മുംബൈയിൽ പുതിയ വീട് സ്വന്തമാക്കി അമിതാഭ് ബച്ചൻ; പക്ഷെ താമസിക്കില്ല
text_fieldsമുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ മുംബൈയിൽ ഫ്ലാറ്റ് സ്വന്തമാക്കി. പാർഥനോൺ സൊസൈറ്റിയുടെ 31-ാം നിലയിലെ 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. താമസത്തിനല്ലെന്നും നിക്ഷേപത്തിനായാണ് അദ്ദേഹം വസ്തു വാങ്ങിയതെന്നും സൂചനയുണ്ട്. ഫ്ലാറ്റിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അമിതാഭ് ബച്ചന് ഇതിനകം 6 ബംഗ്ലാവുകൾ മുംബൈയിലുണ്ട്. പതിനായിരം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന 'ജൽസ'യിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്. 'ജൽസ'യിലേക്ക് മാറുന്നതിന് മുമ്പ് മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന 'പ്രതിക്ഷ'യാണ് രണ്ടാമത്തെ ബംഗ്ലാവ്. മൂന്നാമത്തെ ബംഗ്ലാവ് 'ജനക്' ആണ്. അവിടെ അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നു. 'വത്സ്'എന്ന് പേരുള്ള ഒരു ബംഗ്ലാവും അദ്ദേഹത്തിന് മുംബൈയിൽ ഉണ്ട്. ഇതിനെല്ലാം പുറമേ, 2013ൽ അദ്ദേഹം 'ജൽസ'യ്ക്ക് തൊട്ടുപിന്നിൽ 60 കോടിയുടെ ബംഗ്ലാവും വാങ്ങിയിരുന്നു.
ഇതുകൂടാതെ നിരവധി ഫ്ലാറ്റുകളും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വർഷം അമിതാഭ് ബച്ചൻ തന്റെ ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റ് നടി കൃതി സനോണിന് വാടകയ്ക്ക് നൽകിയിരുന്നു. മാസം 10 ലക്ഷം രൂപയാണ് ഇതിന്റെ വാടക. 2 വർഷത്തെ കരാറിലാണ് കൃതി ഈ വീട് വാടകയ്ക്ക് എടുത്തത്. ലോഖണ്ഡ്‌വാലയിലെ അറ്റ്‌ലാന്റിസ് കെട്ടിടത്തിന്റെ 27, 28 നിലകളിലാണ് ഈ ഡ്യൂപ്ലക്‌സ് ഫ്ലാറ്റുള്ളത്.
രശ്മിക മന്ദാന, നീന ഗുപ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രമായ 'ഗുഡ് ബൈ' ആണ് അമിതാഭ് ബച്ചന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. രശ്മികയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. ഒക്ടോബർ 7നാണ് പ്രദർശനത്തിനെത്തുന്നത്.
ബച്ചനോടൊപ്പം അഭിനയിക്കാൻ സാധിച്ചത് വളരെ വലിയ കാര്യമാണെന്നും ഏറെ സന്തേഷമുണ്ടെന്നും രശ്മിക പറഞ്ഞിരുന്നു. അമിതാഭ് ബച്ചൻ ഒരു മികച്ച അധ്യാപകനാണെന്നാണ് താരം കൂട്ടിച്ചേർത്തു. 'മികച്ച അധ്യാപകനാണ് അമിതാഭ് ബച്ചൻ. വളരെ മികച്ചതും അതിശയിപ്പിക്കുന്നതുമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എന്റെ ആദ്യത്തെ ഹിന്ദി ചിത്രം ബച്ചൻ സാറിനോടൊപ്പമായതിൽ വളരെയധികം സന്തോഷമുണ്ട്'; രശ്മിക മന്ദാന പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.