ഗൾഫ് മാധ്യമം കമോൺ കേരള: ബോസുമാരെ കാണാം; സൂപ്പർ ബോസായി മടങ്ങാം
text_fieldsവിജയത്തിലേക്കുള്ള ഓരോ പ്രയാണവും അതിമനോഹരമായ യാത്രയുടെ അനുഭവമാണ്. ചെറുകിട കച്ചവടക്കാർ മുതൽ വമ്പൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തവർക്കു വരെ ഇത്തരമൊരു യാത്രയുടെ കഥ പറയാനുണ്ടാവും. കുതിച്ചുപാഞ്ഞവരും ഇടറി വീണവരും അതിജീവനവഴിയിൽ പൊരുതി നിൽക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പറഞ്ഞാൽ തീരാത്തത്ര വിജയികളും അതിനേക്കാളേറെ വിജയപീഠങ്ങളും ഇന്നാട്ടിലുണ്ട്. ഈ വിജയ പീഠങ്ങളിലേക്ക് നടന്നുകയറാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായിരിക്കും 'ഗൾഫ് മാധ്യമം കമോൺ കേരള'യിലെ 'ബോസസ് ഡേ ഔട്ട്'.
അവസരങ്ങളുടെ അക്ഷയഖനിയായ മിഡ്ൽ ഈസ്റ്റിലെ പ്രധാന സ്ഥാപനങ്ങളിലെ ബോസുമാർ ഒത്തുചേരുന്ന 'ബോസസ് ഡേ ഔട്ടി'ൽ ലോകപ്രശസ്ത പ്രചോദക പ്രഭാഷകരും മാനേജ്മെന്റ് പരിശീലന വിദഗ്ധരും എത്തും. സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും അത് നേടിയെടുക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഓരോ സെഷനും. ബിസിനസ് കോൺക്ലേവിനോടനുബന്ധിച്ച് ജൂൺ 25നാണ് ബോസുമാർ എത്തുന്നത്. ആശിഷ് വിദ്യാർഥി, കുൽപ്രീത് യാദവ്, വി. നന്ദകുമാർ, പ്രിയ കുമാർ, യാസിർ ഖാൻ എന്നിവരാണ് ബോസസ് ഡേ ഔട്ടിൽ പ്രചോദനത്തിന്റെ പെരുമഴ പെയ്യിക്കാൻ എത്തുന്നത്.
ഇന്ത്യൻ സിനിമയുടെ പരിചിത മുഖമാണ് ആശിഷ് വിദ്യാർഥി. വില്ലൻ വേഷത്തിൽ ബിഗ് സ്ക്രീനിൽ തകർത്താടിയ ആശിഷ് വിദ്യാർഥിയുടെ മറ്റൊരു മുഖമായിരിക്കും 'ബോസസ് ഡേ ഔട്ടിൽ'കാണുക. ട്രാവൽ േവ്ലാഗർ, സംരംഭകൻ എന്നതിലുപരി പ്രചോദനം പകരുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ് അദ്ദേഹം. ഒരേയൊരു ജീവിതം എങ്ങനെ ജീവിത കുതിപ്പിലേക്കുള്ള യാത്രയാക്കാം എന്നതിനെ കുറിച്ച് അദ്ദേഹം പുതുതലമുറക്ക് വിവരിക്കും.
ദേഷ്യം നിയന്ത്രിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പലരുടെയും പരാജയ കാരണങ്ങളിൽ ഒന്നാണ് അമിത ദേഷ്യം. ഇത് നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യാം എന്നു പറഞ്ഞുതരാൻ പ്രശസ്ത എഴുത്തുകാരൻ കുൽപ്രീത് യാദവ് വരും. 22ഓളം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ എഴുത്തുകാരനാണ് കുൽപ്രീത് യാദവ്. എണ്ണം പറഞ്ഞ 14 പുസ്തകങ്ങളുടെ രചയിതാവാണ്. ഇതിലുപരിയായി, നടൻ, പ്രചോദക പ്രഭാഷകൻ, തിരക്കഥാകൃത്ത്, സംരംഭകൻ എന്നിങ്ങനെ വിവിധ വേഷങ്ങളിൽ ആസ്വാദകരെ പ്രചോദിപ്പിക്കുന്ന കുൽപ്രീത് യാദവ് 'ബോസസ് ഡേ ഔട്ടി'ലെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ്.
ആഗോളതലത്തിൽ പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ നവീന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മാസ്റ്റർ മൈൻഡിൽ ഒരാളാണ് വി. നന്ദകുമാർ. സംരംഭങ്ങൾ എങ്ങനെ ബ്രാൻഡ് ചെയ്യാം എന്ന് നന്ദകുമാർ പറഞ്ഞു തരും. പ്രാദേശികമായും ആഗോളതലത്തിലും ബ്രാൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നന്ദുവിന്റെ അനുഭവങ്ങൾ ഉപകാരപ്പെടും. ലുലു ഗ്രൂപ്പിന്റെ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടറാണ്.
ഫിറ്റ്നസ് ഗുരു യാസിർ ഖാന്റെ ജീവിതം തന്നെ പ്രചോദനമാണ്. ഭോപ്പാൽ നഗരത്തിൽ പാൽകച്ചവടം നടത്തിയും പത്രം വിതരണം ചെയ്തും ജീവിച്ച 13കാരൻ ദുബൈ നഗരത്തിലെ അറിയപ്പെടുന്ന ഫിറ്റ്നസ് ഐക്കണായി മാറിയ കഥ യാസിർ പറഞ്ഞുതരും. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ജിംനേഷ്യത്തിന്റെ ഉടമയായി മാറാനൊരുങ്ങുന്ന യാസിർ, ബോസുമാർ ആരോഗ്യത്തിലും ചലനങ്ങളിലും ആംഗ്യങ്ങളിൽ പോലും പുലർത്തേണ്ട സൂക്ഷ്മത എന്തെല്ലാമാണെന്ന് മനസ്സിലാക്കിതരും.
അന്താരാഷ്ട്രതലത്തിൽ പ്രശസ്തയായ മോട്ടിവേഷൻ സ്പീക്കറാണ് പ്രിയ കുമാർ. 47 രാജ്യങ്ങളിലെ 2000ഓളം കോർപറേറ്റുകളുമായി സഹകരിച്ച ചരിത്രമുണ്ട് അവർക്ക്. രണ്ടര പതിറ്റാണ്ടായി കോർപറേറ്റുകൾക്കായി ട്രെയിനിങ് സെഷൻ നടത്തുന്ന പ്രിയ കുമാർ നമുക്കുള്ളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പുറത്തെടുക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനുമുള്ള വിജയ മന്ത്രങ്ങൾ പറഞ്ഞുതരും. ഇവരുടെ വാക്കുകൾ കേൾക്കാൻ പുതുതലമുറ സംരംഭകർ, സ്റ്റാർട്ടപ്പ് ടീം അംഗങ്ങൾ എന്നിവർക്ക് 'ബോസസ് ഡേ ഔട്ടി'ലേക്ക് പ്രവേശനം നൽകും.
ബിസിനസ് മേഖലയിലേക്ക് പുതുതായി കാലെടുത്ത് വെക്കുന്നവർക്കും ബിസിനസ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സ്വയം മുന്നേറാൻ താൽപര്യമുള്ളവർക്കും ഉപകാരപ്പെടുന്ന ശിൽപശാല അക്ഷരാർഥത്തിൽ ഫിനിഷിങ് സ്കൂൾ ആയി മാറും. പങ്കെടുക്കാൻ താൽപര്യമുള്ളവർ sharjah.platinumlist.net/event-tickets/84029/bosses-day-out ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.