ലൈഫ് ഭവനപദ്ധതി; 657 പേർക്ക് ആദ്യഗഡു വിതരണം ചെയ്തു
text_fieldsകോഴിക്കോട്: പി.എം.എ.വൈ (അർബൻ) ലൈഫ് പദ്ധതിയുടെ 10ാം പദ്ധതിയിൽ ഉൾപ്പെട്ട 657 പേർക്ക് ആദ്യഗഡു വിതരണം ചെയ്തു.
2024ഓടെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ കോർപറേഷനുകളിലും നഗരസഭകളിലും നടപ്പിലാക്കുന്ന ഭവനപദ്ധതിയാണിത്. 2015 മുതൽ കേരളത്തിലെ അഞ്ച് കോർപറേഷനുകളിലും 87 നഗരസഭകളിലുമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിപ്രകാരം ഒരു ഗുണഭോക്താവിന് നാലുലക്ഷം രൂപയാണ് ലഭിക്കുക. ഇതിൽ 50 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതവും 50 ശതമാനം കോർപറേഷൻ വിഹിതവുമാണ്. ഭവന നിർമാണത്തിന്റെ നാലു ഘട്ടങ്ങളിലായി 10-40-40-10 എന്നീ ശതമാനത്തിലാണ് ഗുണഭോക്താക്കൾക്ക് ഗഡുക്കൾ കൈമാറുക.
നഗരസഭകളിൽ സർവേ നടത്തി ഇതിലൂടെ അർഹരെ കണ്ടെത്തി പദ്ധതി റിപ്പോർട്ട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അനുമതിക്കായി അയക്കുകയും അനുമതി ലഭിച്ചതിനുശേഷം പദ്ധതി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. ജിയോടാഗ് എന്ന സാങ്കേതിക സംവിധാനത്തിലൂടെയാണ് നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങൾ നിരീക്ഷിക്കുക.
സംസ്ഥാന കുടുംബശ്രീ മിഷന്റെ കീഴിൽ അർബൻ ഹൗസിങ് മിഷനാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ലൈഫ് ഭവനപദ്ധതി പ്രകാരം ഏറ്റവും കൂടുതൽ ഭവനങ്ങൾ നൽകക്കൊണ്ടിരിക്കുന്ന മൂന്നാമത്തെ നഗരസഭയാണ് കോഴിക്കോട് കോർപറേഷൻ.
2016ൽ ആരംഭിച്ച ആദ്യ പദ്ധതിയിൽ 619 പേരാണ് ഗുണഭോക്താക്കളായി ഉണ്ടായിരുന്നത്. തുടർന്നുവന്ന ഒമ്പത് പദ്ധതികളിലായി 4122 ഗുണഭോക്താക്കൾക്ക് അനുകൂല്യം ലഭിച്ചു.
164 കോടി 88 ലക്ഷം രൂപയാണ് പദ്ധതിക്ക് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കോർപറേഷൻ വിഹിതമായി 76 കോടി 84 ലക്ഷം രൂപ വകയിരുത്തുകയും 64 കോടി 33 ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകുകയും ചെയ്തു.
2016ൽ 619 ഗുണഭോക്താക്കൾ അടങ്ങിയ ആദ്യ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരം ലഭിച്ചിരുന്നു. തുടർന്നുള്ള ഒമ്പതു പദ്ധതികളിലായി കോർപറേഷനിലെ 4122 ഗുണഭോക്താക്കൾക്ക് പദ്ധതി അനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നു.
811 ഗുണഭോക്താക്കൾ അടങ്ങിയ 11ാം പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഗുണഭോക്താക്കളിൽ 95.5 ശതമാനം പേരും ആദ്യ ഗഡു കൈപ്പറ്റിയവരാണ്.
ഗുണഭോക്താക്കളിൽ 3062 പേർ രണ്ടാം ഗഡുവും 2778 പേർ മൂന്നാം ഗഡുവും കൈപ്പറ്റിയിട്ടുണ്ട്. ഇതിൽ 2100 ഗുണഭോക്താക്കൾ വീടുനിർമാണം പൂർത്തിയാക്കി മുഴുവൻ തുകയും കൈപ്പറ്റിയവരാണ്.
ഒന്നാംഗഡു വിതരണത്തിന്‍റെ ഉദ്ഘാടനം ടൗൺ ഹാളിൽ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.