Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightമഴവില്ലഴകില്‍........

മഴവില്ലഴകില്‍........

text_fields
bookmark_border
മഴവില്ലഴകില്‍........
cancel

എത്ര മനോഹര നിര്‍മിതിയാണെങ്കിലും കൊടുക്കുന്ന· നിറങ്ങള്‍ മോശമാണെങ്കില്‍ ആ വീട് ശ്രദ്ധ നേടുക മറ്റൊരു തരത്തിലാവും. ‘ഇവന്‍ ഈ വീട് നശിപ്പിച്ചുകളഞ്ഞല്ളോ’ എന്ന് കാണുന്നവരെല്ലാം പറഞ്ഞിട്ടുപോകും. മറിച്ച്, ചെറിയ വീടുകള്‍ പോലും അതിന്‍െറ നിറങ്ങളുടെ പ്രത്യേകതകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. കാരണം, വീടിന്‍െറ വ്യത്യസ്തത നിര്‍ണയിക്കുന്നത് അതിന്‍െറ നിറങ്ങളാണ്. ഒരാള്‍ക്ക് വീടിനോടുള്ള ഇഷ്ടം തീരുമാനിക്കുന്നതില്‍ നിറങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇണങ്ങിയ നിറങ്ങള്‍ പ്രയോഗിച്ചാല്‍ വീടിന്‍െറ ഭംഗിക്ക് മറ്റൊന്നും വേണ്ട.
വെള്ളപൂശിയ വെളുത്ത· വീടുകളും, പൂശാന്‍· മണ്‍നിറമാര്‍ന്ന വീടുകളും എന്ന കാലത്തുനിന്ന് വര്‍ണ വൈവിധ്യങ്ങളുടെ വിചിത്രലോകമാണ് നാമിന്ന്. നിറങ്ങള്‍ രണ്ടില്‍ നിന്ന് രണ്ടായിരം കവിഞ്ഞു. പ്രധാന പെയിന്‍റ് കമ്പനികളുടെ കാറ്റലോഗില്‍ മൂവായിരത്തോളം ഷേഡുകളാണുള്ളത്.
ഒരു വീട് മനോഹരമായി പെയിന്‍റ് ചെയ്യുന്നതെങ്ങനെ എന്ന് ചേദിച്ചാല്‍ അതിന് കൃത്യമായ ഉയരമില്ല. വീടിന്‍െറ രൂപം, പശ്ചാത്തലം, അരികിലെ മരങ്ങള്‍, മറ്റു കെട്ടിടങ്ങളുടെ നിറങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആശ്രയിച്ചാണ് പുറത്തേക്കുള്ള നിറങ്ങള്‍ തെരഞ്ഞെടുക്കുന്നത്. തറയുടെ നിറം, മുറികളുടെ സ്വഭാവം, വലുപ്പം, ഫര്‍ണിച്ചര്‍ എന്നിവ അടിസ്ഥാനമാക്കിയാണ് അകംവീടിന് നിറം തെരഞ്ഞെടുക്കേണ്ടത്. ഇതിനെല്ലാം പുറമെ വീട്ടുകാരന്‍െറ ഇഷ്ടാനിഷ്ടങ്ങള്‍ക്കും പങ്കുണ്ട്.
യാത്രക്കിടയില്‍ കണ്ണുകള്‍ ഉടക്കിപ്പോയ മനോഹരമായ ഒരു വീടിന്‍െറ നിറങ്ങള്‍ നോക്കിവെച്ച് സ്വന്തം വീടിനും ആ നിറം കൊടുക്കാം എന്ന് ഒറ്റയടിക്ക് തീരുമാനിക്കരുത്. മനോഹരമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന കഴിയുന്നത്ര വീടുകള്‍ സന്ദര്‍ശിച്ച് പെയിന്‍റിങ്ങിന്‍െറ പ്രത്യേകതകളും നിറവിന്യാസവും നോക്കിമനസ്സിലാക്കുന്നത് നന്നായിരിക്കും.
വെള്ളപൂശിയ വീടുകളുടെ കാലത്തിനുശേഷം ഇളം നിറമുള്ളവയുടെ കാലമായിരുന്നു കുറേ. പൊടുന്നനെയാണ് കടുംനിറങ്ങള്‍ രംഗത്തുവന്നത്. എന്നാല്‍, ചെറിയ ഇടവേളക്കുശേഷം വീണ്ടും ഇളംനിറങ്ങളിലേക്കാണ് ട്രെന്‍ഡ് നീങ്ങുന്നത്.
മള്‍ട്ടികളറുകള്‍ വീടിന് പുറത്തും അകത്തും ഉപയോഗിക്കുന്നത് പുതിയ ശൈലിയാണ്. ചുവരിന് പരുപരുത്ത· പ്രതലങ്ങള്‍ സൃഷ്ടിക്കുന്ന ടെക്സ്ച്വര്‍ പുട്ടി ഉപയോഗിച്ചുള്ള ഡിസൈനുകളും അതിനനുസരിച്ചുള്ള വര്‍ണങ്ങളുമാണ് പെയിന്‍റിങ് ലോകത്തെ· പുതിയ താരം. ചുവരിന്‍െറ ഒരു ഭാഗം മാത്രമോ മുറിയിലെ ഒരു ചുവരിന് മാത്രമോ ആണ് ടെക്സ്ച്വര്‍ ഡിസൈനുകള്‍ നല്‍കുക. സ്പ്രേ, റോളര്‍, ബ്രഷ്, പുട്ടി പ്ളേറ്റ്, ചൂല്‍, മുടിചീകുന്ന ചീപ്പ് തുടങ്ങി ആര്‍ട്ടിസ്റ്റിന്‍െറ ഭാവനക്കനുസരിച്ച ഡിസൈനുകള്‍ ടെക്സ്ച്വര്‍ പുട്ടി ഉപയോഗിച്ച് നിര്‍മിക്കാം. നിറം മാറ്റുന്നതുപോലെ ടെക്സ്ച്വര്‍ ഡിസൈനുകളും മാറ്റാം എന്നതാണ് മറ്റൊരു സൗകര്യം. അക്രിലികും സിമന്‍റും അടിസ്ഥാനമാക്കിയ പുട്ടികള്‍ വിപണിയിലുണ്ട്.
അക്രിലിക്, സിമന്‍റ്, ഇനാമല്‍ എന്നിങ്ങനെ പ്രധാനമായി മൂന്നുതരം വസ്തുക്കള്‍ അടിസ്ഥാനമാക്കിയുള്ള പെയിന്‍റുകളാണ് വിപണിയിലുള്ളത്. ചുവരുകള്‍ക്ക് ഉപയോഗിക്കുന്ന ഡിസ്റ്റമ്പറുകള്‍, എമല്‍ഷന്‍ തുടങ്ങിയവയാണ് അക്രിലിക് ബേസ്ഡ് പെയിന്‍റുകള്‍. വൈറ്റ് സിമന്‍റ്, ജനതാസെം, സ്നോസെം തുടങ്ങിയവയാണ് സിമന്‍റ് ബേസ്ഡ് പെയിന്‍റുകള്‍. തുരുമ്പിനെ പ്രതിരോധിക്കുന്നതും ലോഹങ്ങളിലും മരത്തിലും ഉപയോഗിക്കുന്നതാണ് ഇനാമല്‍ പെയിന്‍റുകള്‍. ഇവതന്നെ ഗ്ളോസി, സെമിഗ്ളോസി, മാറ്റ്, സാറ്റിന്‍ തുടങ്ങി വിവിധ ഫിനിഷിലും ലഭ്യമാണ്. ഗ്ളോസി ഫിനിഷിലുള്ളവക്ക് തിളക്കമുള്ളപ്പോള്‍ മാറ്റ് ഫിനിഷിന് തിളക്കമുണ്ടായിരിക്കില്ല.

പുറംവീടിന്‍െറ നിറം

നമ്മുടെ നാടിന്‍െറ കാലാവസ്ഥയില്‍ വെയിലും മഴയുമൊക്കെ ധാരാളമുള്ളതിനാല്‍ ഗുണമേറിയ പെയിന്‍റാണ് വീടിന്‍െറ പുറംഭാഗത്തിന് ഉപയോഗിക്കേണ്ടത്. നല്ല ഫലം തരുന്ന എമല്‍ഷന്‍ പെയിന്‍റുകളാണ് പുറം ചുവരുകള്‍ക്ക് യോജിച്ചത്. ഈര്‍പ്പം തങ്ങിനില്‍ക്കുന്ന ഭിത്തികള്‍ക്ക് വാട്ടര്‍പ്രൂഫ് സിമന്‍റ് പെയിന്‍റുകളും ഉപയോഗിക്കാം.
ഏതുതരം പെയിന്‍റുകള്‍ ഉപയോഗിക്കുകയാണെങ്കിലും ചുവരുകള്‍ ഒരുക്കുന്നത് പ്രധാനകാര്യമാണ്. ചുവരുകളിലെ വിള്ളലും പൊട്ടലും ആദ്യം പരിഹരിക്കണം. ലീക്ക് പ്രൂഫിങ് കോമ്പൗണ്ടുകള്‍ ഉപയോഗിച്ച് വിള്ളലുകള്‍ മാറ്റണം. പൊടികളും പായലുകളം പൂപ്പലുകളും നീക്കിയശേഷമായിരിക്കണം പെയിന്‍റിങ്. മികച്ച ഫിനിഷ് ലഭിക്കാനായി ഭിത്തി നന്നായി മിനുസപ്പെടുത്തുകയും വേണം. ആദ്യം പ്രൈമര്‍ കോട്ട് അടിച്ചശേഷമായിരിക്കണം എമല്‍ഷന്‍ ഉപയോഗിക്കേണ്ടത്. എപ്പോഴും ഭിത്തികള്‍ നന്നായി ഉണങ്ങിയശേഷവും നല്ല വെയിലുള്ള സമയത്തും മാത്രം പെയിന്‍റ് ചെയ്യണം.
സിമന്‍റ് ബേസ്ഡ് പുട്ടികളും അക്രിലിക് ബേസ്ഡ് പുട്ടികളും വിപണിയില്‍ ലഭ്യമാണെങ്കിലും നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യവും ദീര്‍ഘകാലം നിലനില്‍ക്കുന്നതും സിമന്‍്റ് പുട്ടികളാണ്. എന്നാല്‍, ഭംഗി കൂടുതല്‍ അക്രിലിക് പുട്ടികള്‍ക്കാണ്.

അകംനിറം

പുതിയ ശൈലിയനുസരിച്ച് പ്ളാസ്റ്റിക് എമല്‍ഷനുകളാണ് ഉപയോഗിക്കുന്നത്. വീടിനകം പെയിന്‍റ് ചെയ്യുമ്പോഴും ഭിത്തികള്‍ നന്നായി ഒരുക്കേണ്ടതാണ്. നല്ല ഫിനിഷിങ്ങിന് പുട്ടിയിട്ട് മിനുസപ്പെടുത്തി പ്രൈമര്‍ അടിച്ച ശേഷമായിരിക്കണം എമല്‍ഷന്‍ അടിക്കേണ്ടത്.
ബ്രഷ് ഉപയോഗിച്ച് പെയിന്‍റ് ചെയ്യുന്നതിനേക്കാള്‍ റോളര്‍ ഉപയോഗിക്കുന്നതാണ് ഫിനിഷിനും വേഗത്തിനും നല്ലത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ വരുന്ന വര്‍ധനക്കനുസരിച്ച് പെയിന്‍റുകളുടെ വിലയിലും മാറ്റം വരാം. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നുതവണയാണ് പെയിന്‍റുകളുടെ വില വര്‍ധിച്ചത്.
ബാക്ടീരിയകളെയും പൂപ്പലിനെയും ചെറുക്കുന്ന ലക്ഷ്വറി എമല്‍ഷനുകളുടെ വില നിലവില്‍ ലിറ്ററിന് 350 രൂപയാണ്. വിലകൂടിയ, വാഷബ്ള്‍ ഇനമാണിത്. വിലകുറയുന്തോറും കഴുകി വൃത്തിയാക്കാനുള്ള സൗകര്യം ഇല്ലാതാവും.
പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും പെയിന്‍റുകളുടെ കാര്യത്തില്‍ ബാധകമാണ്. മെര്‍ക്കുറി, ക്രോമിയം, ലെഡ്, ആര്‍സെനിക് തുടങ്ങിയ രാസവസ്തുക്കള്‍ വന്‍തോതില്‍ അടങ്ങിയവയാണ് മിക്ക പെയിന്‍റ് ഉല്‍പന്നങ്ങളും. പെയിന്‍റിങ് തൊഴിലാളികള്‍ക്കും ഇത്തരം പെയിന്‍റ് ചെയ്ത വീട്ടില്‍ താമസിക്കുന്നവര്‍ക്കും ഇതിന്‍െറ ദോഷം ബാധിക്കാനിടയുണ്ട്. ഇതിന് പരിഹാരമായി ഇത്തരം രാസവസ്തുക്കള്‍ ഒഴിവാക്കിക്കൊണ്ട് ഇക്കോ ഫ്രണ്ട്ലിയായ ഉല്‍പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വില അല്‍പം കൂടുമെന്ന് മാത്രം.

നിറം തെരഞ്ഞെടുക്കുമ്പോള്‍


വീടിന് ഭംഗി നല്‍കുക മാത്രമല്ല വീട്ടുകാരന്‍െറ സാംസ്കാരിക നിലവാരവും സൗന്ദര്യബോധവും പ്രതിഫലിപ്പിക്കുന്ന ഘടകം കൂടിയാണ് നിറങ്ങള്‍. വീടിനുള്ളില്‍ കഴിയുന്നവരുടെ മാനസികാവസ്ഥയെ സ്വാധീനിക്കാനുള്ള കഴിവും നിറങ്ങള്‍ക്കുണ്ട്. ചുവപ്പ്, മഞ്ഞ, നീല എന്നീ പ്രൈമറി കളറുകളും ഇവ പരസ്പരം സംയോജിപ്പിച്ചുള്ള സെക്കന്‍ഡറി കളറുകളും, പ്രൈമറി കളറുകളും സെക്കന്‍ഡറി കളറുകളും സംയോജിപ്പിച്ചുള്ള ടേര്‍ഷ്യറി കളറുകളും ഇവയുടെ ലൈറ്റും ഡാര്‍ക്കുമായ ഷേഡുകളും നമ്മുടെ മുന്നിലുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് ഷേഡുകളില്‍നിന്ന് വീടിനിണങ്ങുന്ന നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്.
നിറങ്ങള്‍ കാഴ്ചക്കാരനില്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥയെ അടിസ്ഥാനമാക്കി അവയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. കാഴ്ചക്കാരില്‍ ഉണര്‍വും ആത്മവിശ്വാസവും ജനിപ്പിക്കുന്ന മഞ്ഞ, ചുവപ്പ്, ഓറഞ്ച് തുടങ്ങിയ ‘വാം’ നിറങ്ങളും മനസ്സില്‍ ശാന്തിയും കുളിര്‍മയും സൃഷ്ടിക്കുന്ന നീലയും പച്ചയുമടങ്ങിയ ‘കൂള്‍’ നിറങ്ങളും പ്രകൃതിയുടെ സ്വാഭാവികത നല്‍കുന്ന വെള്ള, തവിട്ട്, ഗ്രേ തുടങ്ങിയ ‘ന്യൂട്രല്‍’ നിറങ്ങളുമാണവ.
സാധാരണയായി ഇത്തരം നിറങ്ങളുടെ ലൈറ്റ് ഷേഡുകളാണ് മുറികളുടെ അക·് ഉപയോഗിക്കുക. ഒരു ചുവരില്‍ മാത്രം കടും നിറവും മറ്റ് ചുവരുകളില്‍ ഇളം നിറവും ഉപയോഗിക്കുന്നതാണ് പുതിയ ഫാഷന്‍. വീടിനകത്തേക്കുള്ള നിറങ്ങള്‍ തറയുടെ നിറത്തിന് അനുയോജ്യമാകാനും ശ്രദ്ധിക്കണം.
സീലിങ്ങുകള്‍ക്ക് പൊതുവെ വെള്ളനിറം തന്നെയാണ് ഉപയോഗിക്കുക. മുറിക്ക് വിശാലത തോന്നിക്കാന്‍ ഇത് ഉപകരിക്കും.
കൂടുതല്‍ നിറങ്ങള്‍ വാരിപ്പൂശാതെ ഒന്നോ രണ്ടോ നിറങ്ങളും അവയുടെ വിവിധ ഷേഡുകളും ഉപയോഗിച്ചാല്‍ വീടിന് ഭംഗിയും ഒപ്പം ലാളിത്യവും അനുഭവപ്പെടും.
പുറത്തേക്ക് തള്ളിനില്‍ക്കുന്ന സണ്‍ഷേഡുകള്‍ പോലുള്ള ഭാഗങ്ങള്‍ക്ക് കടുംനിറങ്ങളും പശ്ചാത്തലത്തില്‍ ഇളംനിറങ്ങളും ഉപയോഗിക്കുന്ന ശൈലിയുണ്ട്. വീടിനകത്ത് ചുവരുകളുടെ ബോര്‍ഡറിന് ഇളം നിറങ്ങള്‍ നന്നായി ചേരും. വെളിച്ചം കൂടുതല്‍ ലഭിക്കുന്ന മുറികളിലും പുറത്തും വാം നിറങ്ങളോ ന്യൂട്രല്‍ നിറങ്ങളോ ഉപയോഗിച്ചാല്‍ പ്രത്യേകഭംഗി തോന്നും. വീടിന് പുറത്ത് ഇളംനിറങ്ങളുടെതന്നെ വിവിധ ഷേഡുകള്‍ ഉപയോഗിക്കുന്നതും ഭംഗിയുണ്ടാവും. മുറികളില്‍ കടുംനിറങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിലത്തിന് ന്യൂട്രല്‍ കളറുള്ള ടൈലുകളോ മാര്‍ബിളോ ആദ്യമേ ഉപയോഗിക്കണം.
വീട്ടിനകത്തെ·ഫ്ളോര്‍, കാര്‍പെറ്റ്, കര്‍ട്ടനുകള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ നിറങ്ങള്‍ക്കനുസൃതമായിരിക്കണം ചുവരിന്‍െറ നിറങ്ങള്‍. ഇവ തമ്മിലുള്ള കോണ്‍ട്രാസ്റ്റാണ് മുറിയുടെ മൊത്തം ഭംഗി നിശ്ചയിക്കുന്നത്. വെളിച്ചക്കുറവുള്ള മുറികള്‍ക്ക് ഇളം പച്ചയോ മഞ്ഞയോ ഐവറിയോ നന്നായിചേരും.
ചെറിയ മുറികള്‍ക്ക് ഇളംനിറങ്ങള്‍ നല്‍കിയാല്‍ വിശാലത അനുഭവപ്പെടും. അതുപോലെ, വലിയ ഹാളുകള്‍ക്കും മറ്റും കടുംനിറങ്ങള്‍ ഉപയോഗിച്ചാല്‍ വലുപ്പം കുറഞ്ഞതായും തോന്നും.
പ്രകൃതിയില്‍നിന്നുള്ള മണ്ണിന്‍െറയും മരങ്ങളുടെയും ഇലകളുടെയും പൂക്കളുടെയും നിറങ്ങള്‍ അതേപടി പകര്‍ത്തുന്നതാണ് ഏറ്റവും പുതിയ ശൈലി. വീടുകള്‍ക്ക് പുറത്ത് ഒലിവ് ഗ്രീനും മണ്ണിന്‍െറ കളറും ഓഫ് വൈറ്റും ഉപയോഗിച്ചാല്‍ അത് ചുറ്റുമുള്ള പ്രകൃതിയുമായി ഇണങ്ങിനില്‍ക്കും.
പെയിന്‍റുകടകളില്‍ പോയാല്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി നിറങ്ങള്‍ തെരഞ്ഞെടുത്താലും അവയുടെ സാമ്പിള്‍ ഭിത്തിയില്‍ അടിച്ചുനോക്കിയശേഷം മൊത്തം പെയിന്‍റും വാങ്ങിയാല്‍ മതിയാവും. അതുപോലെ·ന്നെ നിറങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇലക്ട്രിക് വെളിച്ചത്തിന് പകരം പകല്‍ വെളിച്ചത്തെ· ആശ്രയിക്കുന്നതായിരിക്കും നന്നാവുക.
ചുരുക്കത്തില്‍, വീട് ഭംഗിയായി പെയിന്‍റ് ചെയ്യാന്‍ ഒരു ‘ഒറ്റമൂലി’ നിര്‍ദേശിക്കാനാവില്ല. മറിച്ച്, ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിഗണിച്ച് കൃത്യമായ തീരുമാനത്തില്‍ എത്തുകയാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story