ഇനി മണ്‍വീടുകളില്‍ രാപാര്‍ക്കാം
text_fieldsവീട് നിര്‍മാണത്തിന്‍റെ ബദലുകള്‍ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് ആശങ്കയില്ലാതെ സ്വീകരിക്കാവുന്ന ഒന്നാണ് മണ്‍വീട് നിര്‍മാണ ശൈലി. മണ്‍വീട് നിര്‍മാണത്തെ കുറിച്ച് പരിചയപ്പെടുത്തുമ്പോള്‍ ഉയരുക നിരവധി ചോദ്യങ്ങളാണ്. മണ്‍വീടോ, മണ്ണുകൊണ്ടുള്ള വീടിന് ഉറപ്പുണ്ടാകുമോ, അത് എത്രകാലം നില്‍ക്കും, എന്നിങ്ങനെ ആ ചോദ്യാവലി നീളും.
കോണ്‍ക്രീറ്റ് ഭവനങ്ങള്‍ ഉയരുന്നതിനു മുമ്പ് കേരളത്തിലുണ്ടായിരുന്ന ഇരുനില മാളികകള്‍ പോലും മണ്ണുകൊണ്ടുള്ളവയായിരുന്നു. മണ്ണു കുഴച്ച് കട്ടകളാക്കി അവ വെയിലത്തുണക്കി പശിമയുള്ള മണ്ണ് ഉപയോഗിച്ച് കെട്ടി , മണ്ണുകൊണ്ട് ചാന്ത് തേച്ച് മിനുക്കി കക്ക നീറ്റിച്ച കുമ്മായം തേച്ചു പിടിപ്പിച്ച വീടുകള്‍. ഓടിട്ട മേല്‍ക്കൂര, മണ്ണും കശുവണ്ടിക്കറയും തേച്ചുരച്ച് ബലപ്പെടുത്തിയ തറ, കരിങ്കല്ല് പാകിയ കുളിമുറി, അങ്ങിനെ നൂറു ശതമാനം പ്രകൃതിസൗഹൃദം. പ്രകൃതി ദത്തമെന്നു തന്നെ പറയാം. നൂറു ശതമാനം പ്രകൃതിയെ ചൂഷണം ചെയ്തു കമനീയമായ ഭവനങ്ങള്‍ പണിയുന്ന കാലഘട്ടത്തില്‍ മണ്ണുകൊണ്ടുള്ള വീട് എന്നത് ചോദ്യങ്ങളുയര്‍ത്തുന്ന സങ്കല്‍പം തന്നെയാണ്.
മണല്‍ ഊറ്റി വറ്റിച്ച പുഴകളും പൊടിച്ചു തീര്‍ത്ത മലകളും നിരപ്പാക്കിയ കുന്നുകളുമെല്ലാം കൂറ്റന്‍ കോണ്‍ക്രീറ്റുപുരകളായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. മണ്ണുകൊണ്ട് വീടുണ്ടാക്കാന്‍ മണ്ണ് എവിടെ എന്ന ചോദ്യത്തിന് ഒരു മറുചോദ്യം ചോദിക്കട്ടെ, തറക്ക് ചാലു കീറുമ്പോഴും കിണറുകൂഴിക്കുമ്പോഴും മതിലിനും കക്കൂസിനും കുഴിയെടുക്കുമ്പോഴെല്ലാം എടുക്കുന്ന മണ്ണു മാത്രം മതി നമുക്ക് മണ്‍വീട് പണിയാന്‍.
റാംമ്പഡ് എര്‍ത്ത്, കംമ്പ്രസ്ഡ് സ്റ്റബിലൈസ്ഡ് എര്‍ത്ത് ബ്ളോക്സ് എന്നീ സങ്കേതങ്ങളാണ് മണ്‍വീട് നിര്‍ണത്തിന് ഉപയോഗിക്കുന്നത്. റാമ്പഡ് എര്‍ത്ത് ടെക്നിക് എന്നാല്‍ 2 X1 മീറ്ററിലുള്ള സ്റ്റീല്‍ ഫ്രെയ്മില്‍ മണ്ണ് നിറച്ച് പ്രത്യേക വൈബ്രേറ്റര്‍ കൊണ്ട് ഇടിച്ച് ഉറപ്പിച്ച് ചുമര്‍ നിര്‍മ്മിക്കുന്നു. ഇതില്‍ വെള്ളമോ മറ്റു ഉല്‍പന്നങ്ങളോ ചേര്‍ക്കുന്നില്ല. മണ്ണിലുള്ള ഈര്‍പ്പം പ്രത്യേക മര്‍ദത്തില്‍ പ്രവര്‍ത്തിച്ചാണ് ചുടു കട്ടകളേക്കാല്‍ ബലമുള്ള രീതിയില്‍ മാറുന്നത്.
കരിങ്കല്ലുകൊണ്ടോ ചെങ്കല്ലുകൊണ്ടോ ഉള്ള തറയിലാണ് റാംമ്പഡ് എര്‍ത്ത് ചുമരുകള്‍ ഉണ്ടാക്കുന്നത്. ഇത് നുറു ശതമാനം ഊര്‍ജ്ജ ലാഭമുണ്ടാക്കുകയും 40 ശതമാനം പണലാഭം നേടിത്തരുകയും ചെയ്യുന്നു. റാംമ്പഡ് എറത്ത് വാളുകളില്‍ സിമന്‍റ് തേക്കുകയോ, പെയിന്‍റടിക്കുകയോ വേണ്ട. അഥവാ മണ്ണിന്‍റെ സ്വാഭിവിക നിറം ഇഷ്ടപ്പെടാത്തവര്‍ക്ക് മറ്റേതെങ്കിലും നിറമുപയോഗിക്കാം.
പ്രത്യേക രാസവസ്തു ചുമരില്‍ അടിക്കുന്നതിനാല്‍ ചിതല്‍, പാറ്റ, ഉറുമ്പ് എന്നിങ്ങനെയുള്ള പ്രാണികളുടെ ശല്യവും ഉണ്ടാകില്ല. ചുവരില്‍ തേക്കുന്ന പോളി യൂറിത്തീന്‍ എന്ന മിശ്രിതം പ്രാണികളെ മാത്രമല്ല, വെള്ളത്തേയും ചെറുക്കും. ആറു മാസം മഴക്കാലമല്ളേ, മഴയെയും വെള്ളത്തെയും അതിജീവിക്കുമോ എന്ന പേടിയും വേണ്ട.
മണ്‍വീട് നിര്‍മിതിയിലെ രണ്ടാമത്തെ ശൈലി എര്‍ത്ത് ബ്ളോക്സ് അഥവാ മണ്‍കട്ടകള്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ഇത് പണ്ടത്തെ മണ്‍കട്ടകളെ പോലെ തന്നെ. എന്നാല്‍ ചൂളയില്‍ വെച്ച് ചുട്ടെടുക്കുകയോ, വെയിലത്തുണക്കുകയോ ചെയ്യുന്നില്ല. മണ്ണ് പ്രത്യേക കംമ്പ്രസറില്‍ വെച്ച് കുഴച്ച്, ഉയര്‍ന്ന സമര്‍ദത്തില്‍ ബലപ്പെടുത്തി എടുക്കുന്നു. ഇത് സാധാരണ കട്ടകളെ പോലെ ചേര്‍ത്ത് മണ്ണുകൊണ്ട് യോജിപ്പിച്ചാണ് ചുമര്‍ നിര്‍മ്മിക്കുന്നത്. റാംമ്പഡ് എര്‍ത്ത് വിദ്യ പോലെ തന്നെ ഊര്‍ജ ലാഭവും പണലാഭവും നല്‍കുന്ന ഒന്നാണ് ഇത്. ചെങ്കല്ലിന് 40-50 രുപ വരുമ്പോള്‍ ഇത്തരം കട്ടകള്‍ക്ക് 10 രൂപയാണ് നിര്‍മാണ ചെലവ്.
മണ്‍വീടിന്‍റെ മേല്‍ക്കൂര നിര്‍മിക്കുന്നത് ഫെറോസിമന്‍റ് ഉപയോഗിച്ചാണ്. അതിനാല്‍ അകത്തളത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍റേതു പോലെയുള്ള ചൂട് അനുഭവപ്പെടുകയില്ല. തറ നിര്‍മാണത്തിന് കടപ്പ ടൈലുകളോ, റെഡ് ഓക്സൈഡ് മിശ്രിതമോ ആണ് നല്ലത്.
ഭൂമി തുറന്ന ക്വാറികളും ചൂഴ്ന്നെടുക്കുന്ന ചെങ്കല്ലുകളും വേണ്ട, ആധുനിക ശൈലിയില്‍ നമുക്ക് ഭവനങ്ങള്‍ തീര്‍ക്കാന്‍ ഉപരിതലത്തില്‍ ഒലിച്ചത്തെുന്ന മണ്ണുതന്നെ ധാരാളം. പ്രകൃതിയില്‍ പ്രകൃതിയോടിണങ്ങി ജീവിക്കാം.
അജ്മല്‍ ഖാന്‍
പ്രകൃതി ആര്‍ക്കിടെക്റ്റ്സ് ആന്‍റ് എഞ്ചീനിയേഴ്സ്
കൊണ്ടോട്ടി , മലപ്പുറം
9745666621
prakirthiarchitects@gmail.com
www.prakritiarchitects.com
ഫോട്ടോ കടപ്പാട്: വാള്‍ മെയ്ക്കേഴ്സ്, കൊച്ചി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.