അരയന്നങ്ങളുടെ വീട്ടില്‍
text_fieldsഉത്സവം കൊടിയിറങ്ങിയ പൂരപ്പറമ്പു പോലെയാണ് ‘അമരാവതി’. മനസ്സിനുള്ളിലെ ശരശയ്യയില്‍ കിടന്ന ‘ഭീഷ്മരു’മായി ലോഹിതദാസ് എന്നെന്നേക്കുമായി പടിയിറങ്ങിയതോടെ അദ്ദേഹത്തിന്‍െറ അമരാവതിയെന്ന ഈ പ്രിയവീട് തനിച്ചായി. അതോടെ കഷ്ടകാലവും തുടങ്ങിയെന്ന് ഭാര്യ സിന്ധു ലോഹിതദാസ് പറയുന്നു. അമരാവതിയുടെ പൂമുഖത്തെ ഒഴിഞ്ഞ ചാരുകസേരയും തെക്കേത്തൊടിയില്‍ അദ്ദേഹത്തിന്‍െറ പട്ടടയുടെ സ്ഥാനവും കണ്‍മറച്ച് പടിപ്പുര വാതില്‍ അടഞ്ഞുകിടക്കുന്നു.
നാട്ടിടവഴികളിലും നഗരപ്രാന്തങ്ങളിലും കണ്ടുമുട്ടിയ പച്ച ജീവിതങ്ങളെ രംഗഭാഷയിലേക്ക് ആവാഹിക്കാന്‍ ലോഹിതദാസിന് കുടപിടിച്ച ‘അമരാവതി’ അങ്ങനെ മലയാളിയുടെ സ്വകാര്യ ദു$ഖമായി.
നിളയെയും വള്ളുവനാടന്‍ മണ്ണിനെയും അവിടത്തെ ഉത്സവങ്ങളെയും നെഞ്ചോടമര്‍ത്തി ജീവിച്ച ലോഹി ഏറെ കൊതിച്ചു സ്വന്തമാക്കിയതാണ് പാലക്കാട് ജില്ലയില്‍ പഴയ ലക്കിടി അകലൂരിലുള്ള ഈ ‘എഴുത്തുപുര’. പടിപ്പുരയും കുളവും സര്‍പ്പക്കാവും സസ്യസമൃദ്ധിയും ഒത്തിണങ്ങിയ വലിയില്ലത്ത് നായര്‍ തറവാട്, അമരാവതിയായി മാറ്റിയത് ലോഹിതദാസാണ്. കഥകളുടെ ദേവേന്ദ്രന്‍െറ ആസ്ഥാനമായി അകലൂരിലെ അമരാവതി മാറി.
‘
അമരാവതിയിലെ’ ഏകാന്തതയില്‍ ജന്മമെടുത്ത കരുത്തുറ്റ കഥാപാത്രങ്ങള്‍ മലയാളി മനസ്സില്‍ ഇന്നും ജീവിക്കുന്നു. മഹാനഗരങ്ങളിലെ തിരക്കില്‍നിന്ന് പുതിയ കഥാബീജം തേടി ലോഹി എത്തിയിരുന്നത് നിളയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നു. വള്ളുവനാടന്‍ പൂരങ്ങളും കലാരൂപങ്ങളും സര്‍ഗസൃഷ്ടിക്ക് വെള്ളവും വളവുമേകി. ഗ്രാമീണതയിലെ നാട്യലേശമില്ലാത്ത ജീവിതങ്ങള്‍ പലതും അമരാവതിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി പച്ച മനുഷ്യരായി. ലോഹിയുടെ കഥാപാത്രങ്ങളുടെ പരിസരമായി ഒറ്റപ്പാലവും സമീപപ്രദേശങ്ങളും മാറിയതും ഇതിനാലാണ്. ജീവസ്സുറ്റ കഥകളുമായി മലയാള സിനിമയെ വേറിട്ട വഴിയിലൂടെ കൈപിടിച്ചു നടത്താന്‍ ഉറക്കമൊഴിച്ച ലോഹിക്കൊപ്പം അമരാവതിയും കൂട്ടിരുന്നു.
മലയാള സിനിമയുടെ ഉന്നതങ്ങളില്‍ എത്തിപ്പെട്ട ശേഷവും അകലൂരിന്‍െറ നാട്ടിട വഴികളില്‍ കാണുന്നവരോടെല്ലാം ലോഹി ലോഹ്യം പറഞ്ഞു. ജാടകളില്ലാത്ത ഒരു സിനിമക്കാരനെ നാട്ടുകാര്‍ കണ്ടുമുട്ടുന്നത് അമരാവതിയില്‍ ഇദ്ദേഹം താമസമുറപ്പിച്ച ശേഷമായിരുന്നു.
പ്രകൃതിയുടെ തനിമ വീട്ടുവളപ്പില്‍ നിലനിര്‍ത്തുകയായിരുന്നു ലോഹി. വെട്ടിത്തെളിക്കാത്ത വീട്ടുവളപ്പും നിര്‍ഭയരായി കഴിയുന്ന ജന്തുജാലങ്ങളും തൊടിയിലെ
മീന്‍ പുളക്കുന്ന വലിയ കുളവും പടിപ്പുര കടന്നത്തെുന്ന ചാരുപടിയിട്ട പൂമുഖവും ഭാവനാ സമ്പത്തിന്‍െറ സാക്ഷാത്കാരമായിരിക്കുന്നു.
കഥകളുറങ്ങാത്ത അമരാവതിയെ അനാഥമാക്കി ലോഹിതദാസ് വിട പറഞ്ഞത് പൊടുന്നനെയായിരുന്നു. 2009 ജൂണ്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ അന്തരിച്ച ലോഹിയുടെ നിത്യനിദ്രക്ക് തെരഞ്ഞെടുത്തത് അമരാവതിയുടെ മണ്ണാണ്. കിരീടവും ചെങ്കോലും ഉപേക്ഷിച്ച് ശവക്കച്ച പുതച്ചുകിടന്ന ലോഹിയെ ഒന്നുകാണാന്‍ മലയാള സിനിമ ഒന്നടങ്കം അമരാവതിയില്‍ തിക്കിത്തിരക്കി.
ലോഹിയുടെ ഗന്ധം ഇനിയും വിട്ടുമാറിയിട്ടില്ലാത്ത ഈ വീട് നിലനില്‍ക്കണമെന്ന പ്രാര്‍ഥനയിലാണ് അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.