മാലിന്യം കുപ്പത്തൊട്ടിയിലെ ‘മാണിക്യം’
text_fields‘മാലിന്യം കുപ്പത്തൊട്ടിയിലെ മാണിക്യം’ എന്ന ചൊല്ല് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് അറിഞ്ഞേക്കൂ. ലക്ഷങ്ങളും കോടികളും മുടക്കി വലിയ വലിയ വീടുകള്‍ കെട്ടിപ്പടുക്കുന്നവര്‍ കാര്യമായ നീക്കിവെപ്പ് നടത്താത്ത വിഷയമാണ് മാലിന്യ സംസ്കരണം. നീന്തല്‍ കുളങ്ങള്‍ അടക്കം സര്‍വ സൗകര്യങ്ങള്‍ക്കും ഇല്ലാത്ത സ്ഥലവും വന്‍ തുകയും വകയിരുത്തുമ്പോള്‍ വീട്ടുമാലിന്യമെന്ന അടിസ്ഥാന പ്രശ്നത്തിന് ആരും പോംവഴി കാണുന്നില്ല. നമ്മൾ ‘കീറാമുട്ടി’യായി കരുതുന്ന മാലിന്യപ്രശ്നത്തെ എങ്ങനെ എളുപ്പം പരിഹരിക്കാമെന്ന് നോക്കാം.
മാലിന്യം ഉൽഭവത്തിൽ തരംതിരിക്കാം
മാലിന്യം ഉൽഭവത്തിൽ നിന്നു തന്നെ തരം തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. അതിനായി അടുക്കള വശത്തുതന്നെ പ്രത്യേകം ബിന്നുകളോ ബക്കറ്റുകളോ ചാക്കുകളോ സജ്ജീകരിക്കാം. പ്ലാസ്റ്റിക്, പേപ്പർ, ജൈവം, ഗ്ലാസ് എന്നിവക്ക് പ്രത്യേകമായി ഇതിലോരോന്നും ഉപയോഗിക്കാം. പാലും മൽസ്യവും വാങ്ങുന്ന കവറുകൾ അടക്കം കത്തിക്കുന്ന അപകടകരമായ പ്രവണതയുണ്ട്. ഒരിക്കലും അത് ചെയ്യരുത്. കഴുകി ഉണക്കിയതിനുശേഷം ഇവയടക്കമുള്ള കവറുകൾ ഒരു ബിന്നിൽ ശേഖരിച്ച് ഒടുവിൽ ഹരിത കർമസേനക്കോ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നവർക്കോ കൈമാറാം.
ബയോ ഗ്യാസ്പ്ലാന്റ്
നിലവില്‍ ഒരു ചെറിയ കുടുംബം ഉല്‍പാദിപ്പിക്കുന്ന ജൈവ മാലിന്യം വീടുകളില്‍ തന്നെ സംസ്കരിക്കുന്നതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ബയോഗ്യാസ് പ്ളാന്‍റുകള്‍. വീട്ടുമാലിന്യം സംസ്കരിക്കുന്നതിനുള്ള ചെറിയ ബയോഗ്യാസ് പ്ലാന്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതുവഴി ഒരു പ്രശ്നം പരിഹരിക്കാമെന്ന് മാത്രമല്ല, പാചകത്തിനുള്ള ഇന്ധനം സ്വന്തം നിലക്ക് ഉല്‍പാദിപ്പിച്ച് ആ ദൗര്‍ലഭ്യതയെ കൂടി മറികടക്കാന്‍ കഴിയുന്നു.
മുമ്പൊക്കെ ഫെറോ സിമന്‍റില്‍ തീര്‍ത്ത വലിയ പ്ളാന്‍റുകള്‍ ആണെങ്കില്‍ ഇപ്പോള്‍ വീടുകളില്‍ കൊണ്ടുവെക്കാവുന്ന ചെറിയ തരം പോര്‍ട്ടബിള്‍ പ്ളാന്‍റുകള്‍ വിപണിയില്‍ ലഭ്യമാണ്. പ്രതിദിനം രണ്ടു കിലോ വേസ്റ്റ് സംസ്കരിക്കാന്‍ പറ്റുന്ന ഇത്തരം പ്ളാന്‍റില്‍നിന്ന് രണ്ടു മണിക്കൂര്‍ നേരത്തേക്കു വരെയുള്ള പാചകവാതകം ലഭിക്കും. ടെറസിനു മുകളിലും സ്ഥാപിക്കാന്‍ പറ്റുന്ന പ്ളാന്‍റുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
കമ്പോസ്റ്റ് പൈപ്പ്
വീട്ടുമുറ്റത്ത് കമ്പോസ്റ്റ് പൈപ്പ് സ്ഥാപിച്ചാലും രണ്ടുണ്ട് കാര്യം. പ്രത്യേകിച്ചും മൂന്നും നാലും സെന്റുകളിൽ വീടുവെച്ചു താമസിക്കുന്നവർക്ക്. ഭക്ഷണ വേസ്റ്റ് എന്തു ചെയ്യുമെന്ന തലവേദന മറികടക്കാം. മറ്റൊന്ന്, ഇതിൽനിന്ന് കിട്ടുന്ന ഉഗ്രൻവളം അടുക്കള മുറ്റത്തെ കറിവേപ്പിലയുടെയോ പച്ചമുളകിന്റെയോ റോസാച്ചെടിയുടെയോ മുരട്ടിൽ ഇട്ടാൽ അവ തഴച്ചു വളരുകയും ചെയ്യും.
അടുക്കള മുറ്റത്തൊരു ‘മീന്‍ കുളം’
സ്ഥലസൗകര്യമില്ലാത്ത നഗരവാസികള്‍ക്ക് അടുക്കള അവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ അവലംബിക്കാവുന്ന ഒരു രീതിയാണിത്. 10-15 സ്ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള സിമന്‍റ് ടാങ്ക് ഇതിനായി ഒരുക്കാം. സ്ഥലസൗകര്യം അനുസരിച്ച് ടാങ്കിന്റെ വലിപ്പം തീരുമാനിക്കാവുന്നതാണ്. ഇതില്‍ മീനിനെ വളര്‍ത്താം. മാലിന്യവും സംസ്കരിക്കാം. ഭക്ഷണ-പച്ചക്കറി അവശിഷ്ടങ്ങള്‍ ഒന്നും തന്നെ അടുക്കളമുറ്റത്തും കുപ്പയിലും അസ്വസ്ഥതയുളവാക്കുന്ന കാഴ്ചയാവില്ല. ഭക്ഷണയോഗ്യമായവയടക്കം വിവിധ തരം മല്‍സ്യങ്ങളെ ഈ ടാങ്കില്‍ വളര്‍ത്താം. മല്‍സ്യങ്ങള്‍ വലുതായാല്‍ വീട്ടുകാര്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം.
ടെറസിനു മുകളിലെ പച്ചക്കറിച്ചട്ടികള്‍
മാലിന്യ സംസ്കരണത്തിന് ഏറ്റവും എളുപ്പം സ്വീകരിക്കാവുന്ന വഴിയാണ് ചെടിച്ചടികള്‍. അടുക്കള അവശിഷ്ടങ്ങള്‍ പൂക്കളും വീട്ടുപയോഗത്തിനുള്ള പച്ചക്കറികളുമായി തിരികെ കിട്ടുന്ന ഈ രീതിക്ക് ഇപ്പോള്‍ പ്രചാരം ഏറിയിട്ടുണ്ട്. വീടിനു ചുറ്റുവട്ടം ഇല്ലാത്തവര്‍ക്കും ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ടെറസില്‍ ഇതിനുള്ള ഇടം കണ്ടത്തൊം. മുപ്പതു ചട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ ദിവസത്തെ ജൈവ വേസ്റ്റും ഓരോ ചട്ടികളിളായി നിക്ഷേപിക്കാം. മുപ്പത് ദിവസത്തെ ഒരു ചക്രം തിരിഞ്ഞുവരുമ്പോള്‍ ആദ്യത്തെ ചട്ടിയിലേത് നല്ലവണ്ണം മണ്ണുമായി ഇഴുകിയിരിക്കും. മത്തങ്ങ,പാവല്‍, വെണ്ട പോലുള്ള പച്ചക്കറികള്‍ ഇങ്ങനെ നടാം.
തിരിച്ചെടുക്കാം അഴുക്കുവെള്ളം..
അടുക്കളയില്‍ നിന്നും ബാത്റൂമില്‍ നിന്നും പുറന്തള്ളപ്പെടുന്ന വെള്ളം ഓടയിലേക്കും പൊതു വഴിയിലേക്കും ഒഴുക്കിവിടുകയോ വീടിന്‍്റെ പരിസരത്ത് കെട്ടിക്കിടക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. കൊതുകള്‍ പെരുകുകയും വെള്ളത്തിന് ദൗര്‍ലഭ്യം നേരിടുകയും ചെയ്യുന്ന കാലത്ത് ഈ വെള്ളവും നമുക്ക് ഉപകാരപ്പെടുത്താം. പുതിയ വീടിന്‍്റെ പ്ലംബിംഗ് നിര്‍വഹിക്കുമ്പോള്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ പ്രശ്നം പരിഹരിക്കാം. അടുക്കളയിലെ വെള്ളം ചെടികള്‍ക്കും അടുക്കള മുറ്റത്തെ ചെറു പച്ചക്കറിത്തോട്ടത്തിലേക്കും വഴിതിരിച്ചു വിടുന്ന വിധത്തില്‍ കുഴല്‍ സ്ഥാപിച്ചാല്‍ മതി. ബാത്റൂമിലെയും അലക്കുവെള്ളവും റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനവും ഉണ്ട്. അതിന് സാധ്യമാവാത്തവര്‍ ബാത്റൂമിലെ വെള്ളത്തിന് ടാങ്ക് എടുക്കുമ്പോള്‍ അല്‍പം വലുത് തന്നെ എടുക്കാന്‍ നോക്കണം. എങ്കില്‍ അലക്കുവെള്ളവും ഇതിലേക്ക് കടത്തിവിടാം. എൻജിനീയറുമായോ വീട് നിര്‍മാണമേല്‍പിച്ച തൊഴിലാളികളുമായോ ആലോചിച്ച് തുടക്കത്തില്‍ തന്നെ ഇതെല്ലാം പ്ളാന്‍ ചെയ്യണം.
റസിഡന്‍സ് അസോസിയേഷനുകള്‍ക്കും ചെയ്യാനുണ്ട്
നഗരകേന്ദ്രിതമായി സജീവമായി വരുന്ന റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് കാര്യമായ സംഭാവനകള്‍ അര്‍പിക്കാവുന്ന നല്ല വഴിയാണ് മാലിന്യ സംസ്കരണം. പത്തോ ഇരുപതോ വീടുകള്‍ ഉള്‍ക്കൊള്ളുന്ന ചെറു മേഖലകള്‍ തിരിച്ച് അത്രയും വീടുകളിലെ വേസ്റ്റ് ഒന്നിച്ചു സംസ്കരിക്കുന്ന വിധത്തില്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കാം. ഈ വീടുകളിലേക്കുള്ള ഉപയോഗത്തിനുള്ള പാചക വാതകം ഈ പ്ളാന്‍റില്‍ നിന്ന് എടുക്കുകയും ചെയ്യാം. ഈ സംവിധാനം നല്ല രീതിയില്‍ നടത്തുന്നതിന് അസോസിയേഷനു തന്നെ ഒന്നോ രണ്ടോ വ്യക്തികളെ ചുമതലപ്പെടുത്താം. ഇവര്‍ക്കു നല്‍കാനുള്ള വേതനം വീട്ടുകാരില്‍ നിന്ന് ഈടാക്കുന്ന നിശ്ചിത സംഖ്യയില്‍ നിന്ന് നല്‍കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.