ചരിത്രം പറഞ്ഞ് ‘ഗൾഫ് മാധ്യമം’
text_fieldsഷാർജ: ഒരു വർത്തമാനപത്രമെന്നതിലുപരി മലയാള ഭാഷയുടെയും മലയാളികളുടെയും ഇന്ത്യയുടെ തന്നെയും യശസ്സ് വാനോളം ഉയർത്തി ഐതിഹാസിക യാത്ര തുടരുന്ന ‘ഗൾഫ് മാധ്യമം’ രജത ജൂബിലിയിലേക്ക്. പ്രഥമ അന്താരാഷ്ട്ര ദിനപത്രമായ ഗൾഫ് മാധ്യമത്തിന്റെ തുടക്കവും വർത്തമാനവും അടയാളപ്പെടുത്തുന്നതാണ് കമോൺ കേരള വേദിയിലെ ഗൾഫ് മാധ്യമം പവിലിയൻ.
മാധ്യമത്തെ മുന്നിൽനിന്ന് നയിക്കുകയും നേതൃത്വം നൽകുകയും ചെയ്ത് കാലയവനികക്കുള്ളിൽ മറഞ്ഞ കെ.സി. അബ്ദുല്ല മൗലവി, വൈക്കം മുഹമ്മദ് ബഷീർ, പി.കെ. ബാലകൃഷ്ണൻ, കെ.എ. കൊടുങ്ങല്ലൂർ, കെ.എ. സിദ്ദീഖ് ഹസൻ, പി.കെ. അബ്ദുൽ റഹീം എന്നിവർക്ക് പുറമെ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ എന്നിവരെക്കുറിച്ചുള്ള വിവരണം ആദരപൂർവമാണ് സന്ദർശകർ വായിച്ചെടുക്കുന്നത്. മാധ്യമത്തിന്റെയും ഗൾഫ് മാധ്യമത്തിന്റെയും ആദ്യ പതിപ്പുകളും പ്രാദേശിക-ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ പതിപ്പുകളും പവിലിയനിൽ പ്രദർശനത്തിലുണ്ട്.
വ്യത്യസ്ത ഘട്ടങ്ങളിൽ പ്രവാസി മലയാളികൾ അഭിമുഖീകരിച്ച പ്രതിസന്ധികളിൽ തുണയായ ഗൾഫ് മാധ്യമത്തിന്റെ ഇടപെടലുകൾ, പ്രവാസ ലോകത്തെ കലാ -സാഹിത്യ-സാമൂഹികരംഗത്തെ ഈടുവെപ്പുകൾ തുടങ്ങിയവയും പവിലിയനിൽ ദൃശ്യങ്ങളായുണ്ട്. വാർത്താമാധ്യമങ്ങളിൽ വഴിത്തിരിവ് എന്ന മുദ്രാവാക്യവുമായി മൂന്നര പതിറ്റാണ്ട് മുമ്പ് മാധ്യമത്തിന്റെ പിറവി, 25 വർഷം മുമ്പ് ബഹ്റൈനിൽ ഗൾഫ് മാധ്യമത്തിന്റെ ആരംഭം തുടങ്ങി പിന്നിട്ട ഓരോ നാഴികക്കല്ലുകളും ഇവിടെ ഇതൾവിരിക്കുന്നുണ്ട്. എജുകഫെ, മധുരമെൻ മലയാളം, ഹാർമോണിയസ് കേരള, യു.എ.ഇയിലും ഇതര ഗൾഫ് നാടുകളിലും സംഘടിപ്പിച്ച എണ്ണം പറഞ്ഞ സാംസ്കാരിക സദസ്സുകൾ തുടങ്ങിയ പരിപാടികൾ തുടങ്ങി അഞ്ചാം പതിപ്പിലെത്തി നിൽക്കുന്ന കമോൺ കേരള മഹാപ്രദർശനം തുടങ്ങിയവ ഗൾഫ് മാധ്യമത്തിന്റെ ജൈത്രയാത്രയിലെ രജതരേഖകളാണ്.
എമിറേറ്റ്സ് വിമാനാപകടത്തിൽ മലയാളികളുടെ രക്ഷകനായ അഗ്നിശമന സേനാംഗം ജാസിം അലി ഈ ബലൂശിയുടെ രക്തസാക്ഷിത്വത്തിന് ആദരമർപ്പിക്കാൻ ഗൾഫ് മാധ്യമം ഒരുക്കിയ പ്രൗഢചടങ്ങും രജത ജൂബിലി വരവേൽപ്പിനൊരുങ്ങുന്ന ഗൾഫ് മാധ്യമത്തിന്റെ വിജയ വഴിയിലെ വേറിട്ട ഏടുകളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.