Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightഡൈനിങ് ഊഷ്മളം

ഡൈനിങ് ഊഷ്മളം

text_fields
bookmark_border
ഡൈനിങ് ഊഷ്മളം
cancel

‘അതിഥി ദേവോ ഭവ’... ഭാരതീയ പാരമ്പര്യത്തില്‍ വിരുന്നുകാരനാണ് താരം. ഹൃദ്യമായി സ്വീകരിച്ചും സമൃദ്ധമായി ഊട്ടിയും അതിഥിയെ പരിചരിക്കണമെന്ന് സങ്കല്‍പം. വീട്ടുകാരും വിരുന്നുകാരും തുറന്ന മനസ്സോടെ പെരുമാറുന്ന ഇടമാണ് ഡൈനിങ് ഏരിയ. ഭക്ഷണം വിളമ്പുക, കഴിക്കുക എന്നതിനപ്പുറം അതിഥി-ആതിഥേയ ബന്ധത്തിലെ ഊഷ്മളതയുടെ ഇടമാണിത്. കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നിടം എന്ന നിലയിലും ഭക്ഷണമുറിയുടെ പ്രാധാന്യമേറെയാണ്. ഡൈനിങ് സ്പേസിന്‍െറ രൂപകല്‍പനയും ഫര്‍ണിച്ചറിന്‍െറ തെരഞ്ഞെടുപ്പും തറയുടെയും ചുവരുകളുടെയും നിറമൊരുക്കലും വെളിച്ചവിന്യാസവും തുടങ്ങി ഒട്ടേറെ ചേരുവകള്‍ ചേരുംപടി ചേര്‍ന്നാലേ ഊണുമുറിക്കൊരു പ്രൗഢി കൈവരൂ.
ഒരു ശരാശരി വീടിന്‍െറ ആകെ വിസ്താരത്തിന്‍െറ 7.5 മുതല്‍ 10 ശതമാനം വരെയാവും ഡൈനിങ് ഏരിയക്കുള്ള സ്ഥലം.
അതിഥികള്‍ക്ക് മുന്നില്‍ വീട്ടുകാരന്‍െറ സ്വകാര്യതകള്‍ നഷ്ടപ്പെടുന്ന തരത്തിലാവരുത് ഡൈനിങ് ഏരിയയുടെ നിര്‍മാണം. ബെഡ്റൂമില്‍നിന്ന് ഡൈനിങ് ഏരിയയിലേക്ക് നേരിട്ടുള്ള പ്രവേശം ഒഴിവാകുന്നതിലൂടെ ഇത് പരിഹരിക്കാം.
എന്നെങ്കിലുമത്തെുന്ന അതിഥികളെ കാത്ത് വലിയ ഡൈനിങ് ഹാള്‍ ഒരുക്കി കാത്തിരിക്കണോ എന്നത് പ്രസക്തമാണ്. താമസക്കാരന്‍െറ മനോധര്‍മമാണ് ഇതില്‍ മുഖ്യം. വലിയ ലിവിങ് ഏരിയയില്‍ അനുയോജ്യമായ സ്ഥലത്ത് ഡൈനിങ് ടേബിള്‍ ഒരുക്കുകയെന്നതാണ് ഇപ്പോഴത്തെ രീതി. വലിയ ഊണ്‍മുറി നിര്‍ബന്ധക്കാര്‍ക്കിടയില്‍ രണ്ടു രീതികള്‍ സാധാരണമാണ്. ഫോര്‍മല്‍ ഡൈനിങ്ങും ഇന്‍ഫോര്‍മല്‍ ഡൈനിങ്ങുമാണത്. വീട്ടുകാര്‍ മാത്രമുള്ളപ്പോള്‍ ഇന്‍ഫോര്‍മല്‍ ഡൈനിങ് മതിയാകും. അടുക്കളയോട് ചേര്‍ന്നുള്ള ഇടം അതിനായി ഒരുക്കുന്നതാണ് നല്ലത്. ആള്‍ കൂടുതലുള്ളപ്പോഴാണ് ഫോര്‍മലിന്‍െറ ആവശ്യം. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് നാലോ ആറോ കസേരകളുള്ള ഡൈനിങ് ടേബിള്‍ ഒരുക്കാം. ഫോര്‍മല്‍ ഡൈനിങ്ങിലേക്ക് എട്ടോ അതിലധികമോ കസേരകളാകാം. തയാറാക്കിയ ഭക്ഷണം സൂക്ഷിക്കാനുള്ള ഇടമായ പാന്‍ട്രി ഇന്‍ഫോര്‍മല്‍ ഡൈനിങ്ങാക്കുന്ന രീതിയുമുണ്ട്.
തയാറാക്കിയ ഭക്ഷണപദാര്‍ഥങ്ങള്‍ പാന്‍ട്രിയിലോ ഇന്‍ഫോര്‍മല്‍ ഡൈനിങ്ങിലോ വെക്കാം. പാന്‍ട്രിയും ഇന്‍ഫോര്‍മല്‍ ഡൈനിങ്ങുമില്ലാത്തവര്‍ക്ക് ഒരു സെര്‍വിങ് കൗണ്ടറൊരുക്കി ഇത് പരിഹരിക്കാം.
സ്വാഭാവികവെളിച്ചം പരമാവധി കയറിയിറങ്ങുന്നതാവണം നിര്‍മിതി. ഡൈനിങ് ഹാളിന് കോമണ്‍ ലൈറ്റിങ്ങിനൊപ്പം ഡൈനിങ് ടേബിളിനു മുകളില്‍ തൂക്കുവിളക്കുകള്‍ ട്രന്‍ഡാണ്. എല്‍.ഇ.ഡി വാംലൈറ്റുകള്‍ ഇതിന് യോജിക്കും. വെട്ടം കണ്ട് പറന്നത്തെുന്ന പ്രാണികള്‍ ഊണ്‍മുറിയിലത്തെുന്ന സാഹചര്യമുണ്ടായാല്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ അവ വീഴാന്‍ സാധ്യതയുണ്ട്. തൂക്കുവിളക്കുകള്‍ കത്തിക്കാതിരിക്കുകയെന്ന വിരോധാഭാസമാണ് പിന്നത്തെ പ്രായോഗിക മാര്‍ഗം.
ഡൈനിങ് ഹാളിന്‍െറ പ്രൗഢികൂട്ടാനും കുറക്കാനുമുള്ള മാന്ത്രികത മേനിയിലൊളിപ്പിച്ചവരാണ് ഫര്‍ണിച്ചര്‍. മരത്തിന്‍െറ ധാരാളിത്തംമുതല്‍ സ്റ്റീലിന്‍െറ ദീര്‍ഘായുസ്സുവരെ പരിഗണിക്കപ്പെടും.
നീളത്തിലുള്ള മുറിക്ക് നീളത്തിലുള്ള ഡൈനിങ് ടേബിളാണ് ലുക്ക്. ചതുരമോ ‘L’ ആകൃതിയോ ആണ് മുറിയെങ്കില്‍ ഓവല്‍ യോജിക്കും. വട്ടമേശകളും ആകര്‍ഷകമാണ്.
മുറിനിറക്കാതെ അനായാസം പെരുമാറാനുള്ള സൗകര്യത്തോടെയാവണം മേശ സജ്ജീകരിക്കേണ്ടത്. ഡൈനിങ് ടേബ്ള്‍ ടോപ്പിന് ഗ്ളാസിനുള്ള പകിട്ട് പെട്ടെന്നൊന്നും പോകാന്‍ സാധ്യതയില്ല. 12 മില്ലിമീറ്റര്‍ കനമുള്ള ഗ്ളാസ് മതി. ആഡംബരപ്രിയക്കാര്‍ക്കിപ്പോഴും പ്രിയം മരംതന്നെ, കൊത്തുപണിയും.


ഇരിപ്പിടങ്ങളിലാണ് ട്രെന്‍ഡുകളുടെ ചുഴലി. മരക്കസേരകള്‍ പുറത്തായി. പകരം കുഷ്യന്‍ സീറ്റുകള്‍ ഡൈനിങ് ടേബ്ളിനരികില്‍ കേറി ഇരിപ്പായി. ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ ചായപ്പീടിക ബെഞ്ചുകള്‍ മടങ്ങി വരവ് ആഘോഷിക്കുകയാണ്. ലാമിനേറ്റ് ചെയ്ത വൈറ്റ്കളര്‍ ബെഞ്ചുകള്‍ പുത്തന്‍ തരംഗമാണ്.
വീടിന്‍െറ മൊത്തത്തിലുള്ള ലയത്തിന് ഭംഗം വരാതെയുള്ള അരങ്ങുവാഴലിനേ ആകര്‍ഷണവും ആയുസ്സുമുള്ളൂ എന്നതാണിതില്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം.
ക്രോക്കറി ഷെല്‍ഫ് ഡൈനിങ്ഹാളില്‍നിന്ന് ഏറക്കുറെ നാടുനീങ്ങി. ക്രിസ്റ്റല്‍ ഗ്ളാസുകളും മറ്റുംവെച്ച ഗ്ളാസ് ഷെല്‍ഫുകളോടാണിപ്പോള്‍ ഇടത്തരക്കാര്‍ക്കടക്കം താല്‍പര്യം. ഗ്ളാസിനൊപ്പം മരത്തിലോ സ്റ്റീലിലോ നിര്‍മിച്ചതിന് ആവശ്യക്കാരേറെയാണ്.
ഭക്ഷണപദാര്‍ഥങ്ങള്‍ വീഴാനുള്ള സാധ്യത, വെള്ളം മറിയാനുള്ള സാധ്യത ഇതെല്ലാം മുന്‍കൂട്ടി കണ്ടുവേണം തറക്കാര്യം തീരുമാനിക്കാന്‍. കറപിടിക്കാത്തതാവണം തറവിരി. തറയോടും വുഡന്‍ ഫ്ളോറിങ്ങും ഡൈനിങ്ങില്‍ യോജിക്കില്ല. സിറ്റൗട്ടിനും ലിവിങ് റൂമിനും ഉപയോഗിച്ച അതേ സാമഗ്രിതന്നെ ഡൈനിങ് ഏരിയയുടെ തറക്ക് ഉപയോഗിക്കുന്നതാണ് പൊതുരീതി. കടുംനിറമുള്ള ടൈലുകളും ഗ്രാനൈറ്റും ഇരുണ്ട നിറത്തോടെയുള്ള മാര്‍ബിളും ഉപയോഗിക്കാറുണ്ട്. ഇവക്ക് ഇളംനിറമുള്ള ബോര്‍ഡറണിയിക്കുകയും ആവാം.
ചുവര്‍ നിറത്തിന് യോജിച്ച കര്‍ട്ടനുകള്‍ ഇട്ട് സ്വകാര്യത കാക്കാം. ചുവരില്‍ സ്ഥാപിക്കുന്ന ചിത്രങ്ങള്‍ക്ക് മുറിയുടെ മൊത്തം മൂഡ് മാറ്റാനുള്ള കഴിവുണ്ട്. ലളിതമായ ഡിസൈനോടുകൂടിയ, വെള്ളം ദേഹത്ത് തെറിക്കാത്ത വാഷ്ബേസിന്‍ ഡൈനിങ് റൂമിന്‍െറ അവശ്യഘടകമാണ്. ഹാന്‍ഡ്വാഷ്, സോപ്പ്, ടവല്‍ തുടങ്ങിയവയെല്ലാം വാഷ് കൗണ്ടറുകള്‍ക്ക് അകവശത്ത് ഒതുക്കിവെക്കാം. വെള്ളം തട്ടിയാല്‍ നശിക്കാത്ത നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ചാവണം വാഷ്കൗണ്ടറുകളുടെ നിര്‍മാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story