ഇക്കാലത്ത് വീടിനും വേണം ഇൻഷുറൻസ്; അറിയാം വിശദാംശങ്ങൾ
text_fieldsമഴ ഇനിയും പെയ്ത് തോർന്നിട്ടില്ല. പുതിയ പുതിയ പേരുകളിൽ മഴ കനക്കുകയാണ്. ഇന്നലെ പെയ്തയിടത്തല്ല ഇന്ന് പെയ്യുന്നത്. പെയ്തൊഴിയുന്ന മഴകൾ വൻ നാശനഷ്ടങ്ങളാണ് നാടിനും സമ്പത്തിനുമൊക്കെയുണ്ടാക്കുന്നത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമൊക്കെ പതിവായിരിക്കുന്നു.
കനത്ത മഴയും ഉരുൾപൊട്ടലും കേരളത്തിൽ വീണ്ടുമൊരിക്കൽ കൂടി നാശം വിതച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കിയിലെ കൊക്കയാറിലും ഉണ്ടായ ഉരുൾപൊട്ടലുകളിൽ നിരവധി ജീവനുകളാണ് നഷ്ടമായത്. കനത്ത മഴവെള്ളപാച്ചിലിൽ ഒരു വീട് ഒന്നാകെ ഒലിച്ച് പോകുന്ന ദൃശ്യം ഞെട്ടലോടെയാണ് മലയാളി കണ്ടത്. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയങ്ങളിൽ സമാനമായ രീതിയിൽ കനത്ത നഷ്ടമുണ്ടായിരുന്നു. തുടർച്ചയായ വർഷങ്ങളിലുണ്ടായ പ്രളയങ്ങളിൽ വീടും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ട് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്.
സുരിക്ഷതമായ കാലാവസ്ഥയുള്ള സംസ്ഥാനം എന്ന നിലയിൽ നിന്നും കേരളം അതിവേഗം മാറുകയാണ്. പ്രളയവും പ്രകൃതി ദുരന്തങ്ങളും കേരളത്തിലും സാധാരണമായിരിക്കുന്നു. ഇത്തരം പ്രകൃതിദുരന്തങ്ങളിൽ വീടും മറ്റ് സ്വത്തുക്കളും നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ച് വരികയും ചെയ്യുന്നു. പ്രളയത്തിൽ വീടുകളും വാഹനങ്ങളും നഷ്ടപ്പെട്ട് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇൻഷൂറൻസാണ്.വാഹനങ്ങൾക്ക് പൊതുവെ എല്ലാവരും ഇൻഷൂറൻസ് എടുക്കാറുണ്ട്.
എന്നാൽ, വീടുകൾക്ക് ഇൻഷൂറൻസ് പോളിസിയെടുക്കുന്നവരുടെ എണ്ണം െപാതുവേ കുറവായിരിക്കും. വീടിനായി വായ്പയെടുത്ത ആളുകൾ ബാങ്കിന്‍റെ നിർദേശപ്രകാരം ഇൻഷൂറൻസ് എടുക്കുന്ന പ്രവണതയുണ്ടെങ്കിലും മറ്റുള്ളവർ ഇത് ചെയ്യാറില്ല.
ഈ വീടുകൾക്ക് കിട്ടില്ല
വീടോ മറ്റ് കെട്ടിടങ്ങളുടെയോ ഉടമസ്ഥനോ അതിൽ താമസിക്കുന്ന, ഉപയോഗിക്കുന്നയാൾക്കോ ഇൻഷൂറൻസ് പോളിസി എടുക്കാം. എന്നാൽ, ഓല, പുല്ല്, മുള തുടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വീടുകൾക്ക് പല കമ്പനികളും ഇൻഷൂറൻസ് നൽകില്ല. തീ, ഇടിമിന്നൽ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മോഷണം, വാട്ടർ ടാങ്ക് അല്ലെങ്കിൽ പൈപ്പിൽ നിന്നുമുണ്ടാവുന്ന ചോർച്ച മൂലമുണ്ടാവുന്ന നഷ്ടം എന്നിവക്കെല്ലാം ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.
രണ്ട് തരത്തിലാണ് ഇൻഷൂറൻസ് തുക കണക്കാക്കുന്നത്
വീടിന്‍റെ ഒരു സ്ക്വയർഫീറ്റ് നിർമ്മാണത്തിന് ഉപയോഗിച്ച തുക, വീടിന്‍റെ വിസ്തീർണ്ണം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെല്ലാം പരിഗണിച്ചാണ് ഇൻഷൂറൻസ് തുക തീരുമാനിക്കുക. ഐ.ആർ.ഡി.എ.ഐയുടെ നിർദേശപ്രകാരം രണ്ട് തരത്തിലാണ് പ്രധാനമായും ഇൻഷൂറൻസ് തുക കണക്കാക്കുന്നത്.
വീടിന്‍റെ മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിലാണ് ഇൻഷൂറൻസ് തുക കണക്കാക്കുന്നതാണ് ഒന്നാമത്തെ രീതി. ഇതിനായി വീട് നിർമ്മിക്കുന്നതിനായി ഇപ്പോൾ വരുന്ന ചെലവിൽ നിന്നും കാലപഴക്കത്തെ തുടർന്നുള്ള തേയ്മാനും കുറച്ച് വില നിശ്ചയിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ വീടിന്‍റെ മാർക്കറ്റ് വാല്യു തീരുമാനിക്കും. ഈ മാർക്കറ്റ് വാല്യുവിന്‍റെ അടിസ്ഥാനത്തിലാവും ഇൻഷൂറൻസ് തുക. രണ്ടാമത്തേത് സമാനമായൊരു വീട് അല്ലെങ്കിൽ കെട്ടിടം പൂർണമായും നിർമ്മിക്കുകയാണെങ്കിൽ അതിന് വരുന്ന ചെലവിനെ അടിസ്ഥാനമാക്കിയുള്ളത്.
ക്ലെയിം ചെയ്യേണ്ട രീതി ഇതാണ്
വീടിന് അല്ലെങ്കിൽ കെട്ടിടത്തിന് കേടുപാട് സംഭവിച്ചാൽ ആദ്യമായി പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയാണ് വേണ്ടത്. ഇവർ നൽകുന്ന റിപ്പോർട്ടുമായി ഇൻഷൂറൻസ് ക്ലെയിം ചെയ്യാൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിച്ചാൽ ഇൻഷൂറൻസ് കമ്പനി നഷ്ടം വിലയിരുത്തും. തുടർന്ന് ഇൻഷൂറൻസ് തുക നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.