പടിപടിയായി സിബി നിർമിച്ചു, വീട്ടിലേക്ക് 125 പടി
text_fieldsചെറുതോണി: കാമാക്ഷി ഇരുകൂട്ടിയിൽ ചെന്ന് തെക്കേക്കാപ്പിൽ സിബിയുടെ വീട് ചോദിച്ചാൽ ആരും കാണിച്ചുതരും. പക്ഷേ വീട്ടിലെത്തണമെങ്കിൽ കുറച്ചുസമയം പിടിക്കും. റോഡിൽനിന്ന് 125പടി കയറി വേണം വീട്ടുമുറ്റത്തെത്താൻ. 20 വർഷം മുമ്പ് ഈ മലയോര കർഷകൻ കരിങ്കല്ല് വെട്ടിച്ചുമന്ന് സ്വന്തമായി നിർമിച്ചതാണ് ഈ പടികളെന്ന് പറയുമ്പോൾ കേൾക്കുന്നവർക്ക് ഇന്നും അത്ഭുതമാണ്.
കാമാക്ഷി പഞ്ചായത്തിലെ 15ാം വാർഡായ ഇരുകൂട്ടി ഗ്രാമത്തിലെ കുന്നിൻപുറത്തെ വീട്ടിലേക്കൊരു വഴി വേണമെന്ന ആഗ്രഹം ചെറുപ്പത്തിൽതന്നെ സിബിയുടെ മനസ്സിൽ ഉണ്ടായിരുന്നു. വീട്ടിലെ 20 അടി താഴ്ചയുള്ള കിണറിന് വേണ്ടി പൊട്ടിച്ച കരിങ്കല്ല് ബാക്കി വന്നപ്പോഴാണ് വീട്ടിലേക്കൊരു നട കെട്ടണമെന്ന ആശയം മനസ്സിൽ ഉദിച്ചത്. പ്രീഡിഗ്രിക്ക് ശേഷം പഠനം നിർത്തി വീട്ടിലിരിക്കുന്ന സമയം. മേസ്തിരിമാർ പണിയുന്നത് കണ്ടും ചോദിച്ചു മനസ്സിലാക്കിയും സ്വന്തമായി നടകെട്ടാൻ തുടങ്ങി. കല്ലും നിർമാണസാമഗ്രികളും തീർന്നെങ്കിലും സിബി പിന്മാറിയില്ല. മൈലുകൾക്കകലെനിന്ന് ഒറ്റക്ക് തലച്ചുമടായി സാധനങ്ങൾ കൊണ്ടുവന്ന് പലപ്പോഴായി പണിതീർത്തു. അതിനുശേഷമായിരുന്നു വിവാഹം. നെടുങ്കണ്ടം സ്വദേശിനി സോണിയ സിബിയുടെ കൈപിടിച്ച് നട കയറിയപ്പോൾ ശരിക്കും വിയർത്തുപോയി. 1999ൽ കെട്ടിത്തുടങ്ങിയ നട 2001ലാണ് പൂർത്തിയായത്. നട കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് വാഹനത്തിൽ വീട്ടിലെത്താൻ സമാന്തരമായി ഇപ്പോൾ റോഡും നിർമിച്ചിട്ടുണ്ട്. 1960ലാണ് സിബിയുടെ കുടുംബം ഇവിടെ താമസമാക്കിയത്. നല്ലൊരു കർഷകൻകൂടിയായ സിബിക്ക് നാല് ഏക്കർ സ്വന്തമായുണ്ട്. ആറാം ക്ലാസ് വിദ്യാർഥികളായ ഇരട്ടകൾ അഡോണും അയോണുമാണ് മക്കൾ. പടിക്കെട്ടുകൾ സിമന്‍റ് തേച്ച് കൈവരി പിടിപ്പിക്കാനും ഉദ്ദേശ്യമുണ്ടെന്ന് സിബി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.