ലൈഫ് മിഷൻ കരട് പട്ടിക: വെള്ളിയാഴ്ച വരെ അപ്പീൽ സമർപ്പിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsലൈഫ് മിഷൻ -2020 പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിച്ചവരിൽനിന്ന് അർഹരായവരുടെയും അനർഹരുടെയും കരട് പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭ ഓഫിസ്, വെബ്സൈറ്റ്, കൗൺസിലർമാർ, വാർഡുതല ഉദ്യോഗസ്ഥർ എന്നിവിടങ്ങളിൽനിന്ന് പട്ടിക ലഭിക്കും.
അനർഹരായി പട്ടികയിൽ ഉൾപ്പെട്ടവർക്ക് വെള്ളിയാഴ്ചവരെ നേരിട്ടോ, ഓൺലൈൻ വഴിയോ നഗരസഭ സെക്രട്ടറിക്ക് അപ്പീൽ സമർപ്പിക്കാം. പട്ടികയിൽ ഉൾപ്പെടാൻ പുതിയ ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അപ്പീൽ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
A) അപേക്ഷ നൽകിയ ഗുണഭോക്താക്കൾക്ക് മാത്രമാണ് അപ്പീൽ നൽകാൻ കഴിയുക. അതായത് ലൈഫ് പദ്ധതിക്കായി നേരത്തെ ഓൺലൈനായി അപേക്ഷ നൽകിയവർക്ക്, അർഹതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അപ്പീൽ നൽകാം. എന്നാൽ മുമ്പ് അപേക്ഷ നൽകാത്തവർക്ക് പുതിയതായി അപേക്ഷ അപ്പീൽ മുഖേന നൽകാൻ സാധിക്കില്ല
B) ഗുണഭോക്തൃ പട്ടികയിലെ മുൻഗണനാ ക്രമത്തിൽ ആക്ഷേപം ഉണ്ട് എങ്കിൽ അതിന്
C) അനർഹരായവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ആർക്കും അതിനായി അപ്പിൽ നൽകാം
ലൈഫ് പദ്ധതിയിലെ അർഹതാ മാനദണ്ഡങ്ങളായ 25 സെന്റിൽ/5 സെന്റിൽ താഴെ ഭൂമി -ഗ്രാമ പഞ്ചായത്ത് / നഗരസഭകളിൽ ഉള്ളവർ, മൂന്നു ലക്ഷത്തിൽ താഴെ വരുമാനം ഉള്ള കുടുംബം, അപേക്ഷകൻ ഉൾപ്പെട്ടിട്ടുള്ള 2021 ഫെബ്രുവരി 20ന് മുമ്പായുള്ള റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഒരംഗത്തിനും വാസയോഗ്യമായ വീടില്ലാത്തവർ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ/പെൻഷൻ വാങ്ങുന്നവർ അംഗങ്ങളല്ലാത്ത കുടുംബം, ഉപജീവനമാർഗത്തിനല്ലാതെ നാലു ചക്ര വാഹനം സ്വന്തമായി ഇല്ലാത്ത കുടുംബം, ഈ അർഹതാ മാനദണ്ഡങ്ങൾ ഉണ്ടായിട്ടും, നിലവിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ അനർഹരുടെ പട്ടികയിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത് എങ്കിൽ അവശ്യമായ രേഖകൾ സഹിതം ഒന്നാം അപ്പീൽ നൽകാം
പട്ടിക വാർഡ് തലത്തിൽ ആണ് എങ്കിലും, മുൻഗണന തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലാണ്. ഇത് ലിസ്റ്റിലെ അവസാന കോളത്തിൽ നൽകിയിട്ടുണ്ട്. പ്രസ്തുത മുൻഗണനാ ക്രമത്തിലാണ് ആനുകൂല്യം ലഭ്യമാവുക.
മുൻഗണനാ മാനദണ്ഡങ്ങൾ ഒമ്പത് എണ്ണമാണ്
1. മാനസിക വെല്ലുവിളികൾ നേരിടുന്ന അംഗങ്ങൾ കുടുംബത്തിൽ ഉണ്ട് എങ്കിൽ (ഇതിന് അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് വേണ്ടത്)
2 അഗതി/ആശ്രയ ലിസ്റ്റിൽ ഉൾപ്പെട്ടവർ (സി.ഡി.എസ് പ്രസിഡന്റിന്റെ സാക്ഷ്യപത്രം)
3. 40 ശതമാനത്തിലേറെ അംഗവൈകല്യം കുടുംബത്തിൽ ഉള്ളവർ (മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ)
4. ട്രാൻസ്ജൻഡർ/ ഭിന്ന ലിംഗക്കാരായവർ കുടുംബത്തിൽ ഉണ്ട് എങ്കിൽ (അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം)
5. ഗുരുതരമായ രോഗം (കാൻസർ, ഹൃദ്രോഗം, കിഡ്നിയുടെ രോഗം മൂലം ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതം വന്നവർ അംഗങ്ങൾ ആയ കുടുംബം. അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ)
6. അവിവാഹിതയായ അമ്മ കുടുംബനാഥയാണ് എങ്കിൽ (വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രമാണ് അടിസ്ഥാന രേഖ)
7. അപകടം/രോഗം മൂലം തൊഴിലെടുക്കാൻ കഴിയാത്ത കുടുംബനാഥൻ ഉള്ള കുടുംബം (അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ)
8. വിധവ കുടുംബനാഥ (വിധവ കുടുംബനാഥ ആവുകയും, സ്ഥിര വരുമാനമുള്ള മറ്റ് അംഗങ്ങൾ ഇല്ലാതിരിക്കുകയും 25 വയസിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന കുടുംബം). വിധവ എന്ന് തെളിയിക്കുന്ന രേഖ സ്ഥിര വരുമാനം ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഇവ ആണ് അടിസ്ഥാന രേഖ
9 എച്ച്.ഐ.വി ബാധിതർ (സാക്ഷ്യപത്രം ആവശ്യമില്ല)
ഇവ ഉള്ള കുടുംബത്തിന് മുൻഗണനയിൽ പരിഗണന ലഭിച്ചില്ല എങ്കിൽ അപ്പീൽ നൽകാം. ഒരേ മുൻഗണന ഉള്ളവരെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മുൻഗണനയിൽ ഉൾപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.