കൊതുക് ഇനി ഒരു പ്രശ്നമേയല്ല, ശശിധരന് ചേട്ടന്റെ 'കരിഓയില്‍' വിദ്യ ഉഗ്രന്‍
text_fieldsമരട്: മൂളിപ്പാട്ടും പാടി കുത്താന്‍ വരുന്ന കൊതുകുകളെ മൂക്കുംകുത്തി വീഴ്ത്താനുള്ള കെണിയൊരുക്കി ശ്രദ്ധേയമാവുകയാണ് നെട്ടൂര്‍ കല്ലൂക്കാട്ട് വീട്ടില്‍ കെ.എന്‍. ശശിധരന്. ഷീറ്റിനു മുകളില്‍ കരി ഓയില്‍ പുരട്ടിയാണ് കൊതുകിനെ തുരത്താനുള്ള മാര്‍ഗം കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശശിധരന്റെ വീട്ടിലെ കൊതുകുശല്യം തന്നെയാണ് പ്രതിവിധി കണ്ടെത്തണമെന്ന ചിന്ത ഉയര്‍ന്നുവരാന്‍ കാരണം.
കൊതുകിെൻറ പ്രജനനകേന്ദ്രം വെള്ളമായതുകൊണ്ടുതന്നെ ആ രീതിയിലാണ് ആദ്യം പരീക്ഷണം തുടങ്ങിവെച്ചത്. പല മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഫലവത്താകാതെ വന്നെങ്കിലും ശശിധരന് പിന്നോട്ടുപോയില്ല.
കെട്ടിട നിര്‍മാണമേഖലയിലെ തൊഴിലാളിയായ ശശിധരന് ജോലിക്കിടെയാണ് പുതിയ മാര്‍ഗം മനസ്സിലുദിക്കുന്നത്. വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന തകിട് ഷീറ്റുപയോഗിച്ച് പരീക്ഷണം നടത്താമെന്ന് തീരുമാനിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ഷീറ്റിെൻറ മുകള്‍ഭാഗത്തായി കരി ഓയില്‍ പുരട്ടി കൊതുക് രൂക്ഷമായ സ്ഥലത്ത് രാത്രിമുഴുവന്‍ സ്ഥാപിച്ചു. രാവിലെ എഴുന്നേറ്റുനോക്കിയപ്പോഴാണ് കൊതുകുകള്‍ ഷീറ്റിനു മുകളില്‍ പുരട്ടിയ ഓയിലില്‍ ഒട്ടിപ്പിടിച്ച് കിടക്കുന്നതുകണ്ടത്. കൊതുകുകളെ നശിപ്പിക്കുന്നതിനായുള്ള ഏറ്റവും നല്ല മാര്ഗമാണിതാണെന്ന് ശശിധരന് അന്ന് ഉറപ്പിക്കുകയായിരുന്നു. തിളക്കമുള്ള പ്രതലത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണെന്നു കരുതിയാകാം കൊതുകുകള്‍ ഷീറ്റിനു മുകളില്‍ വന്നിരിക്കുന്നതെന്നാണ് ശശിധരന് പറയുന്നത്. കറുത്ത ഗ്രാനൈറ്റ് കഷ്ണത്തിലും കരിഓയില്‍ പുരട്ടിയാല്‍ ഫലമുണ്ടാകുമെന്നും ശശിധരന് പറയുന്നു.
ശശിധരെൻറ പുതിയ കണ്ടുപിടിത്തം നാട്ടില്‍ പാട്ടായതോടെ നിരവധിയാളുകള്‍ കാണാനും ഈ രീതി പിന്തുടരാനും വിളിക്കുന്നുണ്ട്. മരട് നഗരസഭ 24ആം വാര്‍ഡ് കൗണ്‍സിലറുടെ നിർദേശപ്രകാരം വാര്‍ഡിെൻറ പരിസരപ്രദേശങ്ങളില്‍ ഈ രീതി നടപ്പാക്കാനൊരുങ്ങുകയാണ് ശശിധരന്. പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാത്ത കണ്ടുപിടിത്തത്തിനൊപ്പം പിന്തുണയുമായി ഭാര്യ മൈഥിലിയും മകള്‍ സൗമ്യയും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.