സ്റ്റോറേജ് സ്പേസ് ഇല്ലേ? സിംപിളായി പരിഹരിക്കാം
text_fieldsസ്വപ്നഭവനം സ്വന്തമാക്കി താമസം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പതിവായി കേൾക്കുന്ന കാര്യമാണ് വീട്ടിനകത്ത് ഒന്നിനും സ്ഥലമില്ലെന്ന പരാതി. ആവശ്യത്തിനു സ്റ്റോറേജ് സ്പേസ് ഇല്ലെന്നത് മിക്ക വീട്ടമ്മമാരുടെയും പരിഹാരം കാണാനാവാത്ത പ്രശ്നമാണ്. ബെഡ്ഷീറ്റും ടവലുകളും പത്രമാസികകളും വസ്ത്രങ്ങളും കേടായ ഉപകരണങ്ങളും ഫർണിച്ചറുമെല്ലാം സൂക്ഷിച്ചുവെക്കാൻ ആവശ്യമായ സ്പേസ് ഇല്ലെങ്കിൽ എത്ര അടക്കിയൊതുക്കിവെച്ചാലും വലിച്ചുവാരിയിട്ട പ്രതീതിതന്നെയായിരിക്കും വീടിനകം മുഴുവൻ.
എന്നാൽ, ഇൗ പ്രശ്നം പരിഹരിക്കാൻ വീട് നിർമാണ സമയത്തോ അല്ലെങ്കിൽ അതിനുശേഷമോ ശ്രദ്ധയോടെ ചില ശ്രമങ്ങൾ നടത്തിയാൽ മതിയാകും. വേണ്ടത്ര സ്ഥലവും സൗകര്യവുമില്ലെന്ന് പഴിക്കുന്ന വീട്ടിൽതന്നെ ആവശ്യമായ സ്റ്റോറേജിനുള്ള ഇടംകണ്ടെത്താൻ എളുപ്പം കഴിഞ്ഞേക്കും.
വരാന്ത
മിക്ക വീടുകളുടെയും വരാന്തക്കൊപ്പം ഇരിപ്പിടവുമുണ്ടാവും. ഇൗ ഇരിപ്പിടത്തിെൻറ അടിഭാഗം തട്ടുകളാക്കിമാറ്റി ടൈലുകൾ ഒട്ടിച്ചോ മരപ്പണി ചെയ്തോ സ്റ്റോറേജ് സ്പേസാക്കി മാറ്റാം. ഷൂസ്, സോക്സുകൾ, വീടിനകത്ത് ഉപയോഗിക്കുന്ന ചെരിപ്പുകൾ എന്നിവ സൂക്ഷിക്കാം.
ഡ്രോയിങ് റൂം
ഡ്രോയിങ് റൂമിലെ സോഫയുടെ അടിഭാഗത്ത് ഒരു ബോക്സ് രൂപത്തിൽ പ്രത്യേക അറ നിർമിക്കാൻ കഴിയുമെങ്കിൽ പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ, ഗ്യാസ് ബുക്ക്, അത്യാവശ്യ ബില്ലുകൾ എന്നിവ സൗകര്യപൂർവം സൂക്ഷിച്ചുവെക്കാം.
മെയിൻഡോർ
സിറ്റൗട്ടിൽനിന്ന് ഹാളിലേക്ക് തുറക്കുന്ന വാതിലുകൾക്കു പിന്നിൽ സുരക്ഷിതമായ എന്നാൽ ആർക്കും കണ്ടുപിടിക്കാനാവാത്ത സ്റ്റോറേജ് സ്പേസുകളൊരുക്കാം. വാതിൽ തുറന്നാൽ ചെന്നുപതിക്കുന്ന ചുവരിൽ അകത്തേക്ക് ബോർഡ് ഫിറ്റുചെയ്ത് ചെറിയൊരു അലമാരയുണ്ടാക്കി, ധിറുതിപിടിച്ച് പുറത്തിറങ്ങുന്ന സമയത്ത് മറന്നുപോകാതെ കൂടെ കരുതേണ്ട സാധനങ്ങൾ ഇവിടെ സൂക്ഷിച്ചുവെക്കാം. വാഹനങ്ങളുടെ താക്കോൽ, ടാഗ്, വാനിറ്റി ബാഗ്, കുട എന്നിവ സൂക്ഷിക്കാൻ പറ്റിയ സ്ഥലമാണിത്. വീട്ടിൽ അതിഥികൾ വന്നാലും എളുപ്പത്തിൽ കണ്ടുപിടിക്കാനാവില്ല ഇൗ സ്റ്റോറേജ് സ്പേസ്.
ബാത്ത്റൂം
നല്ല ഉയരത്തിലാണ് നമ്മുടെ കിടപ്പുമുറികളുടെ സീലിങ്ങുകളെല്ലാം. സമാനമായ ഉയരംതന്നെ കിടപ്പുമുറിയോട് ചേർന്നുള്ള ബാത്ത്റൂമുകളുടെ സീലിങ്ങുകൾക്കുമുണ്ടാകും. എന്നാൽ, ബാത്ത്റൂമിലെ ഇൗ ഉയരത്തിലുള്ള ചുവരുകൾ അധികപ്പറ്റാണ്. അവിടെ ആറ്റിക് രൂപത്തിൽ ഏഴ് അടി സ്ലാബ് അടിക്കുകയാണെങ്കിൽ, സ്ലാബിനും സീലിങ്ങിനുമിടയിലുള്ള വലിയൊരു സ്ഥലം മികച്ച സ്റ്റോറേജ് സ്പേസായി ഉപയോഗപ്പെടുത്താവുന്നതാണ്.
ബാത്ത്റൂമിലെ വാഷ്ബേസിനോട് ചേർന്നുള്ള ചുവരിൽ അകത്തേക്ക് രണ്ടിലധികം തട്ടുകളുള്ള ഷെൽഫ് അടിച്ചാൽ സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ്, ബ്രഷ് എന്നിവക്കൊപ്പം ലോഷനുകൾ, ടവലുകൾ എന്നിവ എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിൽ നിരത്തിെവക്കാവുന്നതാണ്. ഷെൽഫിനകത്ത് ടൈൽസ് പതിക്കുകയാണെങ്കിൽ എളുപ്പത്തിൽ ക്ലീനിങ് നടത്താനും കഴിയും.
ടോയ്ലറ്റ് വാതിലിനു പിന്നിലായി തൊട്ടടുത്ത് കിടക്കുന്ന ചുവരിൽ താഴെ ഭാഗത്ത് ചുവരിനകത്തേക്ക് ചെറിയൊരു ഷെൽഫ് നിർമിക്കുകയാണെങ്കിൽ അവിടെ ബാത്ത് ക്ലീനിങ് സാമഗ്രികളായ വാഷിങ് ലിക്വിഡ്, ക്ലീനിങ് ബ്രഷ് എന്നിവ സൂക്ഷിച്ചുവെക്കാവുന്നതാണ്.
സ്റ്റെയർകേസ്
നോർമൽ സ്റ്റൈലിൽ പണിത സ്റ്റെയർകേസിനു താഴെ സുരക്ഷിതമായി ഒരുക്കുന്ന സ്റ്റോറേജ് സ്പേസ് എല്ലാവരും ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ, ഇൗ സ്പേസ് എല്ലാവരെയും ആകർഷിക്കുന്ന വിധത്തിൽ അണിയിച്ചൊരുക്കുന്ന ട്രെൻഡാണ് ഇപ്പോൾ കണ്ടുവരുന്നത്. സ്റ്റെയർകേസിന് താഴെയുള്ള സ്ഥലത്തിെൻറ ആകൃതിക്കനുസരിച്ച് പ്രത്യേക ഡിസൈനിലും ചുവരിന് അനുസൃതമായ തീമിലുമുള്ള സ്റ്റോറേജുകൾ വീടുകളുടെ അലങ്കാരമായി മാറിയിട്ടുണ്ട് ഇപ്പോൾ.
സ്റ്റെയർകേസുകൾക്കിടയിലെ ലാൻഡിങ് ഏരിയയാണ് സ്റ്റോറേജ് സ്പേസായി ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന മറ്റൊന്ന്. സാധാരണ ഹോംലൈബ്രറികളാണ് ലാൻഡിങ് ഏരിയയിൽ ഇടംപിടിക്കാറുള്ളത്. ലാൻഡിങ് ഏരിയയിൽനിന്ന് സീലിങ്ങിലേക്കുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തെ ചുവരും നന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. ചുവരിൽതന്നെ അലമാരകൾ പണിതോ തട്ടുകളുള്ള അലമാരകൾ ചുവരിൽ സ്ഥാപിച്ചോ കൂടുതൽ സ്പേസ് കണ്ടെത്താം. ലാൻഡിങ്ങിന് മുകളിലായി ഒരു തട്ട് അടിക്കുകയാണെങ്കിൽ വലിയൊരു ഡംപിങ് സ്പേസ് തന്നെ ലഭിക്കും.
ഡൈനിങ് ടേബ്ൾ
ഡൈനിങ് ടേബ്ളിനോടു ചേർന്ന് അടിഭാഗത്ത് ടേബ്ളിെൻറ കാലുകൾ കൊള്ളുന്ന സ്ഥലം കഴിച്ചുള്ള ഭാഗത്ത് ബോക്സ് രൂപത്തിൽ പ്രത്യേക അറകൾ നിർമിക്കുകയാണെങ്കിൽ അച്ചാർ ബോട്ടിലുകൾ, സ്പൂൺ സെറ്റുകൾ, ചെറിയ പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ എപ്പോഴും എടുക്കാവുന്ന തരത്തിൽ സൂക്ഷിച്ചുവെക്കാവുന്നതാണ്.
കിച്ചൻ
വീട്ടിലേക്ക് കസ്റ്റമൈസ്ഡ് മോഡുലാർ കിച്ചനുകൾ തെരഞ്ഞെടുക്കുന്നതിനാൽ അടുക്കളയിൽ അടുക്കിപ്പെറുക്കി വെക്കുന്നതിനെച്ചൊല്ലി അധികം പരാതികളുയരാറില്ല.
അലമാര
സാധാരണ അലമാരകൾ മുറിയിലോ ഹാളിലോ സ്ഥാപിച്ചുകഴിഞ്ഞാൽ അലമാര കഴിഞ്ഞ് സീലിങ് വരെയുള്ള ഭാഗങ്ങൾ എപ്പോഴും ഉപയോഗശൂന്യമായി കിടക്കുകയാണ് പതിവ്. പുതിയ അലമാര പണിയിച്ചോ അറകളുള്ള താൽക്കാലിക അലമാരകൾ സംഘടിപ്പിച്ചോ ഇത്തരത്തിൽ മുറിയിലെ അലമാരക്കു മുകളിൽ സ്ഥാപിച്ചാൽ ഇടക്കുമാത്രം ഉപയോഗിക്കേണ്ടിവരുന്ന വസ്തുക്കൾ മറ്റുള്ള സ്ഥലം അപഹരിക്കാതെതന്നെ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായകരമാകും.
●
വിവരങ്ങൾക്ക് കടപ്പാട്:
മുഹമ്മദ് ഫിസൽ പി
റോക്ക് ഫ്ലവേഴ്സ് ആർക്കിടെക്ട് ആൻഡ്
എൻജിനീയറിങ് കൺസൽട്ടൻറ്,
ബാലുശ്ശേരി, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.