അനിമലിനൊപ്പം ഹിറ്റായി ആ കൂറ്റൻ കൊട്ടാരവും; 800 കോടിയിലധികം വിലമതിക്കുന്ന വീടിന്‍റെ വിശേഷങ്ങൾ അറിയാം
text_fieldsരൺബീർ കപൂർ നായകനായ സിനിമ അനിമൽ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. സിനിമയ്ക്ക് ഒപ്പം തന്നെ ഹിറ്റായിരിക്കുകയാണ് അതിലെ പടുകൂറ്റൻ വീടും. ബോളിവുഡ് താരത്തിന്‍റെ സ്വന്തം കൊട്ടാരമാണ് അനിമലിൽ രൺബീറിന്റെ വീടാക്കി മാറ്റിയിരിക്കുന്നത്. 800 കോടിയിലധികം മൂല്യം വരുന്ന ആ കൊട്ടാരത്തിന്‍റെ വിശേഷങ്ങൾ അറിയാം.
മനം കവരും വീട്
അനിമലിൽ രൺബീറിന്റെ വീടായി കാണിക്കുന്ന ബംഗ്ലാവ് കാഴ്ചക്കാരുടെ ഇഷ്ടം കവരും. വിശാലമായ പുൽത്തകിടിയും ഇടനാഴികളുമായി റോയൽ ഫീൽ സമ്മാനിക്കുകയാണ് ഈ വീട്. യഥാർത്ഥത്തിൽ ഇതൊരു കൊട്ടാരം തന്നെയാണ്. ബോളിവുഡ് താരം സെയ്ഫ് അലി ഖാന് പാരമ്പര്യമായി ലഭിച്ച പട്ടൗഡി പാലസാണ് അനിമലിൽ രൺബീറിന്റെ വീടാക്കി മാറ്റിയിരിക്കുന്നത്. രണ്‍ബീറിന്റെ കസിനായ കരീന കപൂറിന്റെ ഭര്‍ത്താവ് കൂടിയാണ് പാലസിന്റെ ഉടമ സെയ്ഫ് അലി ഖാൻ.
ഇതാദ്യമായല്ല, സെയ്ഫ് അലിഖാൻ തന്റെ ഉടമസ്ഥതയിലുള്ള പട്ടൗഡി പാലസ് സിനിമാചിത്രീകരണത്തിനായി വിട്ടു നൽകുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് താണ്ഡവ് എന്ന പ്രൈം വീഡിയോ സീരീസിലും പട്ടൗഡി പാലസ് പ്രത്യക്ഷപ്പെട്ടിരുന്നു. അതുപോലെ ജൂലിയ റോബർട്ട്സ് അഭിനയിച്ച 'ഈറ്റ്, പ്രേ, ലവ്', ആമിർ ഖാന്റെ 'രംഗ് ദേ ബസന്തി', വീർസാറാ', 'മംഗൾ പാണ്ഡ,' 'ഗാന്ധി മൈ ഫാദർ' തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പട്ടൗഡി പാലസ് പശ്ചാത്തലമായിട്ടുണ്ട്.
പാലസിന്‍റെ ചരിത്രം
സെയ്ഫ് അലി ഖാന്റെ കുടുംബവീടാണ് പട്ടൗഡി പാലസ്. എത്രയോ തലമുറകളുടെ കഥകൾ പറയാനുള്ള പട്ടൗഡി പാലസ് ഇന്ന് സെയ്ഫിന്റെയും അമ്മ ഷര്‍മിള ടാഗോറിന്റെയും ഉടമസ്ഥതയിലാണ് ഉള്ളത്. സെയ്ഫിന്റെയും കരീനയുടെയും വിവാഹത്തിനും തൈമൂർ അലി ഖാന്റെ ഒന്നാം പിറന്നാളിനുമൊക്കെ വേദിയായത് പട്ടൗഡി പാലസ് ആയിരുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ സെയ്ഫിന്റെയും കരീനയുടെയും വെക്കേഷൻ ഹോമാണ് പട്ടൗഡി പാലസ് ഇപ്പോൾ.
ഹരിയാനയിലെ ഗുഡ്ഗാവിലാണ് 800 കോടി വിലമതിക്കുന്ന സെയ്ഫിന്റെ പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കൊട്ടാരത്തിലെ പുല്‍ത്തകിടിയും ഇടനാഴികളുമെല്ലാം ചിത്രത്തിലെ പല സുപ്രധാനരംഗങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ വീട്. പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലക്ഷ്വറി ഹോട്ടലായി നീമ്റാണ ഹോട്ടല്‍സ് നെറ്റ്‌വര്‍ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു. പിന്നീട് 2014ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണമായ അവകാശം തിരികെ നേടിയെടുക്കുകയായിരുന്നു.
ഏഴ് ബെഡ്‌റൂമുകള്‍, ഏഴ് ഡ്രെസിങ് റൂം, ഏഴ് ബില്യാര്‍ഡ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റമ്പതോളം മുറികളാണ് ഇവിടെയുള്ളത്. 800 കോടിയോളം മതിപ്പുവിലയാണ് പട്ടൗഡി പാലസിന് കണക്കാക്കുന്നത്. കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ പാലസിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ടോര്‍ കൂസല്‍, കാള്‍ മോള്‍ട്ട്, വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിട്ടെക്റ്റുമാരായിരുന്നു. പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന പട്ടൗഡി കൊട്ടാരത്തിന്റെ മുറ്റത്ത് വിശാലമായൊരു നീന്തല്‍ക്കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.
ഇടയ്ക്ക്, സെയ്ഫും കരീനയും മക്കളും അല്ലെങ്കിൽ സെയ്ഫിന്റെ സഹോദരിമാരായ സോഹയും സബ അലി ഖാനും അവധിക്കാലം ചെലവഴിക്കാൻ ഇവിടെയെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.