ചെറുവീടുകൾക്കും വസ്തുനികുതി; എല്ലാവർഷവും വർധന
text_fieldsതിരുവനന്തപുരം: 50 ചതുരശ്ര മീറ്ററിന് (530 ചതുരശ്ര അടി) മുകളിലുള്ള ചെറുവീടുകൾക്കും വസ്തുനികുതി ഏർപ്പെടുത്തും. 50 നും 60 നും ഇടയിലുള്ള വീടുകൾക്ക് സാധാരണത്തേതിന്റെ പകുതി നിരക്കിൽ വസ്തു നികുതി ഈടാക്കും. 2022 ഏപ്രിൽ ഒന്ന് മുതൽ നിർമിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക് തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെതന്നെ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധിക നികുതിയായി ഈടാക്കും. സംസ്ഥാന ധനകാര്യ കമീഷൻ രണ്ടാം റിപ്പോർട്ടിന്റെ ശിപാർശ പ്രകാരമാണ് തീരുമാനം. ഇതടക്കമുള്ള കമീഷന്റെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു.
അടുത്ത സാമ്പത്തിക വർഷം മുതൽ വസ്തുനികുതി പരിഷ്കരണം വർഷത്തിലൊരിക്കൽ നടത്തും. ഇതോടെ വൻ ബാധ്യതയാകും വരുക. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വർധനവിന് പരിധി ഏർപ്പെടുത്താനുള്ള നിലവിലെ തീരുമാനം പിൻവലിക്കും. സ്കൂൾ, ഗ്രന്ഥശാല, സൊസൈറ്റികൾ അടക്കം നിരവധി സ്ഥാപനങ്ങളെ ഇത് ബാധിക്കും. നിലവിൽ 60 ചതുരശ്ര മീറ്ററിന് (630 ചതുരശ്ര അടി) മുകളിലുള്ള വീടുകൾക്കാണ് നികുതി. ചെറുവീടുകൾക്കും ഇനി നികുതി വരും. 3000 ചതുശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് നിലവിലെ നികുതിയിൽനിന്ന് 15 ശതമാനംകൂടി ഉയർത്തും. വിനോദനികുതി ആക്ട് ഭേദഗതി ചെയ്യും. വിനോദനികുതി നിരക്ക് 10 ശതമാനമായി ഉയർത്തും. തിയറ്ററുകളുടെ ടിക്കറ്റ് വിതരണത്തിനും വിനോദനികുതി കണക്കാക്കുന്നതിനും പ്രാദേശിക സർക്കാറുകൾ സോഫ്റ്റ്വെയർ തയാറാക്കും. സ്വന്തമായി സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന തിയറ്ററുകൾ പ്രാദേശിക സർക്കാറിന് ഡാറ്റ കൈമാറാൻ ബ്രിഡ്ജ് സോഫ്റ്റ്വെയർ തയാറാക്കണം.
റോഡുകളുടെ വശങ്ങളിൽ വാണിജ്യാവശ്യത്തിന് സ്ഥാപിച്ച പരസ്യബോർഡുകൾ ലൈസൻസ് ഫീസിന്റെ പരിധിയിൽ കൊണ്ടുവരും. പ്രാദേശിക സർക്കാറുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയിനത്തിൽ ചില വിഭാഗങ്ങൾക്ക് കിഴിവ് അനുവദിക്കാനുള്ള അധികാരം പ്രാദേശിക സർക്കാറുകൾക്കായിരിക്കും. പരമാവധി 10 ശതമാനമായിരിക്കും. ഇത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ലഭിക്കും. പ്രാദേശിക സർക്കാറുകൾ വാണിജ്യ സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് പ്രാവർത്തികമാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയിൽ ചർച്ച നടത്തും.
വസ്തുനികുതി പരിഷ്കരണം അടിയന്തരമായി പൂർത്തീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട ഡാറ്റാബേസ് കാലാനുസൃതമാക്കുകയും വേണം. വിവരങ്ങൾ പ്രാദേശിക സർക്കാറുകളുടെ വെബ്സൈറ്റിൽ ലഭ്യമാക്കണം. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാർഡ്/ ഡിവിഷൻ അടിസ്ഥാനത്തിൽ ലഭ്യമാക്കണം.
ഗ്രാമ, നഗര പ്രദേശങ്ങളിലെ വസ്തുനികുതി പരിഷ്കരണ നടപടികൾ 2023 മാർച്ച് 31നകം പൂർത്തീകരിക്കണമെന്ന ശിപാർശയും അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.