കാർഡ് ബോർഡ് ബോക്സ് നിശ്ചിത വലിപ്പത്തിലാകണം; ഇല്ലെങ്കിൽ പണി കിട്ടും
text_fieldsമനാമ: കാർഡ് ബോർഡ് പെട്ടിയുമായി ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർ സൂക്ഷിക്കുക. എയർലൈൻസ് പറഞ്ഞിട്ടുള്ള അളവിലല്ലാത്ത പെട്ടികളുമായാണ് പോകുന്നതെങ്കിൽ എയർപോർട്ടിൽവെച്ച് വേറെ കാർഡ് ബോർഡ് പെട്ടിയിലേക്ക് സാധനങ്ങൾ മാറ്റി പായ്ക്ക് ചെയ്യേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് ഈ അനുഭവമുണ്ടായി.
കഴിഞ്ഞ 22 മുതലാണ് ബഹ്റൈനിൽനിന്ന് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കാർഡ് ബോർഡ് പെട്ടികൾ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച് തുടങ്ങിയത്. 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിരിക്കുന്ന അളവ്. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ അനുവദിക്കില്ലെന്നും ഗൾഫ് എയർ വ്യക്തമാക്കിയിരുന്നു.
നിശ്ചിത അളവിൽ കൂടുതൽ വലിപ്പമുള്ള കാർഡ് ബോർഡ് പെട്ടികളുമായി എയർപോർട്ടിൽ എത്തിയവരാണ് പ്രയാസത്തിലായത്. വേറെ ട്രോളി ബാഗോ കാർഡ് ബോർഡ് പെട്ടിയോ ലഭ്യമാണെങ്കിൽ അതിലേക്ക് സാധനങ്ങൾ മാറ്റി കൊണ്ടുപോകാവുന്നതാണ്. അല്ലാത്തവർക്കായി ബഹ്റൈൻ എയർപോർട്ട് സർവീസസ് കാർഡ് ബോർഡ് പെട്ടികൾ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ദിനാറാണ് ഇതിന് വില. പെട്ടിയുടെ മുകളിൽ ക്ലിങ് ഷീറ്റ് പൊതിയുന്നതിന് രണ്ട് ദിനാർ കൂടി നൽകണം. എയർപോർട്ടിൽനിന്ന് ബഹ്റൈെന്റ ലോഗോ പതിച്ച കാർഡ് ബോർഡ് പെട്ടി തന്നെ വാങ്ങണമെന്ന തരത്തിൽ സാമൂഹി മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള നിബന്ധനകളൊന്നും ഏർപ്പെടുത്തിയിട്ടില്ല.
നിശ്ചിത വലിപ്പത്തിന് പുറമേ കൃത്യമായ ആകൃതിയുമുള്ളതായിരിക്കണം പെട്ടികൾ. ചിലർ ഉയരമുള്ള ബോക്സ് മുറിച്ച് ചെറുതാക്കി സാധനങ്ങൾ പായ്ക്ക് ചെയ്യാറുണ്ട്. ഇങ്ങനെ പായ്ക്ക് ചെയ്യുമ്പോൾ കൃത്യമായ ആകൃതി ഉണ്ടാകില്ല. ഇത്തരം പെട്ടികളും നിരസിക്കപ്പെടും.
യാത്രക്കാർ എയർലൈൻസ് പറഞ്ഞിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് ആവശ്യപ്പെട്ടു. എയർപോർട്ടിൽ എത്തിയശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ട്രോളി ബാഗോ സ്യൂട്ട്കേസോ കൊണ്ടുപോകുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിശ്ചിത വലിപ്പത്തിലുള്ള പെട്ടി കിട്ടിയില്ലെങ്കിൽ യാത്ര മുടങ്ങാൻ വരെ സാധ്യതയുണ്ട്. സ്കൂൾ അവധി, പെരുന്നാൾ എന്നിവയോടനുബന്ധിച്ചുള്ള തിരക്ക് തുടങ്ങിയതിനാൽ അടുത്ത ദിവസങ്ങളിൽ മറ്റൊരു ടിക്കറ്റ് കിട്ടാനും പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.