ടാക്സിയിൽ പുകവലിച്ചാൽ 500 റിയാൽ പിഴ
text_fieldsറിയാദ്: രാജ്യത്തെ ടാക്സി സർവിസുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴകൾ സൗദി പൊതുഗതാഗത അതോറിറ്റി പുതുക്കി.
ടാക്‌സി കാറുകൾക്കുള്ളിൽ ഡ്രൈവറോ യാത്രക്കാരോ പുകവലിച്ചാൽ 500 റിയാൽ പിഴ ചുമത്തും. ഇത്തരത്തിൽ 35 നിയമലംഘനങ്ങൾക്കുള്ള പിഴകളാണ് പ്രഖ്യാപിച്ചത്. 500 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴ ലഭിക്കും. ടാക്‌സികളിൽ നിയമാനുസൃതമല്ലാത്ത രീതിയിൽ മാറ്റം വരുത്തൽ, ആവശ്യമായ അംഗീകൃത സാങ്കേതിക സജ്ജീകരണങ്ങൾ ഏർപ്പെടുത്താതിരിക്കൽ, കാലാവധിയിൽ കൂടുതൽ കാലം കാർ ഉപയോഗിക്കൽ,
പൊതുഗതാഗത അതോറിറ്റി നിർണയിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങളുമായി ടാക്‌സിയെ ബന്ധിപ്പിക്കാതിരിക്കൽ, ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ടാക്‌സി ഓടിക്കൽ, വിദേശ ടാക്‌സികൾ സൗദിയിലെ നഗരങ്ങൾക്കകത്തും നഗരങ്ങൾക്കിടയിലും സർവിസ് നടത്തൽ, രജിസ്റ്റർ ചെയ്തതല്ലാത്ത രാജ്യത്തേക്ക് സർവിസ് നടത്തൽ, ലൈസൻസ് റദ്ദാക്കിയശേഷം കമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 5,000 റിയാൽ തോതിൽ പിഴ ലഭിക്കും. വിളിച്ചിട്ടും ടാക്‌സി വരാതിരിക്കൽ, യാത്രക്കാരൻ ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താതിരിക്കൽ, ഓപ്പറേറ്റിങ് കാർഡ് പുതുക്കാതിരിക്കൽ, നിയമവിരുദ്ധമായി യാത്രക്കാരെ തേടി റോഡുകളിൽ ചുറ്റിക്കറങ്ങൽ, കാൽനടക്കാർക്ക് പ്രത്യേകം നിശ്ചയിച്ച ഫുട്പാത്തുകളിൽ നിന്നല്ലാതെ യാത്രക്കാരെ കയറ്റൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖകൾ കാണിച്ചുകൊടുക്കാതിരിക്കൽ, പുകവലി വിലക്ക് അടക്കം നിയമാവലി അനുശാസിക്കുന്ന വാചകങ്ങളും ബോർഡുകളും അടയാളങ്ങളും കാറിനകത്ത് സ്ഥാപിക്കാതിരിക്കൽ, ആശയവിനിമയ സംവിധാന വിവരങ്ങളും ദേശീയ അഡ്രസും ബന്ധപ്പെട്ട അതോറിറ്റിക്ക് നൽകാതിരിക്കൽ, പ്രവർത്തന കാലാവധി അവസാനിക്കുകയോ ഓപ്പറേറ്റിങ് കാർഡ് റദ്ദാക്കുകയോ ചെയ്തശേഷം കാറിന്റെ രജിസ്‌ട്രേഷൻ ഇനത്തിൽ മാറ്റം വരുത്താതിരിക്കൽ, ലൈസൻസ് ലഭിക്കാതെ ടാക്‌സി മേഖലയിൽ പ്രവർത്തിക്കൽ, കാലാവധി തീർന്ന ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിക്കൽ എന്നീ നിയമലംഘനങ്ങൾക്ക് 1,000 റിയാൽ തോതിൽ പിഴചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.