Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightതണുപ്പിക്കാം,...

തണുപ്പിക്കാം, എ.സിയില്ലാതെ

text_fields
bookmark_border
തണുപ്പിക്കാം, എ.സിയില്ലാതെ
cancel

പണ്ടൊക്കെ പുറത്തുപോയി വിയര്‍ത്തൊലിച്ച് വരുന്നവര്‍ വീട്ടിനകത്തിരുന്നാണ് വിയര്‍പ്പാറ്റിയിരുന്നത്. അതും വിശറിയും പങ്കയുമൊന്നും ഇല്ലാതെ. ഇന്ന് വീടിനകത്തിരുന്ന് ഉരുകിയൊലിക്കുന്നവര്‍ പുറത്തിറങ്ങി വല്ല മരത്തിന്‍െറയും തണലിലാണ് ആശ്വാസം തേടുന്നത്. ഫാനുണ്ടെങ്കിലും കാര്യമില്ലാത്ത കാലം. ചോര നീരാക്കി കെട്ടിപ്പൊക്കിയ ചില്ലുമേടകളിലിരുന്ന് വെന്തുരുകുന്ന മലയാളികള്‍ക്ക് ഏകാശ്രയം എയര്‍ കണ്ടീഷനറുകളാണ്. എ.സി പിടിച്ചുപറിക്കുന്ന കാശ് ഷോക്കടിപ്പിക്കുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി പണിത സ്വപ്നഭവനങ്ങളെ അറിയാതെ ശപിക്കുകയാണ് പലരും. മണിക്കൂറുകള്‍കൊണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ കോരി മൂലക്കിട്ട നൂറ്റാണ്ട് പഴക്കമുള്ള നാലുകെട്ടുകളും തറവാടുകളും തന്നിരുന്ന തണുപ്പിനെ കൊതിക്കുന്ന നിമിഷങ്ങളാണ് അത്. ആ തണുപ്പുതേടി പഴയ വീടുകള്‍തോറും അലഞ്ഞ ഒരു മനുഷ്യനുണ്ട് ഇല്ലങ്ങളുടെ നാട്ടില്‍. അതിന്‍െറ സാക്ഷ്യമാണ് കൊല്ലം മയ്യനാട്ടെ കായാവില്‍ തറവാടിന്‍െറ മുകളിലത്തെ ‘കൂള്‍ഹോം.’ ആധുനിക സാങ്കേതികവിദ്യയില്‍ പണിത വീടാണിത്. ചെലവുകുറഞ്ഞ രീതിയിലാണ് കൂള്‍ ഹോം ഒരുക്കിയത്. കൊല്ലം ടി.കെ.എം കോളജിലെ ആര്‍കിടെക്ചര്‍ വിഭാഗം പ്രഫസര്‍ ഡോ. എ.എസ്. ദിലി ആണ് ഈ കൂള്‍ഹോമിന്‍െറ സൂത്രധാരന്‍.
വികസിത രാജ്യങ്ങളില്‍ പഴയവീടുകളുടെ അരികും അകവും അരിച്ചുപഠിക്കുന്ന ഒരുപാട് ഗവേഷകരുണ്ട്. പഴയ വീടുകളില്‍ ഒളിഞ്ഞിരിക്കുന്ന നൈസര്‍ഗിക സംവിധാനങ്ങള്‍, തണുപ്പ് നിലനിര്‍ത്തുന്ന സങ്കേതങ്ങള്‍... ഇങ്ങനെ വിവിധ വിഷയങ്ങളായിരിക്കും അവരുടെ മനസ്സുകളില്‍. പക്ഷേ, ഇത്തരം ഗവേഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള വിദേശരാജ്യങ്ങളില്‍ പഠനത്തിന് 150ല്‍ താഴെ വര്‍ഷം പഴക്കമുള്ള വീടുകളേ ലഭിക്കൂ. പക്ഷേ, കേരളത്തില്‍ 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നിലമ്പൂര്‍ കോവിലകങ്ങള്‍ പോലെയുള്ളവ കുറച്ചെങ്കിലുമുണ്ട്. എന്നാല്‍, ഈ തറവാടുകളെക്കുറിച്ചോ അവയുടെ ഉള്ളറകളില്‍ ഒളിഞ്ഞുകിടക്കുന്ന നിര്‍മാണവിദ്യകളെക്കുറിച്ചോ പഠിക്കാന്‍ ആരും കാര്യമായി മുന്നോട്ടുവന്നിട്ടില്ല.
‘പരമ്പരാഗത വീടുകളിലെ നിഷ്ക്രിയ താപനിയന്ത്രണം’ എന്ന വിഷയത്തില്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ 2007ലാണ് അദ്ദേഹം തന്‍െറ ഗവേഷണം തുടങ്ങിയത്. കേരളത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു പഠനം.
ഇന്ത്യയില്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളിലും ഹൈദരാബാദിലും ഇപ്പോള്‍ കേരളത്തിലുമാണ് ഈവിഷയത്തില്‍ ഗവേഷകരുള്ളത്. കേരളത്തിന്‍െറ ചില സ്ഥലങ്ങളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇല്ലങ്ങളുടെയും കോവിലകങ്ങളുടെയും നാലുകെട്ടുകളുടെയും ഉള്ളറകളില്‍ സൂക്ഷ്മമായി നടത്തിയ പരിശോധനകളും പഠനങ്ങളും നീണ്ടത് മൂന്നു വര്‍ഷം. ഡോക്ടറേറ്റ് എന്ന പദവി കിട്ടിയതിനുശേഷവും ഇദ്ദേഹം തുടര്‍ന്ന പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായിരുന്നു കൂള്‍ഹോമിന്‍െറ പിറവി. 1350 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്‍െറ പണി പൂര്‍ണമായപ്പോള്‍ ചെലവായത് 6.80 ലക്ഷം രൂപമാത്രം.
70 വര്‍ഷം പഴക്കമുള്ള കായാവില്‍ തറവാട്ടിന്‍െറ ചുമലില്‍ കുറഞ്ഞ ഭാരം മാത്രമേ രണ്ടാമത്തെ നിലനല്‍കുന്നുള്ളൂ എന്നത് നിര്‍മാണശൈലിയുടെ പ്രത്യേകതയാണ്. പഴയ ഇല്ലങ്ങളിലെ കുളിര്‍മയുടെ പുനരാവിഷ്കരണമായിരുന്നു ദിലിതന്നെ നേരിട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതോടെ സംഭവിച്ചത്. കായാവില്‍ തറവാട് ഓടില്‍നിന്ന് വാര്‍പ്പിലേക്ക് മാറിയിട്ട് കാലം കുറെയായിരുന്നു. താഴത്തെ നിലയില്‍ പലകാലങ്ങളിലുണ്ടായ വികസനംമൂലം വീടിന്‍െറ ടെറസ് പലതട്ടുകളായി മാറി. ഇതിന്‍െറ മുകളില്‍ ശാസ്ത്രീയ രീതിയില്‍ നിര്‍മാണരീതികളുമായി മുന്നോട്ടുപോയതോടെ വീടിന്‍െറ മുഴുവനും ഉപയോഗിക്കാന്‍ കഴിഞ്ഞു.
പുറമെനിന്നുള്ള പടികള്‍ കയറി മുകളില്‍ എത്തുന്നത് പഴയ തറവാടുകളില്‍ കാണുന്ന പൂമുഖത്തിനെ അനുസ്മരിപ്പിക്കുന്ന ചുറ്റുവരാന്തയിലേക്കാണ്. സ്റ്റെയര്‍കെയ്സിന്‍െറ നിര്‍മാണത്തിലുമുണ്ട് പുതുമ. ലിവിങ് റൂം, ഒരു ബെഡ്റൂം എന്നിവ ഒരേ നിരപ്പിലാണ് നിര്‍മിച്ചിരിക്കുന്നത്. ലിവിങ് റൂമില്‍നിന്ന് പടിയിറങ്ങി വേണം വീടിന്‍െറ വിശാലമായ ഇതര ഭാഗങ്ങളിലേക്ക് കടക്കാന്‍. ഗ്രാനൈറ്റില്‍ തീര്‍ത്ത ഈ പടികള്‍ ആവശ്യാനുസരണം എങ്ങോട്ടും നീക്കാന്‍പറ്റുന്ന രീതിയിലാണ്. പൗഡര്‍കോട്ട് ചെയ്ത സ്റ്റീല്‍ ഷീറ്റുകളാണ് പ്രധാനമേല്‍ക്കൂര. ഇതിനെ ജി.ഐ പൈപ്പുകളാണ് താങ്ങിനിര്‍ത്തിയിരിക്കുന്നത്. നാലിഞ്ച് കനമുള്ള ഹോളോബ്രിക്സ് കട്ടകള്‍ക്ക് പ്രത്യേക രീതിയിലൂടെ ദൃഢത നല്‍കി നിര്‍മിച്ച ഭിത്തി തേച്ച് പുട്ടിയിട്ട് എമല്‍ഷന്‍ പെയിന്‍റടിച്ചിരിക്കുകയാണ്.
തടി ഉപയോഗിക്കാതെ ജനലുകള്‍ ജി.ഐ ട്യൂബ് കൊണ്ട് നിര്‍മിച്ചതിനാല്‍ ചെലവ് ഇവിടെയും വളരെ കുറവാണ്. ഭിത്തിക്കുമുകളിലെ കോണ്‍ക്രീറ്റ് വാര്‍പ്പിന് പകരം ജിപ്സം ബോര്‍ഡ് ഫാള്‍സ് സീലിങ് ആണ് നല്‍കിയിരിക്കുന്നത്.പക്ഷേ, ഒറ്റനോട്ടത്തില്‍ ഇത് മനസ്സിലാവില്ല. ജിപ്സം ബോര്‍ഡിന് മുകളില്‍ ഗ്ളാസ് വൂള്‍ വിരിച്ചിട്ടുണ്ട്. ഇതാണ് സ്റ്റീല്‍ ഷീറ്റില്‍നിന്ന് താഴേക്ക് വരുന്ന ചൂട് തടയുന്നത്.
കൂടാതെ, ജിപ്സം തട്ടിനും മേല്‍ക്കൂരക്കുമിടയില്‍ വായുവിന് കടന്നുപോകാന്‍ അറ ഒരുക്കിയിട്ടുണ്ട്. ഈ അറക്കു ചുറ്റും മേല്‍ക്കൂരക്കും പുറംഭിത്തികള്‍ക്കുമിടയില്‍ സുരക്ഷക്ക് ഇരുമ്പുകമ്പികള്‍ ഗ്രില്‍ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്.
ഇതോടെ, മേല്‍ക്കൂരയില്‍നിന്നത്തെുന്ന ചൂട് താങ്ങിനില്‍ക്കാതെ ഗ്രില്‍ വഴി പുറത്തേക്ക് പോകുന്നു. ഇതുമൂലം വീടിന്‍െറ ഉള്ളിലേക്ക് ചൂടത്തൊനുള്ള സാധ്യതയും ഇല്ലാതാകുന്നു. കിടപ്പുമുറിയുടെയും ലിവിങ് ഏരിയയുടെയും തറക്ക് പ്രീ ലാമിനേറ്റഡ് തടിയാണുപയോഗിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ വിട്രിഫൈഡ് ടൈലും.
പൂമുഖത്തിന്‍െറ ഭംഗികൂട്ടാന്‍ മാര്‍ബ്ള്‍ കല്ലുകള്‍ വിതറിയ ബോര്‍ഡറുകള്‍ നല്‍കിയിരിക്കുന്നു. ഭിത്തിയിലുപയോഗിച്ചിരിക്കുന്ന മുന്തിയ പെയിന്‍റുകൂടിയായപ്പോള്‍ വീടിന്‍െറ സൗന്ദര്യം ആരെയും ആകര്‍ഷിക്കും. ഇതൊക്കെ ഒഴിവാക്കിയാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വീട് നിര്‍മിക്കുന്നതെങ്കില്‍ ചെലവ് 6.80 ലക്ഷത്തില്‍നിന്ന് ഇനിയും കുറക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
തദ്ദേശീയവും വീടിനിണങ്ങിയതും ആകര്‍ഷണീയവും ചെലവ് കുറഞ്ഞതുമായ സാധനങ്ങളുടെ ഉപയോഗമാണ് കൂള്‍ഹോമിന്‍െറ നിര്‍മാണച്ചെലവ് കുറഞ്ഞതിന്‍െറ രഹസ്യങ്ങള്‍. അഞ്ചു മാസംകൊണ്ട് നിര്‍മിക്കാന്‍ കഴിയുമെന്നതും മറ്റൊരു നേട്ടമാണെന്ന് ദിലി പറയുന്നു. ഭാര്യ ജസിതയും മക്കളായ ദിയയും റിദയുമൊത്ത് ഈ വീട്ടില്‍ കഴിയുമ്പോള്‍ ദിലി അനുഭവിക്കുന്നത് വര്‍ഷങ്ങളുടെ പഠനത്തിന്‍െറയും അലച്ചിലിന്‍െറയും ഗുണംകൂടിയാണ്.

ഡോക്ടര്‍ ദിലിയുടെ ഫോണ്‍ നമ്പര്‍:9447303875

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story