തടി കൊണ്ടുള്ള കട്ടിങ് ബോർഡുകൾ അപകടകാരിയോ? ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ പ്രശ്നമാകും
text_fieldsതടി കൊണ്ടുള്ള കട്ടിങ് ബോർഡുകൾ നമ്മുടെ അടുക്കളയിലെ പ്രധാനിയാണ്. എന്നാൽ ഇവ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ കുടുംബത്തിൻ്റെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന അപകടസാധ്യതകൾ മറഞ്ഞിരിക്കുന്നുണ്ട്. തടിയിലെ കാണാനാവാത്ത സുഷിരങ്ങൾ മുറിച്ച ഭക്ഷണങ്ങളിൽ നിന്നുള്ള ഈർപ്പം എളുപ്പത്തിൽ ആഗിരണം ചെയ്യും. വർഷത്തിൽ ഭൂരിഭാഗവും ഉയർന്ന ആർദ്രത നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ഈ ഈർപ്പം ബാക്ടീരിയ, പൂപ്പൽ, ഫംഗസ് എന്നിവയുടെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കും. ഇത് ആരോഗ്യ പ്രശ്നത്തിന് കാരണമാകും.
കാലക്രമേണ ഇത്തരം ബോർഡുകളിൽ ചെറിയ പോറലുകൾ ഉണ്ടാകും. ഇങ്ങനെ പോറലുകൾ വീഴുന്ന ബോർഡുകൾ വൃത്തിയാക്കാൻ പ്രയാസമാണ്. ഇത് സാൽമൊണല്ല, ഇ. കോളി, ലിസ്റ്റീരിയ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകൾക്ക് വളരാൻ സാഹചര്യം ഒരുക്കും. ഈ ബാക്ടീരിയകൾക്ക് ഭക്ഷണത്തെ മലിനമാക്കാൻ കഴിയും. ഇത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.
ഭക്ഷണത്തോടൊപ്പം തടിയുടെ കണികകൾ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. തടി ദഹിക്കിക്കുന്ന വസ്തുവല്ല. ഇവ കഴിക്കുന്നതിലൂടെ വായ, തൊണ്ട, ദഹനനാളം എന്നിവയിൽ പോറൽ വീഴാൻ സാധ്യതയുണ്ട്. തടിയിലെ കീടനാശിനികൾ, വാർണിഷുകൾ, പെയിൻ്റുകൾ തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നത് അലർജി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മാംസം, മത്സ്യം, പച്ചക്കറികൾ എന്നിവക്കായി ഒരേ കട്ടിങ് ബോർഡ് ഉപയോഗിക്കുന്നത് ഒരു ഭക്ഷണ ഇനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദോഷകരമായ സൂക്ഷ്മാണുക്കളെ മാറ്റാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.
എന്നാൽ മറ്റുള്ള കട്ടിങ് ബോർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ തടി കൊണ്ടുള്ളവ തന്നെയാണ് മികച്ചത്. എത്രത്തോളം വൃത്തിയിൽ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. മറ്റ് തടികൊണ്ടുള്ള ബോർഡുകൾ ഉപയോഗിക്കുന്നതിന് പകരം മുള കൊണ്ടുള്ള ബോർഡുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. മുളക്ക് സുഷിരങ്ങൾ കുറവാണെന്നത് വെള്ളം ആഗിരണം ചെയ്യുന്നതിനെ പ്രതിരോധിക്കുന്നു. ഇത് ബോർഡിനെ കൂടുതൽ ശുചിത്വമുള്ളതാക്കുന്നു.
ബോർഡ് വൃത്തിയായി കഴുകി സൂക്ഷിക്കണം. നനവ് മാറിയതിന് ശേഷം മാത്രമേ ബോർഡ് എടുത്തുവെക്കാൻ പാടുള്ളു. കഴുകുമ്പോൾ ഭക്ഷണ വസ്തുക്കൾ മുറിക്കുന്ന ഇടം മാത്രമല്ല മുഴുവൻ ഭാഗവും കഴുകുക. വ്യത്യസ്ത തരം ഭക്ഷണങ്ങൾക്കായി ഒരേ കട്ടിങ് ബോർഡ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.