പുനർഗേഹം പദ്ധതി: തിരുവനന്തപുരം ജില്ലയിൽ 148 കുടുംബങ്ങൾക്ക് വീടായി
text_fieldsതിരുവനന്തപുരം: പുനർഗേഹം പദ്ധതി വഴി ജില്ലയിൽ 148 കുടുംബങ്ങൾക്ക് വീടൊരുക്കി സർക്കാർ. കാരോട് 128 പേർക്കും ബീമാപള്ളിയിൽ 20 പേർക്കുമാണ് വീട് നിർമിച്ച് നൽകിയത്. സംസ്ഥാനത്താകെ ഇത്തരത്തിൽ 2321 കുടുംബങ്ങൾക്ക് വീടൊരുക്കിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണയിൽ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കുന്നതാണ് പുനർഗേഹം പദ്ധതി.
സംസ്ഥാനത്താകമാനം 21,220 കുടുംബങ്ങളാണ് കടലാക്രമണ ഭീഷണിയിലുള്ളത്. ഇതിൽ 8,675 കുടുംബങ്ങൾ സുരക്ഷിത മേഖലയിലേക്ക് മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പദ്ധതി പ്രകാരം 1184 ഫ്ലാറ്റുകളും 1373 വീടുകളും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രി പറഞ്ഞു. മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിൽനിന്ന് ലഭ്യമാക്കിയ എട്ടേക്കറിൽ 50 കെട്ടിട സമുച്ചയം നിർമിച്ച് 400 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകും
തുറമുഖ എൻജിനീയറിങ് വകുപ്പ് നിർവഹണ മേൽനോട്ടം വഹിക്കുന്ന പദ്ധതി ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
കോമൺ യൂട്ടിലിറ്റി ഉൾപ്പെടെ 635 ചതുരശ്ര അടി വിസ്തീർണമാണ് ഓരോ യൂനിറ്റിനുമുള്ളത്. രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. ഊരാളുങ്കൽ ലേബർ സഹകരണ സൊസൈറ്റിക്കാണ് നിർമാണ ചുമതല. സുരക്ഷിത മേഖലയിലേക്ക് മാറിതാമസിക്കാൻ സന്നദ്ധത അറിയിച്ചവർക്ക് സ്വന്തം നിലയിൽ രണ്ടുമുതൽ മൂന്ന് സെന്റ് വരെ ഭൂമി വാങ്ങി വീട് നിർമിക്കാനും ഭൂമിയും വീടും ഒരുമിച്ച് വാങ്ങാനും ഗ്രൂപ്പുകളായി ഭൂമി കണ്ടെത്തി ഫ്ലാറ്റ് നിർമിക്കാനും കഴിയും.
ഒരു കുടുംബത്തിന് ഇതിനായി പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം. ഇതിന് പുറമെ ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ സർക്കാർ ഭൂമിയിലും സ്വകാര്യ ഭൂമി ഏറ്റെടുത്തും ഫ്ലാറ്റുകൾ നിർമിച്ച് പുനരധിവസിപ്പിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.