ജൂബിലി ഹിൽസിലെ വിസ്മയം; രാം ചരണിന്റെ 40 കോടിയുടെ ബംഗ്ലാവ് കാണാം
text_fieldsതെലുഗു സൂപ്പർ സ്റ്റാർ ചിരജ്ഞീവിയുടെ മകനും നടനുമായ രാംചരൺതേജ അടുത്തിടെയാണ് തന്റെ പുതിയ ബംഗ്ലാവ് സ്വന്തമാക്കിയത്. ഹൈദരാബാദിൽ അതിസമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിലാണ് ഈ കൊട്ടാരസദൃശ്യമായ ബംഗ്ലാവുള്ളത്. ഭാര്യ ഉപാസന കാമിനേനിക്കും പിതാവ് ചിരജ്ഞീവിക്കും ഒപ്പമാണ് യുവതാരം വീട് വാങ്ങിയത്. അതിമനോഹരമായ രൂപകല്പനയും പരമ്പരാഗത ഘടകങ്ങളുംകൊണ്ട് മാൻഷൻ വേറിട്ടുനിൽക്കുന്നുണ്ട്.
25000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ മെഗാ മാൻഷൻ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നിർമിച്ചിരിക്കുന്നത്. 40 കോടി രൂപയാണ് രാം ചരൺ ഈ അത്യാഡംബര കൊട്ടാരത്തിനായി ചെലവഴിച്ചത്. തെലുഗു മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഗൃഹപ്രവേശ ചടങ്ങും ആഡംബരത്തോടെയാണ് നടന്നത്. ആന്ധ്രയുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന കൂറ്റൻ ബാൽക്കണികളും അതുല്യമായ അലങ്കാരങ്ങളുമാണ് ബംഗ്ലാവിന്റെ ഹൈലൈറ്റുകൾ.
മുംബൈ ആസ്ഥാനമായുള്ള പ്രമുഖ വാസ്തുവിദ്യാ സ്ഥാപനമായ തഹിലിയാനി ഹോംസാണ് വീട് രൂപകൽപ്പനചെയ്തിരിക്കുന്നത്. വിശാലമായ എസ്റ്റേറ്റിലേക്ക് നയിക്കുന്ന ഡ്രൈവ് വേയിൽ ഇരുവശവും തണൽ മരങ്ങളും പൂച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. മുൻഭാഗം പുനർനിർമിക്കാതെയാണ് മന്ദിരം നവീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാർബിൾ ഫീച്ചർ ഡിസൈനുകളും കൊത്തുപണികളും വീട്ടിൽ കാണാം. വിലകൂടിയ ഒട്ടനവധി പെയിന്റിംഗുകൾ മാളികയുടെ ഭിത്തികളെ അലങ്കരിക്കുന്നുണ്ട്.
അതിമനോഹരമായ ലൈറ്റ് ഫിറ്റിംഗുകൾ ഉൾവശത്തിന്റെ ചാരുത വർധിപ്പിക്കുന്നുണ്ട്. ചെസ്സ് ബോർഡ് പോലെ തോന്നിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്ലോറിങ് വർക്കുകളുള്ള പ്രത്യേക മുറിയും ബംഗ്ലാവിലുണ്ട്. മാളികയിലെ ചിരഞ്ജീവിയുടെ പ്രിയപ്പെട്ട മുറിയാണിതെന്നാണ് റിപ്പോർട്ട്.
ജേഡ് റൂം ഇവിടുത്തെ മറ്റൊരു രസകരമായ സവിശേഷതയാണ്. ഈ മുറിയിൽ ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പച്ച നിറത്തിലുള്ള മ്രതകത്തിന്റെ സാന്നിധ്യമുണ്ട്. പുരാതന കാലത്ത്, ചൈനീസ് രാജാക്കന്മാർ വിശ്വസിച്ചിരുന്നത് ജേഡിന്റെ സാന്നിധ്യം അപകടങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്നാണ്. സിനിമാ നിർമ്മാണത്തിൽ നിക്ഷേപം നടത്തുന്നതിനാൽ തങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുന്ന ശുഭസൂചകമായാണ് കുടുംബം ഈ മുറിയെ കാണുന്നത്. സീലിംഗും തറയും അലങ്കരിക്കാനും മരതകം ഉപയോഗിച്ചിട്ടുണ്ട്.
നിലവറയിലെ പൂജാമുറിയും വളരെ പ്രത്യേകതയുള്ളതാണ്. പുരാതന ക്ഷേത്രങ്ങളുടെ മാതൃകയിൽ കല്ലിലാണ് ഈ പ്രദേശം നിർമ്മിച്ചിരിക്കുന്നത്. പ്രാർത്ഥനയ്ക്കും ധ്യാനത്തിനും വീട്ടിൽ ധാരാളം സ്ഥലം ഉൾപ്പെടുത്തിയിട്ടുണ്ട്. നീന്തൽക്കുളം, ടെന്നീസ് കോർട്ട്, ആധുനിക ജിംനേഷ്യം എന്നിവയും മാളികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.