ലൈഫ് ഭവനപദ്ധതി അന്തിമ ഗുണഭോക്തൃ പട്ടികയായി; 22,955 പേർ വീടിന് അർഹർ
text_fieldsകൽപറ്റ: ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക ജില്ലയിൽ പ്രസിദ്ധീകരിച്ചു.
ഭൂമിയുള്ള ഭവനരഹിതരായി 17,190 പേരും ഭൂമിയും വീടുമില്ലാത്ത 5765 പേരുമായി ആകെ 22,955 പേരാണ് വീടിന് അർഹരായുള്ളത്. ഭൂമിയുള്ള ഭവനരഹിതരിൽ 15,790 പേർ ഗ്രാമപഞ്ചായത്തുകളിലും 1476 പേർ നഗരസഭകളിലുമാണ്. ഭൂമിയില്ലാത്ത ഭവനരഹിതരിൽ 4645 പേർ പഞ്ചായത്തുകളിലും 1119 പേർ നഗരസഭകളിലുമാണ്.
ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ അർഹത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്ത് തിരുനെല്ലിയും (1096) ഏറ്റവും കുറവ് കോട്ടത്തറയും (304) ആണ്. നഗരസഭകളിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ അർഹരായിരിക്കുന്നത് മാനന്തവാടിയിലാണ് -560 പേർ. കുറവ് കൽപറ്റയിലാണ്- 402 പേർ.
ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ള പഞ്ചായത്ത് മേപ്പാടിയാണ് -1453 പേർ. ഭൂമിയില്ലാത്ത ഭവനരഹിതരായി 469 കുടുംബങ്ങളും ഭൂമിയുള്ള ഭവനരഹിതരായി 984 കുടുംബങ്ങളും മേപ്പാടിയിലുണ്ട്. ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ള നഗരസഭ മാനന്തവാടിയാണ്. ഭൂമിയില്ലാത്ത ഭവനരഹിതരായി 315 കുടുംബങ്ങളും ഭൂമിയുള്ള ഭവനരഹിതരായി 560 കുടുംബങ്ങളും മാനന്തവാടിയിലുണ്ട്.
ഓൺലൈനായി സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ പഞ്ചായത്തുതല ഉദ്യോഗസ്ഥർ ആദ്യഘട്ട പരിശോധനയും ജില്ല കലക്ടർ നിയമിച്ച ഉദ്യോഗസ്ഥർ രണ്ടാംഘട്ട പരിശോധനയും കഴിഞ്ഞ് തയാറാക്കിയ കരട് പട്ടികയിൽ ബ്ലോക്ക് തലത്തിൽ ഒന്നാം അപ്പീലും ജില്ലതലത്തിൽ രണ്ടാം അപ്പീലും സ്വീകരിക്കുകയും അവ പരിശോധിച്ച് തീർപ്പാക്കുകയും ചെയ്തശേഷം ഈ പട്ടിക ഗ്രാമസഭയിൽ ചർച്ച ചെയ്ത് അപ്പീൽ സമർപ്പിച്ചവരിൽ പരിഗണന ലഭിച്ചിട്ടില്ലാത്തവരെ ഗ്രാമസഭയിൽ അർഹനാണെന്ന് കണ്ടെത്തിയാൽ അവരെക്കൂടി ഉൾപ്പെടുത്തിയുള്ള അന്തിമ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണമായും ഓൺലൈൻ അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഇത്തവണ ഗുണഭോക്തൃ ലിസ്റ്റ് തയാറായിട്ടുള്ളത്.
വിധവകൾ, ഭിന്നശേഷിക്കാർ, മാരക രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുള്ള കുടുംബങ്ങൾ, അവിവാഹിതരായ അമ്മമാർ തുടങ്ങിയ ക്ലേശ ഘടകങ്ങൾ ഉള്ള ഗുണഭോക്താക്കൾക്കാണ് പട്ടികയിൽ മുൻഗണന ലഭിക്കുക. ഈ ലിസ്റ്റ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് ഇത് പരിശോധിക്കാവുന്നതാണെന്നും ലൈഫ് മിഷൻ ജില്ല കോ ഓഡിനേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.