ചരിത്രത്തിെൻറ നേർക്കാഴ്ചയായി മയലക്കര മാളിക
text_fieldsമാഹി: ഒന്നര നൂറ്റാണ്ടുമുമ്പ് ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം മയലക്കര കുഞ്ഞമ്മദ് കുട്ടി ഹാജി പണികഴിപ്പിച്ച മണിമാളിക ഇന്നും ന്യൂ മാഹിയിൽ പ്രൗഢി നഷ്ടപ്പെടാതെ ചരിത്രത്തിെൻറ നേർക്കാഴ്ചയായി തലയുയർത്തി നിൽക്കുന്നു.
1870ൽ മണിമാളിക നിർമിച്ച് വിസ്മയക്കാഴ്ച ഒരുക്കിയ കുഞ്ഞമ്മദ് കുട്ടി ഹാജി കൊളംബോയിലെ പി. കുഞ്ഞിമൂസ ആൻഡ് കമ്പനിയുടെ ഉടമയും സിലോണിലെ ഉണക്കമത്സ്യ വ്യാപാരിയുമായിരുന്നു.
മയലക്കര മാളികയിൽ 50ലേറെ മുറികളും 250 പേർക്ക് ഒത്തുചേരാവുന്ന മൂന്ന് വിശാലമായ ഹാളുകളുമുണ്ട്. വലിയ തൂണുകൾ, നാല് കോണിപ്പടികൾ, മുകളിലത്തെ നിലയിൽ നിന്നും വെള്ളം കോരിയെടുക്കാവുന്ന സംവിധാനത്തിലുള്ള കിണറുകൾ, നീന്തൽ കുളങ്ങൾ, വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് ചുമരുകളിലും മച്ചിലും സ്ഥാപിച്ചിരിക്കുന്ന ജുബ്ബറുകൾ എന്നിവയുമുണ്ട്.
23 വർഷം കൊണ്ടാണ് ഈ കൂട്ടുകുടുംബ തറവാടിെൻറ പണി മുഴുമിപ്പിച്ചത്. സ്വന്തമായുള്ള 10,000 ഏക്കറോളം ഭൂമിയിൽനിന്നും മുറിച്ചു കൊണ്ടുവന്ന തേക്കുമരങ്ങളാണ് മാളികയുടെ നിർമിതിക്ക് ഉപയോഗിച്ചിട്ടുള്ളത്. മയ്യിലും കരയും ചേർന്നാണ് മൈലക്കര അഥവാ മയിലക്കര ആയതെന്ന് കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം മേധാവിയായിരുന്ന ഇ. രാഘവവാര്യർ പറയുന്നു.
1919ൽ കുഞ്ഞമ്മദ് കുട്ടി ഹാജി സ്ഥാപിച്ച മദ്റസയാണ് ഇന്നത്തെ എം.എം.യു.പി സ്കൂൾ. 1945ൽ മയ്യ ലവിയ്യ മുസ്ലിം സൊസൈറ്റി സ്ഥാപിതമാവുകയും അത് ഹൈസ്കൂളായി മാറുകയും ചെയ്തു. മാഹി ജെ.എൻ.എൻ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിച്ചുവരുന്ന സ്ഥലവും ഈ തറവാട്ടിലെ ഭൂസ്വത്തിൽ ഉൾപ്പെടുമത്രെ.
തറവാട്ടിലെ കല്യാണത്തിന് മാഹി റെയിൽവേ സ്റ്റേഷൻ പോലും അലങ്കരിച്ചിരുന്നതായും ട്രെയിൻ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായും പഴമക്കാർ പറയുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെ പിതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന രാമയ്യർ ഈ തറവാട്ടിലെ നിയമോപദേഷ്ടാവ് ആയിരുന്നു. ആറ് വൻ ചിത്രത്തൂണുകളാണ് മയലക്കരയുടെ വിരുന്നുകാർക്ക് സ്വാഗതമോതുന്നതെന്ന് ന്യൂ മാഹി എം.എം ഹൈസ്കൂൾ ചിത്രകലാധ്യാപകൻ പി.എം. സുധീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.