അകംവീട് ലളിതം, മനോഹരം
text_fieldsഒരുപാട് ഇടങ്ങള്‍ ചേര്‍ത്തുവെച്ചതാണ് ഒരു വീട്. ഓരോ ഇടവും മനസ്സോടു വിളക്കിച്ചേര്‍ത്താല്‍ അതെത്ര ചെറുവീടായാലും സുഖമുള്ള മുഹൂര്‍ത്തങ്ങള്‍ നമുക്കു തരും. മുഴച്ചുനില്‍ക്കുന്ന കുറെ അകത്തളങ്ങളുടെ കൂട്ടമായി വീട് മാറാതിരിക്കാന്‍ അകമൊരുക്കുമ്പോള്‍ ശ്രദ്ധിക്കണം.
അകംവീട് ഒരുക്കുന്നതിന്‍െറ പ്രാധാന്യം നാം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഇന്‍റീരിയര്‍ എന്നാല്‍ വീടിനകം മോടികൂട്ടാന്‍ വന്‍തുക ചെലവുവരുന്ന ഒരേര്‍പ്പാട് എന്ന് ചിന്തിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. രണ്ടോ മൂന്നോ മുറികളും സിറ്റൗട്ടും അടുക്കളയും ചേര്‍ന്നൊരു വീട് എന്നതാണ് അവരുടെ ചിന്ത. പക്ഷേ, ഫലത്തില്‍, ആസൂത്രിതമായ ഇന്‍റീരിയര്‍ ചെയ്ത വീടും അല്ലാത്തതും തമ്മില്‍ ചെലവില്‍ വലിയ വ്യത്യാസമൊന്നും കാണാനുമാകില്ല. എങ്കിലും ഇന്‍റീരിയര്‍ അടക്കം മുന്നില്‍കണ്ട് വീട് നിര്‍മിക്കുന്നവര്‍ ഏറിവരുകയാണ്.
അകം ഒരുക്കലിനെക്കുറിച്ച് നിരവധി തെറ്റായ ധാരണകളാണ് പലര്‍ക്കുമുള്ളത്. ഇന്‍റീരിയര്‍ ചെയ്യുന്നതിനും അത് വര്‍ഷാവര്‍ഷം പരിപാലിക്കുന്നതിനും ലക്ഷങ്ങളുടെ ചെലവുണ്ടാകുമെന്ന് ഇവര്‍ കരുതുന്നു. ആര്‍ക്കിടെക്ടുകളെ സമീപിച്ചതുകൊണ്ട് ധനനഷ്ടം മാത്രമേ ഉള്ളൂവെന്നുമുള്ള തെറ്റിദ്ധാരണയുണ്ട്. ആര്‍ക്കിടെക്ടുകളെ സമീപിക്കാതെ മേസ്തിരിമാരെ ഉപയോഗിച്ച് പലരും വീട് നിര്‍മിക്കാന്‍ കാരണമിതാണ്.
ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ചെലവാക്കി ഭൂരിഭാഗം പേരും നിര്‍മിക്കുന്ന വീടുകള്‍ ഏച്ചുകൂട്ടിയ രീതിയിലാകുന്നത് മുന്‍ധാരണകള്‍ മൂലമാണ്. ലളിതമാണ് മനോഹരം എന്ന ആശയത്തില്‍ നിന്നുകൊണ്ടാവണം അകംവീടിനെപ്പറ്റി ചിന്തിക്കേണ്ടത്. ഒരുപാട് ആഡംബരങ്ങളാണ് ഇന്‍റീരിയര്‍ എന്ന സങ്കല്‍പം ആദ്യം മനസ്സില്‍ നിന്ന് എടുത്തുകളയണം. 1000-1500 ചതുരശ്ര അടിയുള്ള വീടുകളുടെ ഇന്‍റീരിയര്‍ നന്നായി ചെയ്യുന്നതിന് അഞ്ചുലക്ഷം രൂപയാകും. ഫര്‍ണിച്ചറും ലൈറ്റും അടുക്കള സാമഗ്രികളുമടക്കമാണ് ഈ തുക.
നിര്‍മാണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍തന്നെ അകംവീടും ചിന്തയില്‍ വരണം. പ്ളാന്‍ വരക്കുമ്പോള്‍ അകത്തളങ്ങള്‍ ആലോചനയിലുണ്ടാകണം.
ജീവിതശൈലി, ബജറ്റ്, കാലാവസ്ഥ തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് അകംവീട് ഒരുക്കേണ്ടത്.
വീട്ടുകാരന്‍െറയും കുടുംബത്തിന്‍െറയും ജീവിത ശൈലിയെ (ലൈഫ് സ്റ്റൈല്‍) അടിസ്ഥാനമാക്കിയായിരിക്കണം പ്രധാനമായും അകംവീട് ആസൂത്രണം ചെയ്യേണ്ടത്. മുറികളും അടുക്കളയും ഡൈനിങ് ഹാളുമെല്ലാം വീട്ടുകാരുടെ ജീവിതരീതിക്ക് അനുസൃതമാവണം. നിരവധി സുഹൃത്തുക്കളും ബന്ധുക്കളുമായി ആഘോഷമായി ജീവിക്കുന്നവര്‍ക്ക് അതിന് ചേരുന്നവിധമാകണം അകത്തളം. ലിവിങ്, ഡൈനിങ് ഏരിയകള്‍ വിശാലമാകുകയും നിരവധി പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയും വേണം. ചെറിയ പാര്‍ട്ടികള്‍ക്ക് സൗകര്യവും വേണം. സ്വകാര്യതക്ക് പ്രാമുഖ്യം നല്‍കുന്നവരുടെ വീടുകള്‍ ആ രീതിയിലുള്ളതായിരിക്കണം. പൊതുപ്രവര്‍ത്തകര്‍, വീട്ടില്‍ സ്ഥിരമായി സന്ദര്‍ശകര്‍ ഉള്ളവര്‍ എന്നിവര്‍ക്ക് സന്ദര്‍ശകരെയും വീട്ടുകാരെയും ഒരുപോലെ പരിഗണിക്കുന്ന അകം വേണം. എന്നാല്‍, ഇത്തരം തിരക്കുകളോ അതിഥികളോ ഇല്ലാത്ത വീട്ടുകാര്‍, വലിച്ചു നീട്ടിയ വരാന്തകളും പത്തമ്പതു പേര്‍ക്ക് ഇരിക്കാവുന്ന ലിവിങ്-ഡൈനിങ് ഏരിയകളും ഒരുക്കുന്നത് പാഴ്ച്ചെലവിനൊപ്പം അരോചകം കൂടിയാവും.
നിര്‍മാണം തുടങ്ങുമ്പോള്‍തന്നെ കൃത്യമായ ബജറ്റ് തയാറാക്കണം. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനക്കുള്ള സാധ്യത കൂടി കണക്കിലെടുത്തുള്ള ബജറ്റില്‍, ഇന്‍റീരിയറിന് പ്രത്യേക തുക മാറ്റിവെക്കണം. സ്ട്രെക്ചര്‍ പൂര്‍ത്തിയാകും മുമ്പുതന്നെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതാണ് പലപ്പോഴും അകം ഒരുക്കാന്‍ തടസ്സമാകുന്നത്. ഇത് ഒഴിവാക്കുന്നതിന് ഇന്‍റീരിയറിന് പ്രത്യേക ബജറ്റ് തന്നെ വേണം. എന്തൊക്കെ സൗകര്യങ്ങള്‍ വേണം എന്നതിനൊപ്പം ആവശ്യമില്ലാത്തതിനെ കുറിച്ചുള്ള ബോധ്യവും വേണം. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കാണ് കൂടുതല്‍ പണം ചെലവാക്കേണ്ടത്, ഫ്ളോറിങ് എന്ത് വേണം, ഭിത്തിയില്‍ വാള്‍പേപ്പറുകള്‍ വേണമോ, വീടിനുള്ളിലൊരു ഫിഷ് ടാങ്ക് വേണോ എന്നൊക്കെ ചെറിയ കാര്യങ്ങള്‍ വരെ മുന്‍കൂട്ടി തീരുമാനിക്കണം. അടുക്കളയിലെയും ലിവിങ് ഏരിയയിലെയും സൗകര്യങ്ങളും ആദ്യംതന്നെ തീരുമാനിച്ചുറപ്പിക്കണം.
കാലാവസ്ഥ കൂടി പരിഗണിച്ചാവണം അകമൊരുക്കം. നല്ല ചൂടുള്ള മേഖലയില്‍ കെട്ടിപ്പൂട്ടിയും തണുപ്പ് പ്രദേശങ്ങളില്‍ തുറന്നുള്ള നിര്‍മിതിയും വിപരീത ഫലം ചെയ്യും. പരിസ്ഥിതി കണക്കിലെടുക്കാതെ സ്ട്രെക്ചറും ഇന്‍റീരിയറും ചെയ്താല്‍ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഒഴിഞ്ഞ നേരമുണ്ടാകില്ല. നിരന്തരം മഴ പെയ്യുന്ന സ്ഥലങ്ങളില്‍ മരം കൂടുതല്‍ ഉപയോഗിച്ച് നിര്‍മാണം നടത്തിയാല്‍ പ്രശ്നം തന്നെയായിരിക്കും.
ചെലവു ചുരുക്കിയൊരുക്കാം
അകമൊരുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം, കാഴ്ചയില്‍ ഒരുപോലെ ഇരിക്കുന്ന ഏന്തെങ്കിലും ഒന്ന് എല്ലാ ഭാഗങ്ങളിലും നിലനിര്‍ത്തണം എന്നതാണ്. ഒരേ കോമ്പിനേഷനിലുള്ള പെയിന്‍േറാ ഒരേ പാറ്റേണിലുള്ള ഫര്‍ണിച്ചറോ മറ്റെന്തെങ്കിലും തീമോ ആണ് ഇതിന് ഉപയോഗിക്കേണ്ടത്. ഇങ്ങനെ കണ്ടിന്യൂവിറ്റി വരുത്തല്‍ ചെലവില്ലാത്ത ഒരു അലങ്കാരമാണ്. ബെഡ്റൂമുകളില്‍ ഭിത്തിയുടെ ഒരു ഭാഗം മാത്രം ഹൈലൈറ്റ് ചെയ്യാം. ഇതിന് വാള്‍ പേപ്പറുകള്‍ ഉപയോഗിക്കാം. ബാത്ത്റൂമുകളില്‍ വലിയ കണ്ണാടിവെച്ചാല്‍ കൂടുതല്‍ സൗകര്യം തോന്നിക്കും. എല്‍.ഇ.ഡി ലൈറ്റുകളുടെ വില കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ലിവിങ് റൂമുകളില്‍ വെളിച്ചത്തിനായി ഇവ ഉപയോഗിക്കാം. ഇങ്ങനെ ചുരുങ്ങിയ ചെലവില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിരവധി കുറുക്കുവഴികളുണ്ട്.
അതേസമയം വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങി ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിയുന്ന അവസ്ഥ നിരവധിപേരെ കുടുക്കിയിട്ടുണ്ട്. അകം നിര്‍മാണത്തില്‍ ചില സാധനങ്ങളില്‍ ഒരു തരത്തിലും വീട്ടുവീഴ്ച പാടില്ല. അതേസമയം, ചെലവ് കുറക്കാവുന്ന നിരവധി ഉല്‍പന്നങ്ങള്‍ ഉണ്ടുതാനും. ചുവരിനുള്ളില്‍ ചെയ്യുന്ന പ്രവൃത്തികളിലും ഫ്ളോറിങ്ങിലുമാണ് പ്രധാനമായും കോംപ്രമൈസ് പാടില്ലാത്തത്. വയറിങ്ങിനും പ്ളംബിങ്ങിനും ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളെല്ലാം ഗുണമേന്മയുള്ളതായിരിക്കണം.
അതേസമയം, ഫര്‍ണിച്ചറിന്‍െറ കാര്യത്തില്‍ ചെലവ് ചുരുക്കല്‍ നടത്താം. ചൈനീസ് ഫര്‍ണിച്ചര്‍ ഉപയോഗിക്കുകയാണെങ്കില്‍ നാട്ടിലുള്ള വിലയുടെ പകുതി മതിയാകും. ആര്‍കിടെക്ടുമായി ആലോചിച്ച് ഗുണമേന്മയുള്ള ഫര്‍ണിച്ചര്‍ ഇറക്കുമതി ചെയ്യുകയോ ഇവിടെ നിന്നുതന്നെ വാങ്ങുകയോ ചെയ്യാം. ഡിന്നര്‍ സെറ്റുകള്‍, സോഫാ സെറ്റികള്‍, കസേരകള്‍, കട്ടിലുകള്‍, വാതില്‍-ജനാല വിരികള്‍, കിച്ചണ്‍ ആക്സസറീസ് എന്നിവയെല്ലാം മുന്തിയ ക്വാളിറ്റിതന്നെ വാങ്ങണമെന്നില്ല. കേടുവന്നാലും ഇവ മാത്രമായി മാറ്റിയെടുക്കാനാകും. ബജറ്റ് കുറവാണെങ്കില്‍ ഫ്ളോറിങ്ങിലും ചെലവുചുരുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.