വെയിലൂര്‍ന്നു വീഴുന്ന വീട്
text_fieldsവിശാലമായ അകത്തളത്തിലേക്ക് ആകാശത്തതില്‍ നിന്നും നൂണിറങ്ങുന്ന വെയില്‍ കണ്ണാടിചില്ലുകളില്‍ തട്ടിതെറിക്കുന്നു. മഴവില്ലു തെളിയിക്കുന്ന വെയിലിനെ നോക്കി കണ്ണാടിക്കുളത്തില്‍ സ്വര്‍ണമീനുകള്‍ തുള്ളികളിച്ചു... ഇത് ചെറുകഥയുടെ ആമുഖമൊന്നുമല്ല, മലപ്പുറം സ്വദേശി അബ്ദുള്‍ റഷീദിനു വേണ്ടി ആര്‍ക്കിടെക്ച്ച്വര്‍ സ്റ്റുഡിയോ ഒരുക്കിയ വീടിന്‍റെ അകത്തള വിശേഷങ്ങളാണ്.
വിശാലമായ അകത്തളമുള്ള വീടാകണം, വൈദ്യുതിയില്ളെങ്കിലും വീടിനകം പ്രഭാമയമായിരിക്കണം, വീട്ടുകാരുടെ സ്വകാര്യതക്കും പ്രാധാന്യമുണ്ടാകണം... വീടെന്ന സ്വപ്നത്തെ കുറിച്ച് ഒരുപിടി സങ്കല്‍പങ്ങളുമായത്തെിയ ക്ളയന്‍റിനെ ‘സബാഷ്’പറയിപ്പിക്കുന്ന തരത്തിലാണ് ആര്‍ക്കിടെക്റ്റ് മുഹമ്മദ് ഷാഫി വീടൊരുക്കിയത്. 3000 ചതുശ്രയടി വിസ്ത്രീര്‍ണത്തില്‍ നാലുകിടപ്പുമുറികളും മറ്റ് എല്ലാ സൗകര്യങ്ങളും ഒതുക്കിയ കിടിലന്‍ വീട്.
നീളന്‍ വരാന്തയും ക്ളാഡിങ് സ്റ്റോണ്‍ പതിച്ച് ഒരുക്കിയെടുത്ത ചുവരും പരമ്പരാഗത ശൈലിയില്‍ ചെരിഞ്ഞു നില്‍ക്കുന്ന നീല വര്‍ണമുള്ള മേല്‍ക്കൂരയും വുഡന്‍ ഫ്രെയിമില്‍ ചാഞ്ഞു നില്‍ക്കുന്ന വിന്‍ഡോ സണ്‍ഷേഡുകളുമെല്ലാം വീടിന് സവിശേഷ ചാരുത നല്‍കുന്നു.
പ്രൗഢ ഭംഗിയുള്ള നീളന്‍ വരാന്തയെ ഓര്‍മ്മിപ്പിക്കുന്ന സിറ്റ് ഒൗട്ട് ആദ്യ കാഴ്ചയില്‍ തന്നെ വിശാലതയും പരമ്പാഗത ശൈലിയുടെ തനിമയും എടുത്തുകാട്ടുന്നു. നാച്ചുറല്‍ ക്ളാഡിങ് സ്റ്റോണുകള്‍ കൊണ്ട് പാതി പൊതിഞ്ഞ തൂണുകള്‍, വീടിനകം പ്രകാശ പൂരിതമാക്കാന്‍ പ്രധാന വാതിലിന് ഇരുവശത്തും ഫ്രെയിമിങ് തീമില്‍ കൊടുത്ത മൂന്നു കളങ്ങളുള്ള ജനലുകള്‍ എന്നിങ്ങനെ മനോഹരമായ എന്‍ട്രി.
ഐവറി, വുഡന്‍ നിറങ്ങളുടെ സമന്വയത്തില്‍ ലളിതഭംഗിയുള്ള ലിവിങ്. ഐവറി- ഒലീവ് ഗ്രീന്‍ നിറത്തിലുള്ള സീറ്റിങ്ങും ലാളിത്യമുള്ള സീലിങ്ങൂമാണ് ലിവിങ്ങ് സ്പേസിന്‍റെ ഹൈലൈറ്റ്. ഫോര്‍മല്‍ ലിവിങും ഫാമിലി ലിവിങ്ങും ഡൈനിങ്ങുമെല്ലാം ഒരേ ഹാളില്‍ വിന്യസിച്ചിരിക്കുന്നു. ചുമരുകളെന്ന തടസമില്ലായ്മ അകത്തളത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
ഫാമിലി ലിവിങ് ഏരിയയില്‍ ചുവരില്‍ മിഷ് വര്‍ക്ക് നല്‍കി ടി.വി സ്പേസ് നല്‍കിയിട്ടുണ്ട്. അതിനോട് ചേര്‍ന്ന് നടുമുറ്റം ഒരുക്കിയിരിക്കുന്നു. സാധാരണ നടുമുറ്റം ഒരുക്കുന്നതുപോലെയല്ല, വുഡന്‍ പര്‍ഗോള ഡിസൈനും സ്ളാബും നല്‍കി അതിമനോഹരമായ ഒരു മീന്‍കുളമാണ് നമ്മുക്കവിടെ കാണാന്‍ കഴിയുക.
ആകാശത്ത് നേരിട്ടത്തെുന്ന പ്രകാശത്തിലും മഴപോലെ ചുവരില്‍ നിന്ന് ഉതിരുന്ന വര്‍ണവെളിച്ചങ്ങളിലും പരല്‍മീനുകള്‍ നീന്തിനീരാടുന്ന ഇടം.
ലിവിങ്, ഫാമിലി ഏരിയ, ഡൈനിങ്, സ്റ്റെയര്‍ കേസ് സ്പേസ് എന്നിവയെല്ലാം ഈ നടുമുറ്റത്തിനു ചുറ്റുമാണ് ഉള്ളത്. അതിനാല്‍ ആ സ്പേസു തന്നെയാണ് അകത്തളത്തിന്‍റെ ഹൈലൈറ്റ്.
ഊണു വിളമ്പുന്നത് അല്‍പം സ്വകാര്യതയാകാമെന്ന രീതിയില്‍ വാള്‍സൈസ് ക്യൂരിയോ നല്‍കി സ്റ്റെയര്‍ ഏരിയയില്‍ നിന്നും ഡൈനിങ്ങിനെ വേര്‍തിരിച്ചിട്ടുണ്ട്. സ്റ്റോജുള്ള വുഡന്‍ ഫിനിഷ് വാഷ്ബേസും ഇവിടെ ഒരുക്കിയിരിക്കുന്നു. സ്റ്റെയര്‍ കേസിനു താഴെ പ്രാര്‍ഥനാ മുറി. സ്റ്റെയറിന് അഭിമുഖമായി നടുമുറ്റത്തിന്‍റെ ഒരു വശത്താണ് രണ്ടു കിടപ്പുമുറികളും.
കിടപ്പുമുറികളില്‍ വാഡ്രോബുകള്‍ക്ക് പുറമെ ഡ്രസിങ് ഏരിയയും ബാത്ത്റൂമും അറ്റാച്ച് ചെയ്തിട്ടുണ്ട്. കിടപ്പുമുറികളിലും ഐവറി, വുഡന്‍ നിറങ്ങളുടെ ഒത്തുചേരാലാണ് കാണാന്‍ കഴിയുക. കാറ്റും വെളിച്ചവും അകത്തത്തെുന്നതിനായി മൂന്നു കളങ്ങളുള്ള രണ്ട് ജനാലകള്‍ വീതം നല്‍കിയിട്ടുണ്ട്.
സ്റ്റെയറിന്‍റെ പ്രത്യേക ഭംഗിക്കുവേണ്ടി സ്റ്റെപ്പിനു മുകളില്‍ കറുത്ത നിറമുള്ള വിട്രിഫൈഡും അരികുകളില്‍ ഐവറിനിറമുള്ള ടൈലും വിരിച്ചിരിക്കുന്നു. പരമ്പരാഗത ശൈലിയോടു ചേരുന്ന വുഡന്‍-ഗ്ളാസ് റീലാണ് നല്‍കിയിട്ടുള്ളത്.
ഒന്നാം നിലയില്‍ ലിവിങ് ഏരിയയും രണ്ട് കിടപ്പുമുറികളും സജീകരിച്ചിരിക്കുന്നു. കിടപ്പുമുറികളെല്ലാം ഒരേ തീമിലാണ് ഒരുക്കിയിരിക്കുന്നത്.
ഈ വീട്ടിലെ ന്യൂജെന്‍ താരം അടുക്കളയാണ്. ഡീപ്പ് റെഡ് ആന്‍റ് വൈറ്റ് കോമ്പിനേഷനിലാണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. കബോര്‍ഡുകളും ബ്രേക്ക്ഫാസ്റ്റ് ടേബിളും മുതല്‍ ഫ്രൂട്ട് സ്റ്റാന്‍ഡ് വരെ ചുവപ്പും വെള്ളയും. സ്ഥലം പാഴാത്ത രീതിയിലുള്ള മോഡേണ്‍ ബ്രേക്ക്ഫാസ്റ്റ് ടേബിളും ചെയറുകളുമാണ് അടുക്കളയില്‍ ഇട്ടിരിക്കുന്നത്. അടുക്കളയോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയും ഫയര്‍ കിച്ചനും. വീട്ടുടമയുടെ ആഗ്രഹങ്ങളോട് നീതി പുലർത്താൻ ആർക്കിടെക്റ്റ് പൂര്‍ണമായും ജയിച്ചിട്ടുണ്ട്.
Designed by:
Architect Zainul Abid & Architectural designer Muhammed shafi
Arkitecture Studio, calicut, Kerala, India.
www.arkitecturestudio.com
email: info@arkitecturestudio.com
Mob: +91 9809059550
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.