അടുക്കളയിൽ നിന്ന് തുടങ്ങാം, മാലിന്യ നിർമാർജനം
text_fieldsഹോട്ടൽ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് മാലിന്യ നിർമാർജനം. ഭക്ഷ്യമാലിന്യങ്ങൾ എവിടെ നിക്ഷേപിക്കുമെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്. ഇത് അറിയാത്തതിനാൽ പിഴ വാങ്ങുന്ന സ്ഥാപനങ്ങളും നിരവധിയാണ്. മാലിന്യങ്ങൾ തിരിച്ചറിയാനും ശേഖരിക്കാനും നീക്കം ചെയ്യാനും സംസ്കരിക്കാനും ഫുഡ് കമ്പനികൾക്ക് ശരിയായ സംവിധാനങ്ങളുണ്ടായിരിക്കണം. ഇവ ഏതൊക്കെയാണെന്ന് നോക്കാം:
ഭക്ഷ്യയോഗ്യമല്ലാത്തതോ അപകടകരമോ ആയ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കണ്ടെയ്നറുകൾ അടുക്കളയിൽ സ്ഥാപിക്കണം. അടുക്കളയിൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും ഇത് സ്ഥാപിക്കണം. കാലുകൊണ്ട് തുറക്കാൻ കഴിയുന്ന ബിന്നുകളാണ് നൽകേണ്ടത്. ബിന്നുകൾക്കുള്ളിൽ ലൈനർ ബാഗുകൾ വെക്കണം.
വലിയ ഭക്ഷ്യനിർമാണ സ്ഥാപനങ്ങളും ഹോട്ടലുകളും തേർഡ് പാർട്ടി വേസ്റ്റ് മാനേജ്മെൻറ് കമ്പനിയുമായി കരാർ ഉണ്ടാക്കണം. മാലിന്യം ശേഖരിച്ച് നിർമാർജനം ചെയ്യുന്ന സ്ഥലത്ത് എത്തിക്കേണ്ട ചുമതല ഈ കമ്പനിക്കായിരിക്കും. എന്നാൽ, ചെറിയ കഫ്റ്റീരിയകൾക്ക് മുനിസിപ്പാലിറ്റിയുടെ ബിന്നുകൾ ഉപയോഗിക്കാം.
മാലിന്യം കുമിഞ്ഞു കൂടുന്നത് ഒഴിവാക്കണം. ബാഗുകൾ നിറയുമ്പോൾ അതാതു സമയങ്ങളിൽ അടുക്കളയുടെ ഉള്ളിലെ ബിന്നുകളിൽ നിന്ന് മാലിന്യം നീക്കണം. മുനിസിപ്പാലിറ്റിയുടെ ബിന്നിലേക്കോ കരാർ എടുത്തവരുടെ ബിന്നിലേക്കാ ഇത് നീക്കാം. ഈ വേസ്റ്റ് ബിന്നിലും മാലിന്യം കുമിഞ്ഞുകൂടാതിരിക്കാൻ ശ്രദ്ധിക്കണം.
കാർട്ടൺ, പോളിയെത്തിലീൻ ബാഗുകൾ, മറ്റ് പേപ്പർ മാലിന്യങ്ങൾ എന്നിവ നിശ്ചിത ചവറ്റുകുട്ടയിൽ നിക്ഷേപിക്കണം. മുനിസിപ്പാലിറ്റി വാഹനം ദിവസേന മാലിന്യം ശേഖരിക്കുന്നതിനാൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതോ സംഭരിക്കുന്നതോ ആയ സ്ഥലങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയില്ല.
മുനിസിപ്പാലിറ്റി അംഗീകരിച്ച സ്ഥാപനങ്ങളെയായിരിക്കണം ക്ലീനിങിന് ചുമതലപ്പെടുത്തേണ്ടത്. കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തണം. ക്ലീനിങ് റെക്കോഡുകൾ സൂക്ഷിക്കുകയും മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ പരിശോധനക്ക് എത്തുമ്പോൾ ഇവ നൽകുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.