'എൻ വഴി, തനി വഴി'; ഡ്രൈവറില്ലാ കാറുകളുടെ പറുദീസയാകാനൊരുങ്ങി ദുബൈ
text_fieldsദുബൈ: ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം നിരവധിയിടങ്ങളിൽ നടക്കുന്നുണ്ടെങ്കിലും അത് എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കാനൊരുങ്ങി ദുബൈ. ഏറെ പ്രതീക്ഷയോടെ ദുബൈ നിവാസികൾ കാത്തിരിക്കുന്ന ഡ്രൈവറില്ലാ ടാക്സികൾ അടുത്തവർഷം നിരത്തിൽ സജീവമാകുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. 2023ൽ ഔദ്യോഗികമായി ഓടിത്തുടങ്ങുന്നതിന് മുമ്പായി ഈ വർഷം അവസാനത്തോടെ പരീക്ഷണയോട്ടം പൂർത്തിയാക്കാനാണ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്.
അമേരിക്കൻ കമ്പനിയായ 'ക്രൂയിസു'മായി ചേർന്നാണ് ആർ.ടി.എ അടുത്ത വർഷം പദ്ധതി ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. 2030ഓടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നാലായിരം വാഹനങ്ങൾ നിരത്തിലിറക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സ്വയംപ്രവർത്തിക്കുന്ന വാഹനങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്നും ഉപഭോക്താക്കളെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ, താമസക്കാർ, നിശ്ചയദാർഢ്യമുള്ള ആളുകൾ എന്നിവർക്ക് മികച്ച സേവനം നൽകാൻ ഇതുവഴി കഴിയുമെന്നും ആർ.ടി.എ ഡയറക്ടർ ജനറൽ മത്വാർ അൽ തയാർ പറഞ്ഞു. നഗരത്തിലെ ഏതെല്ലാം പാതകളിലാണ് ഡ്രൈവറില്ലാ വാഹനങ്ങൾ ഓടുകയെന്നത് സംബന്ധിച്ച് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ക്രൂയിസ് കമ്പനി അധികൃതർ സേവനത്തിന് യോജിച്ച സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
പദ്ധതിക്ക് ആകെ വരുന്ന ചിലവുകൾ സംബന്ധിച്ചും നിരക്കുകളെ കുറിച്ചും വൈകാതെ വിവരങ്ങൾ പുറത്തുവിടുെമന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അടുത്ത വർഷം ആരംഭിക്കുന്നത് കുറഞ്ഞ എണ്ണം ടാക്സികൾ മാത്രമായിരുക്കുമെന്ന് മത്വാർ അൽ തയാർ വെളിപ്പെടുത്തി.
ജനറൽ മോട്ടോർസ് കമ്പനിയുടെ ഭാഗമായ സ്ഥാപനമാണ് ക്രൂയിസ്. നിലവിൽ സാൻ ഫ്രാൻസിസ്കോയിൽ കമ്പനി രൈവറില്ലാ വാഹനഗതാഗതത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് അബൂദബിയിലെ യാസ് ദ്വീപിൽ ഇത്തരം വാഹനങ്ങളുടെ സേവനം ആരംഭിച്ചിരുന്നു. അബുദാബിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ യാത്രക്കാർക്ക് ഈ സൗകര്യം ഏർപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്. പൂർണമായും ഇലക്‌ട്രിക്, ഹൈബ്രിഡ് കാറുകളാണ് അബൂദബിയിൽ ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.