സ്നേഹ വീടുകളുടെ സമർപ്പണം മന്ത്രി നിർവഹിക്കും
text_fieldsകൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷൻ 14ൽ നിർമിച്ച 10 സ്നേഹവീടുകളുടെ സമർപ്പണം മന്ത്രി പി. രാജീവ് നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുപരിപാടിയുടെ ഉദ്ഘാടനം ഞായറാഴ്ച പകൽ രണ്ടിന് പെരിഞ്ഞനം വെസ്റ്റ് ആറാട്ടുകടവിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. വാർഡ് 14ലെ ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ സി.പി.എം സഹകരണത്തോടെയും ആസ്റ്റർ മെഡിസിറ്റി ഡി.എം ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയുമാണ് പാവപ്പെട്ട 10 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചിരിക്കുന്നത്.
500 മുതൽ 600 വരെ ചതുരശ്ര അടിയുള്ളതാണ് വീടുകൾ. ഇതിനായി ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ 40 ലക്ഷം ചെലവിട്ടു. ബാക്കി 30 ലക്ഷം രൂപ നാട്ടിൽനിന്ന് സ്വരൂപിക്കുകയായിരുന്നു. പെരിഞ്ഞനത്ത് ആറ് വീടുകളും കയ്പമംഗലത്ത് നാല് വീടുകളുമാണ് പണി തീർത്തത്. സ്നേഹവീട് പദ്ധതിയിൽ ഏറ്റവും അർഹതപ്പെട്ടവർക്കാണ് വീടുകൾ നിർമിച്ചു നൽകിയതെന്ന് സംഘാടക സമിതി ചെയർമാനും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ചന്ദ്രശേഖരൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലി, സംഘാടക സമിതി ജനറൽ കൺവീനർ ആർ.കെ. ബേബി, എൻ.കെ. അബ്ദുൽ നാസർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.