ആത്മീയാനുഭൂതിയുടെ മനോഹര നിര്‍മിതി; അബൂദബി അല്‍ അസീസ് മോസ്‌ക്ക്
text_fieldsആരാധനാലയങ്ങള്‍ നല്‍കുന്ന ആത്മീയാനുഭൂതി അമൂല്യമാണ്. വ്യത്യസ്ത കാരണങ്ങളാല്‍ അതിന് ഏറ്റക്കുറച്ചിലുകളുമുണ്ടാവാം. ചരിത്രം, സ്ഥലം, നിര്‍മിതി, സമയം അങ്ങനെ പലവിധ തലത്തിലാവും നമ്മോടു ചേര്‍ന്നുനില്‍ക്കുന്നത്. അബൂദബിയിലെ അല്‍ അസീസ് പള്ളി വേറിട്ടതാവുന്നത് അതിന്‍റെ നിര്‍മാണ ചാതുരികൊണ്ടാണ്. മനോഹരമായ അറബിക് കാലിഗ്രഫിയിലെഴുതിയ അല്ലാഹുവിന്‍റെ 99 നാമങ്ങള്‍ രാത്രികാലങ്ങളില്‍ തിളങ്ങി നില്‍ക്കുമിവിടെ. അബൂദബി റീം ഐലൻഡിലെ സമകാലിക നിര്‍മിതിയായ അല്‍ അസീസ് പള്ളിയാണ് ഇത്തരമൊരു സുന്ദരകാഴ്ച സമ്മാനിക്കുന്നത്. ഇഹലോകത്തെ സുഖങ്ങളില്‍നിന്ന് കുതറിമാറി ആത്മീയമായി ദൈവത്തോടടുക്കാനുള്ള ഇടമായി അല്‍ അസീസ് പള്ളിയെ അത്രമേല്‍ സൂക്ഷ്മതയോടെയാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്.
ആധുനിക നിര്‍മാണ വസ്തുക്കള്‍ ഇടകലര്‍ത്തിയാണ് മിനാരങ്ങളും കുംഭവും ഏറ്റവും നൂതന രീതിയില്‍ പള്ളിക്കായി നിര്‍മിച്ചിരിക്കുന്നത്. മൂന്നുനിലകളിലാണ് നിര്‍മാണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായാണ് ഓരോ നിലകളില്‍ നമസ്‌കാര സൗകര്യം ഒരുക്കിയിരിക്കുന്നത്. മൂന്നാമത്തെ നിലയില്‍ ഇമാമിനും മുഅദ്ദിനും താമസസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015ലെ റമദാനിലാണ് പള്ളി തുറന്നുകൊടുത്തത്. യു.എ.ഇയിലെയും അറബ് ലോകത്തെയും നിരവധി പള്ളികളുടെ രൂപകല്‍പന നിര്‍വഹിച്ച എ.പി.ജി ആര്‍ക്കിടെക്ട് ആൻഡ് പ്ലാനിങ് ഗ്രൂപ്പാണ് അല്‍ അസീസ് പള്ളിയും നിര്‍മിച്ചത്. പ്രകാശം കോണ്‍ക്രീറ്റിലൂടെ കടത്തിവിടുന്ന നൂതന സാങ്കേതികവിദ്യയാണ് അല്‍ അസീസ് പള്ളിയുടെ നിര്‍മാണത്തില്‍ സംഗമിപ്പിച്ചത്. 5100 ചതുരശ്ര മീറ്ററിലുള്ള ഈ പള്ളിയില്‍ ഒരേസമയം 2270 വിശ്വാസികള്‍ക്ക് പങ്കെടുക്കാം.
രാത്രികളില്‍ തിളങ്ങുന്ന അറബ് കാലിഗ്രാഫി തന്നെയാണ് അല്‍ അസീസ് പള്ളിയിലെ പ്രധാന ആകര്‍ഷണമെന്നു പറയാം. സൂര്യപ്രകാശമാണ് കാലിഗ്രാഫി പാനലുകള്‍ പ്രകാശിപ്പിക്കാൻ ഉപയോഗപ്പെടുത്തുന്നത് എന്നതും സവിശേഷതയാണ്. ജര്‍മന്‍ കമ്പനി ലൂസെം ആണ് ഈ സാങ്കേതികവിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കാലിഗ്രാഫി ചെയ്തിരിക്കുന്ന പാനലിനു പിന്നില്‍ സജ്ജീകരിച്ച എല്‍.ഇ.ഡി ലൈറ്റുകളാണ് ഇരുളുപരക്കുന്നതോടെ സ്വയം കത്തുന്നത്. കൊടുംചൂട് അടക്കമുള്ള പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് അറബിക് കാലിഗ്രഫി രേഖപ്പെടുത്തിയ ഈ കോണ്‍ക്രീറ്റ് പാനലുകള്‍. ഇവ ഓരോന്നിനും 300 കിലോ ഭാരമുണ്ട്. അബൂദബി സന്ദര്‍ശകര്‍ക്ക് ശൈഖ് സായിദ് ഗ്രാന്‍റ് മോസ്‌ക് പോലെ തന്നെ വ്യത്യസ്തമായ നിര്‍മിതി ആസ്വദിക്കാന്‍ കഴിയുന്നതാണ് അല്‍ അസീസ് പള്ളിയും. പള്ളിയുടെ നിര്‍മാണ പ്രത്യേകതകള്‍ കേട്ടും വായിച്ചും അറിഞ്ഞ് നിരവധിപേരാണ് ഇപ്പോള്‍ അല്‍ അസീസ് മോസ്‌ക്കിലും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.