സി.എ.എക്കെതിരെ പ്രതിഷേധം കനക്കുന്നു; അസ്സമിൽ ഇന്ന് ഹർത്താൽ; പകർപ്പുകൾ കത്തിച്ചു
text_fieldsഗുവാഹത്തി: വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സി.എ.എ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനു പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. അസ്സമിൽ പ്രതിപക്ഷം ഇന്ന് ഹർത്താലിന് അഹ്വാനം ചെയ്തു.
സംസ്ഥാനത്തെ 16 പാർട്ടികൾ ചേർന്നുള്ള അസ്സം യുനൈറ്റഡ് പ്രതിപക്ഷ സഖ്യമാണ് ഹർത്താൽ നടത്തുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സി.എ.എയുടെ പകർപ്പുകൾ കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തിങ്കളാഴ്ച വൈകീട്ട് കേന്ദ്ര സർക്കാർ സി.എ.എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. കേന്ദ്ര വിജ്ഞാപനം വന്നതിനു പിന്നാലെ തന്നെ അസ്സമിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി.
ഹർത്താലിന്‍റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2019ൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ സമരങ്ങൾ അരങ്ങേറിയ സംസ്ഥാനങ്ങളിലൊന്നാണ് അസ്സം. അന്ന് പൊലീസ് നടപടിയിൽ അഞ്ചു പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഞങ്ങൾ ഒരു തരത്തിലും സി.എ.എ അംഗീകരിക്കില്ലെന്നും അസ്സമിലെ ജനങ്ങൾക്ക് ഹാനികരമായ ഈ നിയമത്തിനെതിരെ സമാധാനപരവും ജനാധിപത്യപരവുമായ മാർഗത്തിലുള്ള പ്രതിഷേധ സമരങ്ങൾ വരുംദിവസങ്ങളിൽ ശക്തമാക്കുമെന്നും ആൾ അസ്സം സ്റ്റുഡന്‍റ്സ് യൂനിയൻ (എ.എ.എസ്.യു) മുഖ്യ ഉപദേശകൻ സമുജ്ജാൽ ഭട്ടാചാര്യ പറഞ്ഞു.
സി.എ.എക്കെതിരെയ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവ് ലംഘിക്കുന്ന തരത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുന്ന പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളവരും സി.എ.എക്കെതിരെ രംഗത്തുവന്നിരുന്നു. വ്യാപക എതിർപ്പുകൾക്കിടയിൽ നാലു വർഷം മുമ്പ് പാർലമെന്‍റിൽ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പു വേളയിൽ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തിൽ വന്നത്.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തെ വിവാദത്തിലാക്കിയത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.
ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തിൽ പൗരത്വം നൽകുന്നതിന്‍റെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് വിജ്ഞാപനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.