത്തിയാക്കാം എന്നാണോ ചിന്തിക്കുന്നത്. ചില പൊടിക്കൈകൾ നോക്കിയാലോ.
1. പൊടിയെ പടിക്കു പുറത്ത് നിർത്തുക
നമ്മുടെയൊക്കെ വീടുകളിൽ അടിഞ്ഞുകൂടുന്ന പൊടിയിൽ 99 ശതമാനവും വരുന്നത് പുറത്തുനിന്നാണ്. അതുകൊണ്ട് പൊടിയെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല പോംവഴി പ്രതിരോധമാണ്. പൊടിയെ എങ്ങനെ പ്രതിരോധിക്കുമെന്നല്ലേ? വാതിലുകളും ജനലുകളും കഴിയാവുന്നത്രയും അടച്ചിടുക. വീടിനുള്ളിലേക്ക് ചെരുപ്പ് ഇട്ട് തന്നെ കയറുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റുന്നതും പൊടിയെ ഇല്ലാതാക്കുന്നതിന് പ്രധാനമാണ്. വീട്ടിലേക്ക് പ്രവേശിക്കുന്ന വാതിലിന് മുമ്പിലായി നല്ല കാർപെറ്റ് വിരിക്കുന്നതും പൊടിയെ ഇല്ലാതാക്കാൻ സഹായിക്കും. ഇത് രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോഴെങ്കിലും വൃത്തിയാക്കുന്നതും അത്യാവശ്യമാണ്. അല്ലാത്ത പക്ഷം കാർപെറ്റിൽ പൊടി അടിഞ്ഞുകൂടുകയും അവ വീടിനുള്ളിലേക്ക് വീണ്ടുമെത്താനുള്ള സാധ്യതയും കൂടുതലാണ്.
2. അനാവശ്യ സാധനങ്ങളെ ഒഴിവാക്കുക
പല വീടുകളിലും അനാവശ്യമായി ഒരുപാട് സാധനങ്ങൾ കുത്തിനിറച്ചതുപോലെ തോന്നാറില്ലേ. നിങ്ങളുടെ വീട്ടിലും അങ്ങനെയാണെങ്കിൽ ആദ്യം അവയെല്ലാം നീക്കം ചെയ്ത് ആവശ്യമുള്ള വസ്തുക്കളെ മാത്രം നിലനിർത്താൻ ശ്രദ്ധിക്കുക. പുസ്തകങ്ങളും പേപ്പറുകളും സൂക്ഷിക്കാൻ പ്രത്യേകമായ അറകളുണ്ടാക്കുന്നതും പൊടിയെ ചെറുക്കാൻ സഹായിക്കുന്നതാണ്. ഉപയോഗിക്കാത്ത തുണികളും ഇപ്രകാരം സൂക്ഷിക്കുന്നതാണ് ഉചിതം.
3. തുടച്ച് വൃത്തിയാക്കാം
വീട് നമ്മൾ മിക്ക ദിവസവും അടിച്ചുവൃത്തിയാക്കാറുണ്ടാകുമല്ലേ. പക്ഷേ എല്ലാ സാധനങ്ങളും മാറ്റി നിങ്ങൾ വീട് വൃത്തിയാക്കാറുണ്ടോ. ഇത് പൊടിയെ ചെറുക്കാനുള്ള വിദ്യയാണ്. ആഴ്ചയിലൊരിക്കലെങ്കിലും പൊടി കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും സാധനങ്ങളെല്ലാം മാറ്റി നന്നായി വൃത്തിയാക്കുക. ഒഴിവാക്കേണ്ട വസ്തുക്കളെ ഒഴിവാക്കാനും മറക്കരുത്. പൊടി അടിക്കുമ്പോൾ മുകളിൽ നിന്നും താഴേക്ക് അടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പൊടി പറക്കാനും അത് മറ്റ് പ്രതലങ്ങളിലേക്ക് കൂടി വ്യാപിക്കാനും സാധ്യതയുണ്ട്. വീട് വൃത്തിയാക്കുമ്പോൾ ജനലുകൾ തുറന്നിടുന്നത് വീട്ടിലെ ദുർഗന്ധം അകറ്റാനും സഹായിക്കും.
4. 'മര'ത്തെ കാര്യമായി പരിഗണിക്കാം
മരം കൊണ്ടുള്ള ഉത്പന്നങ്ങൾ മിക്ക വീടുകളിലുമുണ്ടാകുന്നതാണ്. മരമായത് കൊണ്ട് പൊടി പിടിക്കില്ലെന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകാം. എന്നാൽ ഇത് തെറ്റാണ്. മരം കൊണ്ടുള്ള ഉത്പന്നങ്ങൾ, അത് മേശയോ കസേരയോ മറ്റ് ഫർണീച്ചറുകളോ അതുമല്ലെങ്കിൽ ഷോ പീസുകളോ ആകട്ടെ, പൊടി പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പറഞ്ഞാലോ?! ദിവസവും മരം കൊണ്ടുള്ള ഫർണീച്ചറുകൾ തുടച്ചുവൃത്തിയാക്കാൻ ശ്രദ്ധിക്കുക. പൊടി മാത്രമല്ല, ഇത് ചിതൽ ശല്യം ഇല്ലാതാക്കാനും നിങ്ങളെ സഹായിക്കും. ചിതൽ വരാതിരിക്കാൻ ഫർണീച്ചറുകൾക്ക് വർഷത്തിലൊരിക്കൽ വാർണിഷ് അടിക്കുന്നതും നല്ലതാണ്.
5. ഫാൻ
വീട്ടിലെ പൊടിയുടെ 70 ശതമാനവും ഫാനുകളിലായിരിക്കും. ആഴ്ചയിലോ മാസത്തിലോ ഫാനുകളെ തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
6. എ.സി
ചൂട് കുറയ്ക്കാൻ നമ്മൾ വാങ്ങുന്ന എ.സികൾ ചിലപ്പോൾ നമുക്ക് തന്നെ വിനയാകാറുണ്ട്. എങ്ങനെയാണെന്നല്ലേ. എ.സിയും പൊടിപടലങ്ങൾ പിടിച്ചെടുക്കാൻ കഴിവുള്ളവയാണ്. ഇത് തടയാൻ പല ആധുനിക സംവിധാനങ്ങളും നിലവിലുണ്ട്. അതുകൊണ്ട് എ.സി വാങ്ങുമ്പോൾ കഴിവതും പൊടിപടലങ്ങൾ സ്വയം നീക്കാൻ കഴിവുള്ള ഹൈ എഫിഷ്യൻസി പർട്ടിക്കുലേറ്റ് അബ്സോർബ്ഷൻ ഫീച്ചർ ഉള്ളവ വാങ്ങാൻ ശ്രദ്ധിക്കുമല്ലോ.
7. വളർത്തുമൃഗങ്ങളെ വൃത്തിയാക്കാൻ പ്രത്യേകം സ്ഥലം സജ്ജമാക്കുക
വളർത്തുമൃഗങ്ങളെ നമുക്കെല്ലാവർക്കും ഇഷ്ടമാണെങ്കിലും അവരുടെ ദേഹത്തുണ്ടാകുന്ന പൊടിയും രോമവും അമിതമായി ശ്വസിക്കുന്നത് മനുഷ്യന് ദോഷമാണ്. അതുകൊണ്ട് വളർത്തുമൃഗങ്ങളെ ബാത്റൂമിലോ, സ്ഥിരമായി നിങ്ങൾ പെരുമാറാത്ത മറ്റേതെങ്കിലും മുറിയിലോ വെച്ച് വൃത്തിയാക്കുക.
8. എയർ പ്യൂരിഫയർ
പൊടിയെ പിടിച്ചെടുക്കാൻ എയർ പ്യൂരിഫയറുകൾ വളരെ ഉപകാരപ്രദമാണ്. ഗുണമേന്മയുള്ള എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് പൊടിയെ ഒരുപരിധി വരെ കുറക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.