Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightകിടപ്പറ ‘രഹസ്യ’ങ്ങള്‍

കിടപ്പറ ‘രഹസ്യ’ങ്ങള്‍

text_fields
bookmark_border
കിടപ്പറ ‘രഹസ്യ’ങ്ങള്‍
cancel

സാമ്പത്തികവും സ്ഥലവും പ്രശ്നമല്ളെങ്കില്‍ ബെഡ്റൂം ഇന്‍റീരിയര്‍ മനോഹരമാക്കാന്‍ എണ്ണമറ്റ ആശയങ്ങളും വസ്തുക്കളും ഇന്നുണ്ട്. ഫൗണ്ടേഷന്‍ കെട്ടുന്നത് മുതല്‍ ശ്രദ്ധിക്കണമെന്ന് മാത്രം. വീടുപണി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഇന്‍റീരിയറിനെ സംബന്ധിച്ച് ആലോചിക്കുമ്പോള്‍ പണിത വീടിന്‍െറ പരിമിതികളില്‍നിന്ന് ഒരുക്കേണ്ടിവരും. ബെഡ്റൂമിലെ ഡ്രസിങ് ഏരിയ, ലിവിങ് സ്പേസ് എന്നിവക്ക് ചിലപ്പോള്‍ സ്ഥലം ലഭിച്ചില്ളെന്ന് വരാം. പിന്നെ, വീടുപണിത കാലത്തേക്കാള്‍ ട്രെന്‍ഡിയായ ഇന്‍റീരിയര്‍ കൊടുക്കാന്‍ കഴിയുമെന്ന് മാത്രം.
ബെഡ്റൂം ഇന്‍റീരിയറില്‍ സ്ഥലം, സാമ്പത്തികം, സൗന്ദര്യം എന്നീ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം. സ്ഥലവും സാമ്പത്തികവും പ്രശ്നമല്ലാത്തവര്‍ക്ക് ഏതറ്റംവരെ പോകാനും ഇന്ന് കേരളത്തിലെ വിപണി വളര്‍ന്നുകഴിഞ്ഞു. ഒരു കോടി രൂപയുടെ ഫ്ളാറ്റ് വാങ്ങി അതില്‍ 30 ലക്ഷത്തിന്‍െറ ഇന്‍റീരിയര്‍ ചെയ്തവര്‍ കൊച്ചയിലുണ്ട്. എന്നാല്‍, ഒരു ശരാശരി വീട് പണിയുന്നവന്‍ ഇന്‍റീരിയര്‍ ഒരുക്കുമ്പോഴാണ് വെല്ലുവിളി. അവിടെ മുറിയുടെ സ്ഥല പരിമിതിയും സാമ്പത്തികവും വിലയിരുത്തി അതില്‍ ഒതുങ്ങി അകം ഭംഗിയാക്കണം.
ആഭിജാത്യം തുളുമ്പുന്ന അകം ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. അധികം സാമഗ്രികള്‍ ബെഡ്റൂമില്‍ കയറ്റാതെ ഭംഗിയായി സ്ഥലമൊരുക്കലാണിത്. ഇത്തരക്കാരെ തൃപ്തിപ്പെടുത്താന്‍ ഡിസൈനര്‍ക്ക് എളുപ്പം കഴിയും. മിനിമലിസ്റ്റിക് ലുക്ക് (കുറഞ്ഞ സാമഗ്രികള്‍ കൊണ്ടുള്ള, സങ്കീര്‍ണമല്ലാത്ത) ഇന്‍റീരിയറിന് വേണം എന്നതാണ് പൊതുവെ ഇന്നത്തെ ട്രെന്‍ഡ്.
സാധനസാമഗ്രികള്‍ മുറിയാകെ നിറഞ്ഞുനില്‍ക്കാന്‍പോലും വയ്യാത്ത അവസ്ഥ ചിലയിടത്ത് കാണാം. തടിപ്പണികള്‍ ആവശ്യത്തിലേറെ. ഫര്‍ണിച്ചറും റൂഫും ചുവരുകളിലെ പാനലുകളുമൊക്കെയായി മരം നിറഞ്ഞുനില്‍ക്കും. വളരെ വിസ്തൃതമായ കര്‍ട്ടനുകളും നല്‍കും. മരത്തിന്‍െറ അളവ് കൂടിയിട്ട് മറ്റൊന്നും കാണാനാകാത്ത അവസ്ഥ. ഇതിലിപ്പോള്‍ മാറ്റം കണ്ടുവരുന്നുണ്ട്. അത്യാവശ്യം സാമഗ്രികളുമായി കയറിക്കൂടി മടിശ്ശീല അനുകൂലമാകുമ്പോള്‍ ബാക്കിചെയ്യാം എന്ന പ്രതീക്ഷയോടെ ബെഡ്റൂം ഒരുക്കല്‍ ബാക്കിവെക്കുന്നവരും ഏറെയാണ്.

സ്വപ്നംപോലെ മാസ്റ്റര്‍ ബെഡ്റൂം
ഒരു ഫോയര്‍ സ്പേസ്, ചെറിയ ലിവിങ് സ്പേസ്, ടോയ്ലറ്റ്, ഡ്രസ്സിങ് സ്പേസ് ഇത്രയൊക്കെയാണ് ഗംഭീരന്‍ മാസ്റ്റര്‍ ബെഡ്റൂമിന്‍െറ ചേരുവകള്‍. ബാല്‍ക്കണി ഒഴിച്ചുകൂടാനാകാത്ത ഭാഗമായി കാണുന്നുണ്ട് ഇന്നു പലരും. ആഡംബര വീടല്ളെങ്കില്‍ ഫോയറും ലിവിങും ബാല്‍ക്കണിയും ഒഴിവാക്കാം. എന്തെങ്കിലും വായിക്കാനോ ടി.വി കാണാനോ ഉള്ള ഇടമാണ് ബെഡ്റൂമിലെ ലിവിങ് സ്പേസ്കൊണ്ട് ഉദ്ദേശിക്കുന്നത്.
കട്ടിലില്ലാതെന്ത് ബെഡ്റൂം എന്നതുപോലെ കിങ് സൈസ് കട്ടിലില്ലാതെ മാസ്റ്റര്‍ ബെഡ്റൂം സങ്കല്‍പിക്കാനേ വയ്യ. 180X195 സൈസിലാകണം കട്ടില്‍. ആറടി ആറേകാലടി എന്ന് നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ഉണ്ടാക്കിത്തരും. കാലുകള്‍ കാണാത്ത ഫ്ളോട്ടിങ് കോട്ടാണ് ഒരു സ്റ്റൈല്‍. മറ്റൊന്ന് ബെഡ് ഇട്ടാലും കുറഞ്ഞത് ഒരടി വീതം അരികുകളില്‍ സ്ഥലം ലഭിക്കുന്നവയും. അടിഭാഗത്ത് സ്റ്റോറേജ് സൗകര്യത്തോടെയുള്ളതും ലഭിക്കും. തലയണകളും ബെഡ്സ്പ്രെഡും ഒക്കെ ഇതില്‍ സൂക്ഷിക്കാം. ഫ്ളാറ്റുകളും അപാര്‍ട്ട്മെന്‍റുകളുംപോലെ സ്ഥലം പരിമിതമായിടത്ത് ഇത്തരം കട്ടിലുകള്‍ ഗുണം ചെയ്യും. ഇത്തരത്തില്‍ വലിയ കട്ടിലിന് വില 50,000 രൂപ വരെയാണ് വില. 15,000 രൂപ മുതല്‍ ലഭ്യമാണ്.
കട്ടിലിന്‍െറ തലഭാഗത്തായി ഭിത്തിയോട് ചേര്‍ത്ത് നിര്‍മിക്കുന്ന ഹെഡ്വാളാണ് ഒരു പ്രധാന ഹൈലൈറ്റ്. വാളിന് ആറടി വരെ ഉയരമാകാം. ഹെഡ്വാള്‍ കട്ടിലിലോ ചുവരിലോ ഘടിപ്പിക്കാം. മരംകൊണ്ടും ഫൈബര്‍കൊണ്ടും ഇത് നിര്‍മിക്കാം. ചുവരില്‍ ഘടിപ്പിച്ചാല്‍ ഹെഡ്വാളിന് പിന്നില്‍ സ്റ്റോറേജ് ഒരുക്കാം.


ഡ്രസിങ് ഏരിയ, വാര്‍ഡ്രോബ്
ടോയ്ലറ്റിലേക്ക് നടക്കുന്നിടത്താണ് സാധാരണ ഡ്രസിങ് ഏരിയ കൊടുക്കുക. ഇന്നത്തെ ശൈലിയില്‍ ‘വാക്കിങ് വാര്‍ഡ്രോബ്’ എന്ന് വസ്ത്രം മാറാനുള്ള ഇടത്തെ വിശേഷിപ്പിക്കും. ഡ്രസിങ് ഏരിയയിലേക്ക് ഒരു വാതില്‍. അതിലൂടെ ടോയ്ലറ്റിലേക്കും കടക്കാം. ടോയ്ലറ്റിന്‍െറ വെറ്റ് ഏരിയയില്‍നിന്ന് അകലംപാലിച്ചാണ് ഡ്രസ് ഏരിയ വേണ്ടത്. അവിടെ ഫുള്‍സൈസ് മിറര്‍, വാര്‍ഡ്രോബ്സ്, ലൈറ്റ് എന്നിവയാണ് പ്രധാനം. വെളിച്ചം നന്നായി ചെയ്യണം. കാരണം, ടോയ്ലറ്റിനും ബെഡ്റൂമിനുമാണ് വെന്‍റിലേഷന്‍ നല്‍കിയിട്ടുണ്ടാകുക. ഇതിനിടയിലാണ് ഡ്രസിങ് ഏരിയ. അവിടെ കൂടുതല്‍ ലൈറ്റിട്ടില്ളെങ്കില്‍ വെളിച്ചം ലഭിക്കാതെ വരും. ഡ്രസിങ് ഏരിയയില്‍ ‘L’ ഷേപ്പിലോ ‘U’ ഷേപ്പിലോ മതിലുണ്ടെങ്കില്‍ വാര്‍ഡ്രോബ് ഭംഗിയായി ഘടിപ്പിക്കാം. മതിയായ സ്റ്റോറേജ് സ്ഥലം ഇതില്‍ വേണം.
ചെലവ് കുറഞ്ഞരീതിയില്‍ വാര്‍ഡ്രോബ് ഫെറോസിമന്‍റ് സ്ളാബുകളിലാണ് ചെയ്യുക. അല്ളെങ്കില്‍ അകം ഭാഗങ്ങളെല്ലാം ഉന്നത നിലവാരമുള്ള മറൈന്‍പൈ്ളവുഡില്‍ ചെയ്യാം. പുറത്ത് കാണുന്ന വാതിലും മറ്റും മരത്തില്‍ നിര്‍മിക്കാം.

സീലിങ്ങിലെ അലങ്കാരങ്ങള്‍
കിടപ്പുമുറിയുടെ റൂഫില്‍ ‘ഫാള്‍സ് സീലിങ്’ വഴി ഭംഗികൂട്ടാന്‍ ഇന്ന് സാധിക്കും. ഇന്‍ഡയറക്ട് ലൈറ്റുകള്‍ നല്‍കാനും മുറിയുടെ വ്യത്യസ്തതക്കുമാണ് ‘ഫാള്‍സ് സീലിങ്’. വീടുപണിയുമ്പോള്‍തന്നെ ഒരടി കൂടുതല്‍ ഉയരത്തില്‍ സീലിങ് ഒരുക്കിയാലെ ഇതു ചെയ്യാന്‍ കഴിയൂ.ജിപ്സം ബോര്‍ഡ്, മെറ്റല്‍ പാനല്‍, പ്ളാസ്റ്റര്‍ ഓഫ് പാരിസ്, പൈ്ളവുഡ് ഇവയില്‍ ഏതിലെങ്കിലും ചെയ്യാം. ചെലവ് കുറഞ്ഞ പണിയാണ് ജിപ്സം ബോര്‍ഡിന്‍േറത്. പൈ്ളവുഡ് കാഴ്ചയില്‍ ഭംഗി കൂടുതല്‍ നല്‍കും. ചെലവേറുന്നതിനൊപ്പം പരിപാലനവും ശ്രമകരമാണ്.

ചുവരുകള്‍
മിക്കവാറും മാസ്റ്റര്‍ ബെഡ്റൂമില്‍ കളര്‍ഫുളായി കിടക്കുന്നത് ബെഡ്ഷീറ്റോ കര്‍ട്ടനോ ആയിരിക്കും. ചുവരിന് കോംപ്ളിമെന്‍റ് ചെയ്യുന്ന വര്‍ണമായിരിക്കും ഇവക്ക്. എന്നാല്‍, ഇത്തരം ലാളിത്യത്തിലുമധികം ആഗ്രഹിക്കുന്നവര്‍ക്ക് മാസ്റ്റര്‍ ബെഡിന്‍െറ ചുവരില്‍ പരീക്ഷണങ്ങള്‍ നടത്താം. വാള്‍പേപ്പര്‍ ഉപയോഗിക്കുന്നത് അല്‍പം പഴകിയെങ്കിലും ഇന്നും തുടരുന്നുണ്ട്. മറ്റൊരു ശൈലി റൂമിന്‍െറ ഏതെങ്കിലും ഭാഗത്തെ ചുവര് തീം വാളാക്കി മാറ്റുകയാണ്. കട്ടിലിടുന്നതിന് പിന്നിലാണ് ഏറെയും ഇങ്ങനെ ചെയ്യുക.
കിടക്കക്ക് എതിര്‍വശത്തുള്ള ചുവര്‍ ആകര്‍ഷകമാക്കുന്ന രീതിയുമുണ്ട്. തീംവാളിന്‍െറ നിറത്തിന്‍െറ ഇളം നിറം മറ്റുചുവരുകളില്‍ ഉപയോഗിക്കാം. കട്ടിലിന് എതിരുള്ള ചുവരില്‍ പ്രത്യേക പാനല്‍ ഒരുക്കി ടി.വി വെക്കുന്ന ട്രെന്‍ഡുമുണ്ട്.
തീം വാള്‍ മുറിക്ക് കുറുകയോ സമാന്തരമായോ ആകാം. ക്ളീന്‍ ഫിനിഷിന് പകരം പരുക്കന്‍ പ്രതലമായി തോന്നിക്കുന്ന പെയിന്‍റിങ് രീതിയുണ്ട്. വിവിധ കമ്പനികളുടെ പ്രത്യേക ടെക്സ്ച്വറുകള്‍ ഇതിനായി ലഭിക്കും.
മറ്റൊന്ന് കണ്ടുവരുന്നത് സ്റ്റോണ്‍ ക്ളാഡിങ്ങുകളാണ്. തീംവാളിലേക്ക് സ്വാഭാവിക കല്ലുകള്‍ മുറിച്ചെടുത്ത് പാറ്റേണാക്കി പതിപ്പിക്കുകയാണ് ചെയ്യുന്നത്. ചെലവ് കുറക്കുന്നതിന് തീംവാളിന്‍െറ ഏരിയ കുറച്ച് സ്റ്റോണ്‍ പതിപ്പിക്കാം.

നിലമൊരുക്കാനും വഴിയേറെ
ബെഡ്റൂമിന്‍െറ അരികുകള്‍ അല്‍പം ഉയര്‍ത്തി പണിത് അതില്‍ ഇന്‍ഡയറക്ട് ലൈറ്റ് നല്‍കുന്നത് പുതിയ രീതിയാണ്. മരം കൊണ്ടാണ് ഫ്ളോറെങ്കില്‍ അത് മികച്ചതാക്കാന്‍ ഒത്തിരി വഴികളുണ്ട്. ലാമിനേറ്റ് ചെയ്യുന്നതിലൂടെ എന്നും പുത്തനായി നിര്‍ത്താം. ഇറ്റാലിയന്‍ മാര്‍ബിള്‍, വിട്രിഫൈഡ് ടൈലുകള്‍ എല്ലാം ഫ്ളോറിങ്ങിന് കണ്ടത്തൊം. ഡിസൈനിന്‍െറ തീം, ഉപഭോക്താവിന് താങ്ങാന്‍ കഴിയുന്ന ചെലവ് ഇവ രണ്ടും സംയോജിപ്പിച്ചാണ് സാധനങ്ങള്‍ കണ്ടത്തെുക.

വെളിച്ചമേകാന്‍
ബെഡ്റൂമിന് വെളിച്ചം പകരുന്നത് ഏറെ കലാബോധത്തോടെയാകണം. ചുവരില്‍നിന്ന് തള്ളിനില്‍ക്കുന്ന ലൈറ്റുകള്‍ ബെഡ്റൂമില്‍നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. ഇന്‍ഡയറക്ട് ലൈറ്റിങ്ങാണ് കൂടുതലും. ഫാള്‍സ് സീലിങ്ങില്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകും. ചുവരില്‍ പ്രതിഫലിച്ച് മുറിയിലാകെ പരക്കുന്ന സോഫ്ട്ലൈറ്റുകള്‍ ട്രെന്‍ഡാണ്. മറ്റൊന്ന് റൂഫില്‍നിന്ന് തൂക്കിയിടുന്ന തരത്തില്‍ ആകര്‍ഷകമായ ലൈറ്റുകള്‍ സജ്ജീകരിക്കുകയാണ്.

ചെലവ് കണക്കാക്കാന്‍
50 ലക്ഷത്തിന്‍െറ വീടുവെക്കുന്നയാളെ സംബന്ധിച്ച് മൂന്ന്-നാല് ലക്ഷം ചെലവിട്ടാല്‍ ഒരു ബെഡ്റൂം മനോഹരമാക്കാം. രണ്ടര ലക്ഷം വേണം ശരാശരി ബെഡ്റൂം ഒരുക്കാന്‍.
75,000 രൂപക്ക് കുറഞ്ഞചെലവില്‍ ഒരു ബെഡ്റൂം ഇന്‍റീയര്‍ ചെയ്യാം. ബെഡ്റൂമിന്‍െറ വാര്‍ഡ്രോബ് 45 സ്ക്വയര്‍ഫീറ്റ് കുറഞ്ഞത് വേണം. 30,000-35000 വാര്‍ഡ്രോബിന് ചെലവാകും. 15,000 രൂപ വേണം നല്ളൊരു ബെഡിന്. 10,000 രൂപ കട്ടിലിന്. (കണക്കുകള്‍ ഏകദേശം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story