Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightചുരുങ്ങിയ...

ചുരുങ്ങിയ ചെലവില്‍..........

text_fields
bookmark_border
ചുരുങ്ങിയ ചെലവില്‍..........
cancel

വീടു നിര്‍മാണ ചെലവിന്‍െറ മുഖ്യഭാഗവും അകംവീട് ഒരുക്കാനാണ്. ഫ്ളോറിങ്, പെയ്ന്‍റിങ്, സീലിങ്, ഫര്‍ണിഷിങ്, മറ്റ് ഫിനിഷിങ് പ്രവൃത്തികള്‍ എന്നിവയിലാണ് ഈ ചെലവുകളത്രയും. ഇതത്രയും ചെലവുകുറഞ്ഞ മാര്‍ഗത്തിലും നടപ്പാക്കാം. പക്ഷേ, ധൈര്യക്കുറവും വിദഗ്ധ തൊഴിലാളികളുടെ അഭാവവും പലരെയും പിന്നോട്ടു വലിക്കുന്നു. എന്നാലിപ്പോള്‍, ഇത്തരം നിര്‍മാണശൈലിയില്‍ കെട്ടിടങ്ങള്‍ ചെയ്തുകൊടുക്കുന്ന വിദഗ്ധര്‍ പല സ്ഥലങ്ങളിലും ഉണ്ട്.
നാട്ടുനടപ്പനുസരിച്ചുള്ള സാമഗ്രികളേ കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കൂ എന്ന നിര്‍ബന്ധബുദ്ധി ‘ലോ കോസ്റ്റ്’ നിര്‍മാണത്തിന് പറ്റില്ല. അകംവീട് നിര്‍മിച്ചെടുക്കാന്‍ ചെലവുകുറഞ്ഞ വഴികളേറെയാണ്.

സിറ്റൗട്ട് പണിയാന്‍
പൂമുഖത്തെ പണിത്തരങ്ങള്‍ മരത്തില്‍ തീര്‍ക്കുന്നതിന്‍െറ ചെലവ് ഭീമമാണ്. മരപ്പണിക്കായി മാറ്റിവെച്ച പണത്തിന്‍െറ മുഖ്യപങ്കും സിറ്റൗട്ട് കൊണ്ടുപോയാല്‍ പെട്ടതുതന്നെ. അതിനാല്‍, ചെലവു ചുരുക്കാന്‍ മരത്തിനുപകരം സിമന്‍േറാ മറ്റ് മെറ്റീരിയലോ ഉപയോഗിക്കാം. ചാരുപടി, സോപാനം എന്നിവ ഇങ്ങനെ ചെലവ് ചുരുക്കി നിര്‍മിക്കാം. കോണ്‍ക്രീറ്റ് ചാരുപടിയുടെ ഒരു ചാരിന് 12 രൂപ മുതലാണ് വില. കലാപരമായി പെയ്ന്‍റ് ചെയ്ത് മരത്തിന്‍െറ രൂപമാക്കാവുന്നതേയുള്ളൂ. ചാരുപടിയുടെ താഴെ സ്ഥാപിക്കുന്ന കോണ്‍ക്രീറ്റ് സപ്പോര്‍ട്ടിന് 50 രൂപ വിലവരും. ഒരടി ബോര്‍ഡറിന് പത്തു രൂപയും.
വരാന്തച്ചുമരുകള്‍ മരം, ഗ്രാനൈറ്റ് തുടങ്ങിയവ ഉപയോഗിച്ച് പാനലിങ് നടത്താറുണ്ട്. ഇതിനുപകരം വുഡ്ഫിനിഷിങ്ങിലുള്ള വാള്‍ പാനലിങ് ടൈല്‍ ലഭിക്കും. ചതുരശ്ര അടിക്ക് 32 രൂപ മുതല്‍ വിലവരുന്ന ഇവ തേക്ക്, ഈട്ടി ഡിസൈനുകളില്‍ ലഭ്യമാണ്.

തീന്‍മുറി, സ്വീകരണ മുറി
തീന്‍മുറിയില്‍ ഡൈനിങ് ടേബ്ളാണല്ളോ പ്രധാന താരം. വലിയൊരു ടേബ്ളിന് പണം നന്നായി ചെലവിടണം. അത്തരമൊരു ടേബ്ള്‍ ഇടുന്നതോടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയായിരിക്കും ഒരു സാധാരണ വീടിന്‍െറ ഡൈനിങ് ഏരിയയില്‍. അല്‍പം മനസ്സ് വെച്ചാല്‍ ഇത് രണ്ടും മറികടക്കാം. അടുക്കളക്കും ഡൈനിങ് ഹാളിനും ഇടയിലെ ചുവര് പകുതി മുറിച്ച് അതിനുമേല്‍ ഒരു ഗ്രാനൈറ്റ് ഷീറ്റ് വെറുതെ സ്ഥാപിക്കുക. പകുതി ഭാഗം അടുക്കളയിലും പകുതി ഡൈനിങ് ഹാളിലും വരുന്ന രൂപത്തിലാവണം ഇത്. സ്ഥലം, പണം എന്നിവ നന്നായി ലാഭിക്കാം. അടുക്കളയില്‍ ഒരു ബ്രേക്ഫാസ്റ്റ് ടേബ്ള്‍ ബോണസുമായി. ഭക്ഷണസാധനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുകയുമാവാം. തീന്‍മേശക്കുമേല്‍ ലിന്‍റലിന് മുകളിലായി ഷെല്‍ഫ് നിര്‍മിച്ചാല്‍ ആ സ്ഥലവും ഉപയോഗപ്പെടുത്താം. ചുവരില്‍ ഇരുമ്പ് ക്ളാമ്പുകള്‍ ഫിറ്റ് ചെയ്ത് അതിനു മുകളില്‍ ഗ്ളാസ് ഇട്ടും ചെലവു ചുരുങ്ങിയ ഡൈനിങ് ടേബ്ള്‍ ഒരുക്കാം.
ഡൈനിങ് ഹാളിലെ ക്രോക്കറി ഷെല്‍ഫ് ഗ്ളാസില്‍ നിര്‍മിക്കാം. അലൂമിനിയം താങ്ങായി നിര്‍ത്തി, കട്ടികൂടിയ ഗ്ളാസ്കൊണ്ട് സൈ്ളഡിങ് സ്റ്റൈലില്‍ ഷെല്‍ഫ് നിര്‍മിച്ചാല്‍ ചെലവ് കുറയും. ഭംഗി വര്‍ധിപ്പിക്കാന്‍ ലൈറ്റും നല്‍കാം.
വശങ്ങളില്‍ വില കുറഞ്ഞ ടൈലുകള്‍ ഉപയോഗിക്കാം. അല്ളെങ്കില്‍ കറുപ്പ്, തവിട്ട് നിറമുള്ള ഗ്ളാസ് പതിച്ചാല്‍ ഗ്രാനൈറ്റിന്‍െറ പ്രതീതി ലഭിക്കും.
ലിവിങ്ങില്‍ സോഫ സെറ്റിനു പകരം കല്ലിലോ കോണ്‍ക്രീറ്റിലോ പണിത ബില്‍റ്റ് ഇന്‍ ഫര്‍ണിച്ചര്‍ ആണെങ്കില്‍ ചെലവ് ഗണ്യമായി കുറക്കാം. മുകളില്‍ കുഷ്യന്‍ ഉപയോഗിച്ചാല്‍ മതി.
ബെഡ്റൂം
പാഴായിപ്പോകുന്ന ഇടങ്ങള്‍ കുറച്ചാല്‍ ഇവിടെ നേട്ടമുണ്ടാക്കാം. കട്ടില്‍ ബില്‍റ്റ് ഇന്‍ ആണെങ്കില്‍ രണ്ടുണ്ട് ലാഭം. കുറഞ്ഞ ചെലവില്‍ ഒരു കട്ടില്‍ എന്നതിനു പുറമെ അത്രയും ഭാഗത്ത് നിലമൊരുക്കുകയും വേണ്ട. ഈ കട്ടിലിന്‍െറ അടിഭാഗത്ത് ഷെല്‍ഫും പണിതാല്‍ ബെഡ്റൂമിലെ അലമാര ലാഭിക്കാം. സാധാരണ കട്ടിലുകള്‍ക്ക് അടിയിലും ഇങ്ങനെ ഷെല്‍ഫ് പണിയാം. കട്ടിലിനടിയിലെ ഫ്ളോറിങ് ചെലവും ലാഭിക്കാം. ബെഡിന്‍െറ ഹെഡ് ചുവരില്‍ ഉറപ്പിച്ചാല്‍ വിലകൂടിയ കട്ടിലിന്‍െറ പ്രതീതി ഉണ്ടാവും.
ബാത്റൂം
ബാത്റൂമില്‍ സ്റ്റീലിനുപകരം ഗുണമേന്മ കൂടിയ ഫൈബര്‍ ഫിറ്റിങ്സ് ഉപയോഗിച്ചാല്‍ മതി. ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് ബാത് ടബ് നിര്‍മിക്കാന്‍ കഴിയും. പക്ഷേ, വിദഗ്ധ തൊഴിലാളികള്‍ വേണം. ബാത്റൂം ചുവരില്‍ ടൈല്‍ പതിക്കുന്നതിന് പകരം ജിപ്സം പൂശി കളര്‍ ഡിസൈന്‍ ചെയ്ത് ഗ്ളാസ് ഉറപ്പിച്ചാല്‍ ചെലവ് ഗണ്യമായി കുറക്കാം.
അടുക്കള
അലൂമിനിയം ഫ്രെയിമില്‍ ഹൈലം ഷീറ്റ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഷെല്‍ഫ് നിര്‍മിക്കാം. കിച്ചണില്‍ ‘L’ ആകൃതിയില്‍ പ്ളാറ്റ്ഫോം വാര്‍ക്കുന്നതിനേക്കാള്‍ ലാഭം, വേണ്ട ആകൃതിയില്‍ ഗ്രാനൈറ്റ് ഉപയോഗിക്കുന്നതാണ്. സ്റ്റോര്‍ റൂമില്‍ അലൂമിനിയം തട്ടുകള്‍ ഉപയോഗിച്ചാല്‍ മതിയാവും. വലിയ ചിമ്മിനിക്കുപകരം എട്ട് ഇഞ്ച് എ.സി (ആസ്ബസ്റ്റോസ് സിമന്‍റ്) പൈപ്പ് ഉപയോഗിച്ചാല്‍ മതി. കടുംനിറത്തിലുള്ള ചെറിയ ടൈലാണ് അടുക്കളയില്‍ നല്ലത്. ചെലവ് കുറവാണിതിന്.
നിലമൊരുക്കല്‍
തറയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭാഗങ്ങളില്‍ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ വേണം വിരിക്കാന്‍. സിറ്റൗട്ട്, ഡൈനിങ് ഹാള്‍ തുടങ്ങി നിരന്തരം കയറിയിറങ്ങുന്ന ഇടങ്ങളില്‍ സാധാരണ വിട്രിഫൈഡോ മറ്റോ ഉപയോഗിക്കാം. അല്ലാത്തയിടങ്ങളില്‍ വില കുറഞ്ഞവ മതിയാവും.
ഏറ്റവും ചെലവ് കുറഞ്ഞ രീതി സിമന്‍റിടുന്നതാണ്. അതിന് മേമ്പൊടിയായി പല നിറത്തിലുള്ള ഓക്സൈഡുകള്‍ കൂടി ഉപയോഗിക്കാം. ചതുരശ്ര അടിക്ക് 25-35 രൂപയാണ് ചെലവ്. തറയോട് പാകി മാര്‍ബ്ള്‍ ഫിനിഷ് ചെയ്യുന്നതാണ് മറ്റൊരു രീതി. ചതുരശ്ര അടിക്ക് 15 രൂപ മുതല്‍ ചെലവ് പ്രതീക്ഷിക്കാം. പ്രകൃതിദത്തം എന്ന ആലങ്കാരികത വേറെ. നിറവൈവിധ്യമില്ലാത്തതും പോറല്‍ വീഴാനുള്ള സാധ്യതയുമാണ് ന്യൂനത. ഇതെല്ലാം പരിഹരിക്കുന്നതാണ് വിലക്കുറവിന്‍െറ ആകര്‍ഷണീയത.
സര്‍വസാധാരണമായ നിലമലങ്കാരം എന്ന പദവി ഇന്ന് കൈയാളുന്നത് ടൈലുകളാണ്. സെറാമിക് ടൈലുകള്‍ക്ക് വിട്രിഫൈഡിനേക്കാള്‍ വില കുറവാണ്. ഇത് രണ്ടിലുംപെട്ട സെക്കന്‍ഡ്സ് ടൈലുകള്‍ വിലക്കുറവില്‍ ലഭിക്കും. കട്ടിലും മേശയും അലമാരയും ഭൂരിഭാഗം ഇടങ്ങളും അപഹരിച്ച മുറിയില്‍ എത്ര വിലകൂടിയ ടൈലിട്ടാലും കാണാന്‍ സാധ്യമല്ല തന്നെ. അത്തരം സ്ഥലങ്ങളില്‍ സെക്കന്‍ഡ്സും മറ്റും മതിയാവും. മൊസൈക്ക് സര്‍വസാധാരണം എന്ന നിലയില്‍നിന്ന് പിറകോട്ട് പോയെങ്കിലും ചെലവ് കുറവെന്ന ഘടകം പലരെയും ഒപ്പം നിര്‍ത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story