Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightInteriorschevron_rightമൊബൈൽ പോലെ വീടും...

മൊബൈൽ പോലെ വീടും അപ്ഡേറ്റ് ചെയ്യാം... മടുപ്പകറ്റാം...

text_fields
bookmark_border
മൊബൈൽ പോലെ വീടും അപ്ഡേറ്റ് ചെയ്യാം...  മടുപ്പകറ്റാം...
cancel

പ്പോഴും ഒരേ പാട്ട് തന്നെ കേട്ടാൽ, ഒരേ ഭക്ഷണം തന്നെ കഴിച്ചാൽ മടുപ്പ് തോന്നില്ലേ? വീടകത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മനസ്സിന് സന്തോഷം തരുന്ന തരത്തിൽ, അധിക പണച്ചെലവില്ലാതെ വീടൊന്ന് അപ്ഡേറ്റ് ചെയ്താലോ‍? സിറ്റ് ഔട്ട് മുതൽ അടുക്കള വരെ ഓരോ ഇടവും അപ്ഡേറ്റ് ചെയ്യാം. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലേക്ക് വരുന്ന മുതിർന്നവർക്കും സ്കൂൾ-കോളജ് കഴിഞ്ഞ് വരുന്ന കുട്ടികൾക്കും കിടു ലുക്കിലായ വീടകം തരുന്ന ആനന്ദം ചില്ലറയാകില്ല.


പെയിന്റ്

വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിന് വലിയ പ്രാധാന്യമുണ്ട്. കുമ്മായം തേച്ച വീടുകളിൽനിന്ന് മലയാളിയുടെ ഇഷ്ടങ്ങൾ ഏറെ മാറിയിരിക്കുന്നു. ഒരു സമയത്ത് കടുംനിറത്തിലുള്ള പെയിന്റായിരുന്നു കൂടുതൽപേരും തിരഞ്ഞെടുത്തിരുന്നത്. ഇപ്പോൾ ഇളം നിറത്തിലുള്ള പെയിന്റുകളാണ് ട്രെൻഡ്. വീടിന് മൊത്തത്തിൽ ഒരു നിറമായിരിക്കണം എന്നത് ഓൾഡ് ഫാഷനാണ്. ഓരോ മുറിക്കും ഓരോ തീം കളർ എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

● ചെറിയ മുറികളാണെങ്കിൽ കടും നിറം ഒഴിവാക്കാം. ഇളംനിറത്തിലുള്ള പെയിന്റുകൾ മുറികൾക്ക് കൂടുതൽ വലുപ്പം തോന്നിക്കും.

● കുട്ടികളുടെ മുറികളിൽ അവരുടെ ഇഷ്ടനിറം കൂടി ചോദിച്ചറിഞ്ഞ ശേഷം മാത്രം പെയിന്റ് തിരഞ്ഞെടുക്കാം. പൊതുവെ കുട്ടികളുടെ മുറികളിൽ ബേബി പിങ്കും ഇളം നീലനിറവുമാണ് കൊടുത്തുവരുന്നത്. പെൺകുട്ടികളാണെങ്കിൽ പിങ്ക്, ആൺകുട്ടികളാണെങ്കിൽ നീല എന്ന കാഴ്ചപ്പാടൊക്കെ മാറ്റാം. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂണുകളും മുറിയിൽ പെയിന്റ് ചെയ്യാം.

● മാസ്റ്റർ ബെഡ്റൂമുകൾക്ക് കുറച്ച് റൊമാന്റിക് ലുക്ക് നൽകാൻ താൽപര്യപ്പെടുന്നവർക്ക് ഇളംനിറങ്ങൾ തിരഞ്ഞെടുക്കാം. കറുപ്പ്, വെളുപ്പ്, കറുപ്പും വെളുപ്പും തമ്മിലുള്ള കോമ്പിനേഷൻ, ഐവറി, ഗ്രീൻ, ഗ്രേ തുടങ്ങി കുറച്ചുകൂടി വൈബ്രൻഡ് ആയ നിറങ്ങളും തിരഞ്ഞെടുക്കാം. ഇവയുടെ ട്രെൻഡ് എല്ലാക്കാലവും നിലനിൽക്കും എന്നതുതന്നെയാണ് പ്രത്യേകത.

● ചെറിയ മുറികളാണെങ്കിൽ വെളുപ്പുനിറം നൽകാം. മുറികൾക്ക് വിശാലത തോന്നിക്കാൻ ഇത് സഹായിക്കും. മുറിക്കുള്ളിലെ മറ്റ് വസ്തുക്കളും ഇതേ നിറത്തിലാക്കാം. ചുമരിൽ പെയിന്റിങ്ങുകൾ തൂക്കുന്നതും ഭംഗി കൂട്ടും.

● ചുമരുകൾക്ക് ഏത് നിറമാണോ നൽകുന്നത് അതിന്‍റെ നിറഭേദങ്ങൾ സീലിങ്ങിനും ഉപയോഗിക്കാം.

● ഏറെ നാൾ നീണ്ടുനിൽക്കുന്നതും കറ അധികം പറ്റാത്തതുമായ പെയിന്‍റുകൾ വാങ്ങാം.


സിംപിൾ ഫർണിച്ചർ മതി

പഴയ ഫർണിച്ചറുകൾ പൊടിതട്ടി പെയിന്റ് ചെയ്ത് പുത്തൻലുക്കിലാക്കാം. വലിയ ഫർണിച്ചറുകൾക്ക് പകരം സിംപിൾ ഫർണിച്ചറുകളിലേക്ക് കൂടുമാറാം.

● പരമാവധി സ്റ്റോറേജുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കാം.

● ഉപയോഗം കഴിഞ്ഞാൽ ചെറിയ മുറികളിലേക്ക് മടക്കിവെക്കാവുന്ന ഫർണിച്ചറുകൾ വാങ്ങാം. ഇതിന് പുറമെ മൾട്ടിപർപ്പസ് സോഫകളും ഉപയോഗിക്കാം. ഇരിക്കാനും കിടക്കാനും ഇവ ഉപയോഗിക്കാം.

● പഴയ സോഫകൾ വൃത്തികേടായി എന്ന് കരുതി ഒഴിവാക്കാൻ നിൽക്കേണ്ട. അതിന്‍റെ അപ്ഹോൾസ്റ്ററി മാറ്റിയാൽ പുതിയ ലുക്ക് ലഭിക്കും. വീടിന്‍റെ മൊത്തത്തിലുള്ള ലുക്ക് മാറ്റാനും ഇത് സഹായിക്കും. അതുപോലെത്തന്നെ കുഷ്യൻ ടൈപ്പ് കസേരകളാണെങ്കിൽ അവക്കും ചെറിയൊരു റീ വർക്ക് നടത്തിയാൽ പുത്തൻ ലുക്ക് ലഭിക്കും.

● മാസത്തിലൊരിക്കൽ സോഫയുടെ സ്ഥാനമൊന്ന് മാറ്റിയിടാം. സോഫയുടെ കുഷ‍്യൻ കവറുകളിൽ പുതുമ പരീക്ഷിക്കാം.

● ഡൈനിങ് ടേബിൾ വാങ്ങുമ്പോൾ വീട്ടുകാരുടെ എണ്ണംകൂടി കണക്കാക്കാം. മൂന്നോ നാലോ പേരാണ് വീട്ടിലുള്ളതെങ്കിൽ അത്രയും സീറ്റിങ്ങുള്ള ടേബിൾ വാങ്ങാൻ ശ്രദ്ധിക്കുക. ഡൈനിങ് ഏരിയയുടെ വലുപ്പവും പരിഗണിക്കണം.


കർട്ടനുകൾ

വീടിന്‍റെ മുഖച്ഛായ മാറ്റുന്നതിൽ കർട്ടനുകൾക്ക് വലിയ പങ്കുണ്ട്. നമ്മുടെ ബജറ്റ് അനുസരിച്ചുള്ള കർട്ടനുകൾ വിപണിയിൽ ലഭ്യമാണ്.

● കർട്ടനുകൾ മാറ്റുമ്പോൾ ചുമരിലെ പെയിന്റുമായി ചേർന്ന് പോകുന്ന നിറങ്ങൾ തിരഞ്ഞെടുക്കാം.

● ലിവിങ് റൂമുകളിൽ സുതാര്യമായ തുണികളിലുള്ള കർട്ടൻ തൂക്കാം. തുണി വാങ്ങി നിങ്ങളുടെ ഇഷ്ടമനുസരിച്ച് കർട്ടൻ തയ്പിച്ചെടുക്കാവുന്നതുമാണ്.

● കർട്ടന് വാങ്ങുന്ന തുണികൾ‍കൊണ്ട് സോഫ കുഷ‍്യനുകളും തയ്പിച്ചെടുക്കാം.

● ബെഡ്റൂമുകളിൽ കടുംനിറത്തിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അടിഭാഗത്തായി സുതാര്യമായ തുണി ചേർക്കാം. ഇതുവഴി മുറിയിലേക്ക് ആവശ്യത്തിന് വെളിച്ചം കിട്ടുകയും അതോടൊപ്പം അകക്കാഴ്ച മറയ്ക്കുകയും ചെയ്യും.

● വീട്ടിൽ വല്ലപ്പോഴും താമസിക്കുന്നവരാണെങ്കിൽ ബ്ലൈൻഡുകൾ ഉപയോഗിക്കാം. സാധാരണ കർട്ടനുകളാണെങ്കിൽ വേഗത്തിൽ പൊടി അടിഞ്ഞുകൂടുകയും വൃത്തികേടാവുകയും ചെയ്യും. ബ്ലൈൻഡുകളാണെങ്കിൽ പെട്ടെന്ന് പൊടി അടിഞ്ഞുകൂടില്ല.

● മുറികൾക്ക് റോയൽ ലുക്ക് നൽകണമെന്നുണ്ടെങ്കിൽ ഗോൾഡൻ, സിൽവർ കളർ കർട്ടനുകൾ ഉപയോഗിക്കാം. ഗോൾഡിൽ തന്നെ പല വെറൈറ്റികളുണ്ട്. വീടിന്‍റെ പെയിന്റിനും ഇന്റീരിയറിനും യോജിച്ചത് തിരഞ്ഞെടുക്കാം.


വാൾപേപ്പറുകൾ

ഇടക്കിടെ വീടിന് പെയിന്റടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് വാൾപേപ്പറുകൾ ഉപയോഗിക്കാം. നമ്മുടെ മനസ്സിനിഷ്ടമുള്ള രീതിയിൽ വീടിനെ ഒരുക്കിയെടുക്കാം എന്നതുതന്നെയാണ് വാൾപേപ്പറുകളുടെ പ്രത്യേകത.

● ഓരോ റൂമിനും അനുയോജ്യമായ വാൾപേപ്പറുകൾ തിരഞ്ഞെടുക്കാം. ബെഡ്റൂമുകളിൽ ഇളംനിറത്തിലുള്ളതോ പ്രകൃതിയോടിണങ്ങുന്നതോ ആയ തീമിലുള്ള വാൾപേപ്പറുകളാക്കാം. കുട്ടികളുടെ മുറികൾക്ക് കാർട്ടൂൺ തീമുകളുള്ള വാൾപേപ്പറുകളും തിരഞ്ഞെടുക്കാം.

● നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ വാൾപേപ്പർ പതിപ്പിക്കാതിരിക്കുക. ഭംഗിയും നിറവും പെട്ടെന്ന് മങ്ങാൻ സാധ്യതയുണ്ട്.

● കുട്ടികളുടെ മുറികളുടെ സീലിങ്ങിൽ നക്ഷത്രങ്ങളും ചന്ദ്രനും സൂര്യനുമുള്ള വാൾപേപ്പറുകളും പരീക്ഷിക്കാവുന്നതാണ്.

● വീടിന്‍റെ പെയിന്റ്, കർട്ടന്റെ നിറം, ഇന്റീരിയർ എന്നിവയോട് യോജിക്കുന്ന ചവിട്ടികൾ തിരഞ്ഞെടുക്കാം. ഇത് വീടിനും ഭംഗി തരും.

● അടുക്കള ഭാഗത്തും ബാത്ത് റൂമുകളിലും ഉപയോഗിക്കുന്ന ചവിട്ടികളിൽ എപ്പോഴും വെള്ളമാകാൻ സാധ്യതയുണ്ട്. വെള്ളം വീണാൽ എളുപ്പം കേടുവരുന്നതും ദുർഗന്ധം വരുന്നതുമായ ചവിട്ടികൾ ഇവിടെ ഉപയോഗിക്കരുത്.

● ചവിട്ടികൾക്കും കാലാവധിയുണ്ട്. കുറേ കാലം ഒരേ ചവിട്ടികൾ ഉപയോഗിക്കുന്നത് അലർജിപോലുള്ള അസുഖങ്ങളെ വിളിച്ചുവരുത്തും.

● വീട്ടിലെ പഴയ തുണികൾകൊണ്ട് ചവിട്ടി നിർമിക്കാവുന്നതാണ്. പല നിറത്തിലുള്ള ചവിട്ടികൾ വീടിന് പുതുമ നൽകും.

കാറ്റും വെളിച്ചവും നിറയട്ടെ

മുറികളായാലും വീടിന്‍റെ മറ്റ് അകത്തളങ്ങളായാലും കാറ്റും വെളിച്ചവും കടക്കത്തക്ക രീതിയിലായിരിക്കണം ജനാലകൾ. വലിയ ജനാലകൾ ഇതിന് സഹായിക്കും. വലിയ ഗ്ലാസ് വിൻഡോകൾ നൽകിയാൽ വീട്ടിൽ നല്ല വെളിച്ചം ലഭിക്കും.


ഷോക്കേസിലെ പാത്രങ്ങളും വെളിച്ചം കാണട്ടെ

വിരുന്നുകാർക്ക് മാത്രമായി സൂക്ഷിച്ചുവെക്കുന്ന പാത്രങ്ങൾ മിക്ക വീടുകളിലുമുണ്ടാകും. എപ്പോഴെങ്കിലും വരുന്ന അതിഥികൾക്കുവേണ്ടി കാത്തുവെക്കുന്നത് മണ്ടത്തമാണ്. ഇടക്കൊക്കെ അവ എടുത്ത് ഉപയോഗിക്കാം. വിരുന്നുകാർക്ക് മാത്രമല്ല, വീട്ടുകാർക്കും ഭംഗിയുള്ള പാത്രങ്ങളിൽ ഭക്ഷണം കഴിക്കാം.

ചവിട്ടികൾ

കാലാവസ്ഥക്ക് അനുസരിച്ചുള്ള ചവിട്ടികൾ വാങ്ങാൻ ശ്രദ്ധിക്കുക. മഴക്കാലത്ത് തുണികൊണ്ടും ജൂട്ടുകൊണ്ടുമുള്ള ചവിട്ടികൾക്ക് പകരം റബർ, പ്ലാസ്റ്റിക് ചവിട്ടികൾ ഉപയോഗിക്കാം.

ചവിട്ടിയല്ലേ, വല്ലപ്പോഴും അലക്കിയാൽ പോരെ എന്ന് കരുതരുത്. നിറയെ പൊടി അടിഞ്ഞുകൂടുന്ന ഇടമാണ് ചവിട്ടികളും കാർ​െപറ്റുകളും. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ അവ വൃത്തിയാക്കാൻ മറക്കരുത്. ഇടക്കിടക്ക് വാക്വം ക്ലീനർ ഉപയോഗിച്ചും പൊടിപടലം വൃത്തിയാക്കാം.

ടി.വി യൂനിറ്റ്

ഏറ്റവും മിനിമൽ ലുക്കിലുള്ള ടി.വി യൂനിറ്റുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ചുമരിൽ എൽ.ഇ.ഡി ടി.വികൾ വെക്കുമ്പോൾ ടി.വി യൂനിറ്റുകൾ ആവശ്യമെങ്കിൽമാത്രം നൽകാം.


ലൈറ്റുകൾ

വീടിന്റെ അകത്തളങ്ങൾ കൂടുതൽ മനോഹരമായി നിർത്തുന്നതിൽ ലൈറ്റുകൾക്ക് വളരെയധികം പങ്കുണ്ട്. മുമ്പൊക്കെ ചുമരുകളിലായിരുന്നു ലൈറ്റുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ, ഇന്നത് സീലിങ്ങിലേക്ക് മാറിയിരിക്കുന്നു. സിംപിൾ ആയിട്ടുള്ള പ്രൊഫൈൽ ലൈറ്റുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒരുപാട് ആർഭാടങ്ങൾ തോന്നിക്കുകയുമില്ല, എന്നാൽ വീടിന് മൊത്തത്തിൽ ഭംഗി നൽകുകയും ചെയ്യുമെന്നാണ് ഇതിന്‍റെ പ്രത്യേകത.

ഓരോ സ്പേസിലും വ്യത്യസ്തമായ ലൈറ്റിങ്ങും ഇപ്പോൾ ട്രെൻഡിങ്ങിലുണ്ട്. സീലിങ്ങിലെ പോലെ ഫ്ലോറിലും ലൈറ്റുകൾ നൽകുന്ന രീതിയും ഇപ്പോഴുണ്ട്. വീടിനുള്ളിലെ ഓരോ ഇടത്തിനും വ്യത്യസ്ത ലൈറ്റിങ്ങാണ് ഇപ്പോള്‍ ട്രെന്‍ഡ്. ടേബിള്‍ ലാംപുകള്‍ കിച്ചണ്‍ കൗണ്ടറില്‍ വരെയെത്തിയിരിക്കുന്നു. ഷാന്‍ഡ്‌ലിയറുകള്‍, പെന്‍ഡന്റ് ലൈറ്റുകള്‍ എന്നിവക്ക് ആരാധകര്‍ ഏറെയാണ്.


അടുക്കളയും അടിമുടി മാറട്ടെ

ഇന്ന് ഏറ്റവും കൂടുതൽ ഇന്റീരിയർ വർക്ക് നടത്തുന്നതും കൂടുതൽ പണം ചെലവാക്കുന്നതും അടുക്കളയിലാണ്. സാധനങ്ങൾ അങ്ങിങ്ങ് സൂക്ഷിക്കുന്നതിന് പകരം അടുക്കളയുടെ ചുമരിലും താഴെ ഭാഗത്തും കാബിനുകൾ പണിയാം. ബോട്ടം കാബിനുകളിൽ പാത്രങ്ങളും മറ്റും സൂക്ഷിക്കാം. ടോപ് കാബിനുകളിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ, ഗ്ലാസുകൾ എന്നിവ വെക്കാം.

● ചെറിയ സ്റ്റാൻഡുകൾ ഓൺലൈനിലും കടകളിലും വാങ്ങാൻ സാധിക്കും. അവ വാങ്ങി മണിപ്ലാന്റുകൾ പോലുള്ള ചെടികൾ വെക്കാം. അടുക്കളയിലും ചെടികൾ വളരട്ടെ.

● ഫ്രിഡ്ജ്, ഓവൻ എന്നിവയുടെ മേൽക്കവറുകൾ ആകർഷകമാക്കാം.

● പഴയ ജാറുകൾ ഒഴിവാക്കി ഒരേ വലുപ്പത്തിലും തീമിലുമുള്ളവ വാങ്ങാം.

● വാഷ്ബേസ് കൗണ്ടറുകൾക്ക് താഴെ കാബിനുകൾ പണിതാൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്രഷുകൾ, സോപ്പുകൾ, തുണികൾ എന്നിവ അവിടെ സൂക്ഷിക്കാം.

● വാഷ്ബേസ് കൗണ്ടറിന്റെ കണ്ണാടിയിൽ ലൈറ്റുകൾ ഘടിപ്പിക്കാം. ഒന്നോ രണ്ടോ ചെടികളും കൗണ്ടറിൽ വെക്കാം.

എല്ലാം എടുത്ത് കളയാൻ വരട്ടെ

വീട് വൃത്തിയാക്കുമ്പോൾ ഒരുപാട് പഴയ സാധനങ്ങൾ ബാക്കിയാകാറുണ്ട്. അവ എടുത്ത് കളയാൻ വരട്ടെ. ചിലതെല്ലാം ഒന്ന് കഴുകി വൃത്തിയാക്കി പെയിന്റടിച്ചാൽ നല്ലൊരു ഷോപീസാക്കാൻ സാധിക്കും. പഴയ പാത്രങ്ങൾ, കുപ്പികൾ എന്നിവയെല്ലാം ഇത്തരത്തിൽ ചെയ്യാം. ആവശ്യമില്ലാത്തതാണെങ്കിലും എപ്പോഴെങ്കിലും ഉപയോഗിക്കാമെന്ന് കരുതി സൂക്ഷിച്ചുവെക്കുന്ന ശീലം വേണ്ട. നമുക്ക് ആവശ്യമുള്ളതിന് മാത്രം വീട്ടിൽ സ്ഥാനം കൊടുക്കുക. വീണ്ടും ഉപയോഗിക്കാൻ പറ്റുന്നത് മാത്രം ഉപയോഗിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorMinimalismhome
News Summary - Let go of boredom; Homes can be updated
Next Story