പ്രകൃതിയോടിണങ്ങി ശാന്തിമഹൽ
text_fieldsപ്രകൃതിയുമായി ഇഴുകിചേരുന്ന വീട് വേണമെന്നായിരുന്നു നാസറിെൻറയും കുടുംബത്തിെൻറയും ആഗ്രഹം. പ്രകൃതി സൗഹൃദമായി പണിതീർത്ത നിരവധി ബദൽ വീടുകൾ സന്ദർശിച്ചും പലതരം നിർമാണ ശൈലികൾ പരിചയപ്പെട്ടതിനും ശേഷമാണ് സ്വന്തം വീട് ഹാബിറ്റാറ്റിന് നൽകാൻ തീരുമാനിച്ചത്. ഹാബിറ്റാറ്റ് പരപ്പനങ്ങാടിയിലെ ആർക്കിടെക്റ്റ് ഹുമയൂൺ കബീറിനെ നിർമാണം ഏൽപ്പിച്ചത്. വീട്ടുടമ ആഗ്രഹിച്ചതിലേറെ സൗകര്യങ്ങളും ചാരുതയും പകർന്നാണ് ഹുമയൂൺ ‘ശാന്തിമഹൽ’ പണിതീർത്തത്.
പട്ടാമ്പി പള്ളിപ്പുറത്ത് പെരിമുടിയുരിലെ 14 സെൻറ് േപ്ലാട്ടിലാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിെൻറ പുറംകാഴ്ചയിൽ തന്നെ കുളിർമ തോന്നുന്ന അന്തരീഷമാണ് ‘ശാന്തിമഹലി’നുള്ളത്.
ചെങ്കല്ലിന്റെ എക്സ്പോസ്ഡ് വർക്ക് ആണ് എലിവേഷനിൽ ഉടനീളം കാണുന്നത്. ലിൻറലുകൾ വരുന്ന ഭാഗത്തും ജനാലയുടെ ഫ്രയിമുകൾ വരുന്ന ഭാഗത്തും മാത്രമാണ് വെള്ള നിറം നൽകിയിരിക്കുന്നത്. പാരപെറ്റും സിറ്റ് ഒൗട്ടിലെ തൂണുകളും മണ്ണുകൊണ്ടാണ് തേച്ചിരിക്കുന്നത്. മൺനിറം തന്നെ നൽകിയിരിക്കുന്നത് പുറംകാഴ്ചക്ക് കൂടുതൽ മിഴിവേകുന്നു.
ജാലകങ്ങൾക്ക് കളർ ഗ്ലാസ് നൽകിയിരിക്കുന്നത് എലിവേഷെൻറ ഭംഗികൂട്ടുന്നു. സൺഷേഡുകളിൽ ഒാടു പതിച്ചിട്ടുണ്ട്. സിറ്റ് ഒൗട്ടിലെ മൺതൂണുകൾക്കിടയിൽ സീറ്റിങ്ങായി നൽകിയിരിക്കുന്നത് കരിമ്പനയുടെ തടിയാണ്. പ്രധാനവാതിലും കരിമ്പനയിൽ തീർത്തിരിക്കുന്നു.
ഇരുനിലയിലായി 1450 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിൽ നാലു കിടപ്പുമുറികളാണ് നൽകിയിരിക്കുന്നത്. വീടിന്‍റെ മേല്‍ക്കൂര ഫില്ലര്‍ സ്ലാബ് രീതിയിലാണ് വാര്‍ത്തിരിക്കുന്നത്. ഒാപ്പൺ ശൈലിയിലുള്ള അകത്തളത്തിൽ കാറ്റും വെളിച്ചവും ഒഴുകി നടക്കുന്നു. അകത്ത് കൂടുതൽ സ്ഥലമുള്ളതായി തോന്നുകയും ചെയ്യുന്നുണ്ട്. മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓരോ ഇഞ്ചും നഷ്ടപ്പെടുത്താതെ ഉപയോഗിക്കാനും ഡിസൈനർക്ക് കഴിഞ്ഞിട്ടുണ്ട്.
ലിവിങ് മുറിയോട് ചേർന്ന് ഡബിൾഹൈറ്റിൽ കോർട്ട്യാർഡ് നൽകിയിട്ടുണ്ട്. കോർട്ട് യാർഡിെൻറ വശത്താണ് കിടപ്പുമുറി. കിടപ്പുമുറിയിൽ നിന്ന് കോർട്ട് യാർഡിലേക്ക് തുറക്കാൻ പഴയരീതിയിലുള്ള മനോഹരമായ ഒരു കിളിവാതിൽ നൽകിയിരിക്കുന്നു. കിളിവാതിലും കരിമ്പന ഉപയോഗിച്ചാണ് പണിതീർത്തിരിക്കുന്നത്.
വാതിലും ജനലുകളും പണിത് ബാക്കിയായ കരിമ്പന പലകകൊണ്ടാണ് ലിവിങ്ങിലേക്കുള്ള സെറ്റിയും ടീപോയും ഒരുക്കിയിരിക്കുന്നത്. ലിവിങ് സ്പേസിൽ ഒരു ഭാഗത്തെ ചുമർ മണ്ണുകൊണ്ട് തേച്ച് വെള്ളനിറത്തിലുള്ള നീഷേകൾ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. നല്ല മണ്ണും ഇത്തിളും ഉമിയും അൽപം സിമൻറും ചേർത്താണ് ചുമരുകൾക്ക് മൺപ്ലാസ്റ്ററിങ് നൽകിയിരിക്കുന്നത്.
ഇവിടെ വുഡൻടച്ചുള്ള ടൈൽ വിരിച്ചതും അകത്തളത്തിെൻറ ശൈലിയോടിണങ്ങി നിൽക്കുന്നു.
കോർട്ട് യാർഡിൽ നിന്നാണ് ഗോവണിയും നൽകിയിരിക്കുന്നത്. ബെഡ്റൂമിന് സ്വകാര്യത നൽകുന്നതിന് വേണ്ടി വാതിൽ ഗോവണി ഭാഗത്തെ പാസേജിലേക്ക് നൽകിയിരിക്കുന്നു. ഇൗ പാസേജ് വാഷ് സ്പേസായും ഉപയോഗിച്ചിരിക്കുന്നു.
ലിവിങിന് പിറകിൽ കുട്ടികൾക്കുള്ള സ്റ്റഡി സ്പേസായും അയേണിങ് സ്പേസായും കൊടുത്തിട്ടുണ്ട്. ഇവിടെ സ്റ്റേറേജിന് വേണ്ടി മുകളിലും താഴെയായും കബോർഡുകളും നൽകിയിരിക്കുന്നു. ഇൗ സ്പേസിലേക്കാണ് രണ്ടാമത്തെ കിടപ്പുമുറിയുടെ എൻട്രി.
മുകളിലെ നിലയിൽ സ്റ്റെയർ കയറി എത്തുന്നിടത്ത് ഫാമിലി ലിവിങ് സ്പേസും കോർട്ട്യാർഡിന് അരികിൽ നിന്നുള്ള കിടപ്പുമുറിയിൽ നിന്നും ഇവിടേക്ക് തുറക്കാവുന്ന മനോഹരമായ കിളിവാതിലും നൽകിയിട്ടുണ്ട്. ഫാമിലി ലിവിങിൽ നിന്നും പുറത്തെ ഒാപ്പൺ ടെറസിലേക്ക് വാതിൽ നൽകിയിട്ടുണ്ട്. കിടപ്പുമുറികുടെ നിലത്ത് ടെറാകോട്ടാ ടൈലാണ് വിരിച്ചിരിക്കുന്നത്.
നീളത്തിലാണ് അടുക്കള. മൾട്ടിവുഡുകൊണ്ടുള്ള വാഡ്രോബുകളാണ് അടുക്കളയിൽ ഒരുക്കിയിരിക്കുന്നത്. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയയും നൽകിയിട്ടുണ്ട്
ഇൻറീരിയറിൽ അലങ്കാരപ്പണികൾ ചെയ്തിട്ടില്ലെന്നതു തന്നെയാണ് ഇൗ വീടിെൻറ പ്രത്യേകത. മൺചുവരുകളിലെ നീഷ് സ്പേസുകളാണ് അകത്തളത്തെ അലങ്കാരം.കോർട്ട്യാർഡിെൻറ ചുമരും ഗോവണിഭാഗത്തെ ചുമരുമെല്ലാം മണ്ണുകൊണ്ടാണ് തേച്ചിരിക്കുന്നത്. നടുമുറ്റത്തിലൂടെയും ജനാലകളിലൂടെയും പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്ക് എത്തുന്നു. ഫില്ലർ സ്ലാബ് മേൽക്കൂരയായതിനാൽ അകത്തെ ചൂടും വളരെ കുറവാണ്. ബാത്ത്റൂം അറ്റാച്ച് ചെയ്ത നാലു കിടപ്പുമുറികൾ ഉൾപ്പെടുന്ന വീടിന് 24 ലക്ഷം രുപയാണ് നിർമാണ ചെലവ് വന്നത്.
ചെലവ് കുറച്ച ഘടകങ്ങൾ
തേയ്ക്കാത്ത പുറംഭിത്തികൾ- സിമൻറ് പ്ലാസ്റ്ററിങ്ങിെൻറയും പെയിൻറിങ്ങിെൻറയും ചെലവ് കുറച്ചു.
പ്രധാനവാതിലിനും കിളിവാതിലിനും ഫർണിച്ചറിനും കരിമ്പന ഉപയോഗിച്ചത് നിർമാണ ചെലവ് കുറക്കുകയും വീടിനെ ആകർഷകമാക്കുകയും ചെയ്തു.
കിടപ്പുമുറികൾക്ക് ചെലവുകുറഞ്ഞ ടെറാകോട്ട ടൈലുകൾ ഉപയോഗിച്ചു.
മിനിമൽ ശൈലിയിൽ ഇൻറീരിയർ, ഫോൾസ് സീലിങ് ചെയ്യാതെ നേരിട്ട് ലൈറ്റ് പോയിൻറ് എന്നിവയും വീട്ടുടമയുടെ ബജറ്റിൽ നിർമാണമൊതുക്കാൻ സഹായിച്ചിട്ടുണ്ട്.
ചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.