Saluki അറബ് ജനതയുടെ കാവല്ത്തോഴന്
text_fieldsഅയ്യായിരം വര്‍ഷങ്ങള്‍ക്കുമപ്പുറം, പുരാതന കാലം മുതല്‍ അറബ് ജനതയുടെ വേട്ട പൈതൃകത്തിെൻറയും സുരക്ഷയുടെയും ജീവനാഡിയാണ് സലൂക്കി. വേഗതയും കരുത്തും മാത്രമല്ല, ഇരകള്ക്കുമേല് കാതങ്ങളകലെ നിന്നും നോട്ടമെത്തുന്ന സൂക്ഷമവും കൃത്യവുമായ കാഴ്ചശക്തിയാണ് ഈ വേട്ട നായ്യുടെ മുഖ്യ സവിശേഷത. ഇരയെ കണ്ടെത്തുന്നതില്‍ അണുവിട തെറ്റാത്ത കണിശത. അമ്പരപ്പിക്കുന്ന വേഗവും ബുദ്ധി സാമര്‍ഥ്യവും. തലമുറകളില്‍ നിന്ന് പൈതൃകമായി കൈമാറിക്കിട്ടിയ വേട്ട വിനോദത്തില്‍, തങ്ങളുടെ ജീവിതത്തോടൊപ്പം സലൂക്കിയെ ചേര്‍ത്തു പിടിക്കാന്‍ മറ്റെന്താണ് അറബ് സമൂഹത്തിനു വേണ്ടത്. ചരിത്രം ഇങ്ങനെ 5,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ബദവികള്‍ വളര്ത്തിയെടുത്തതുമുതല്, അറേബ്യന്‍ ഉപദ്വീപ് വാസികളുടെ സഹയാത്രികനാണ് സലൂക്കി. ആവശ്യമായ പരിശീലനം നല്കി ഈ നായ്ക്കളെ വേട്ടക്കും കാവല്‍ നില്‍ക്കാനും ദൈനംദിന ജീവിതത്തിലെ മറ്റ് സേവനങ്ങള്‍ക്കുമാണ് ഉപയോഗിച്ചുവന്നത്. ഏഴായിരം ബി.സിയിലെ സുമേറിയന്‍ സാമ്രാജ്യത്തിെൻറ ശിലാലിഖിതങ്ങളില്‍ സലൂക്കിയുടെ ശരീരഘടനയുള്ള നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്.
സഹാറ മരുഭൂമിയില്‍ തുടങ്ങി കാസ്പിയന്‍ കടല്‍ത്തീരവും കടന്ന് തുര്‍ക്കി, ലെബനാന്, ഇറാഖ്, സിറിയ, ഫലസ്തീന്, ജോർഡന് മേഖലകളിലെ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട ജനതയുടെ കാവല്ത്തോഴരായും വേട്ടമൃഗമായും സലൂക്കി കൂടെയുണ്ടായിരുന്നു. ഒരിടത്തും സ്ഥിര താമസമാക്കാത്ത ബദവികളുടെ മരുഭൂ യാത്രയില്‍, അറേബ്യന്‍ ഉപദ്വീപുകളിലും സലൂക്കി വേട്ടയ്ക്കിറങ്ങി. യമനിലെ ഹദര്‍ മൗത്ത് മേഖലയിലെ സലൂക്ക് നഗരത്തില്‍ നിന്നാണ് ഈ ഇനത്തിെൻറ പേര് വന്നതെന്ന് പറയപ്പെടുന്നു. യമനിലെ തന്നെ 'ബനീ സലൂക്' ഗോത്രമാണ് ഈ വിഭാഗം നായ്ക്കളെ വളര്‍ത്തി പരിശീലിപ്പിച്ചതെന്നും മറ്റൊരു കണ്ടെത്തലാണ്. എന്തായാലും, അറേബ്യന്‍ ഭൂപ്രദേശത്തെ ബദവികളുടെ ജീവിത്തില്‍ ഒട്ടകത്തെപ്പോലെയോ, അതിനേക്കാള്‍ കൂടുതലോ ചേര്ത്തുനിര്ത്തപ്പെട്ടതാണ് സലൂക്കി. യു.എ.ഇയെ സംബന്ധിച്ചിടത്തോളം പൈതൃകത്തിെൻറയും പാരമ്പര്യത്തിെൻറയും പ്രധാന ഭാഗമാണ് സലൂക്കികളുമായുള്ള വേട്ട. ഫാല്‍ക്കണുകളെ ഇരയെ അടിച്ചു വീഴ്ത്താനാണ് ഉപയോഗിക്കുന്നതെങ്കില്‍ സലൂക്കികള് ഓടിച്ചിട്ട് പിടികൂടി യജമാനെൻറ അരികെയെത്തിക്കുന്നു.
വേട്ടയാടുന്നതിനായി ഫാല്‍ക്കണുകളെയും സലൂക്കികളെയും ഒരേസമയം ഉപയോഗിക്കാറുണ്ട്. വേട്ടപ്പക്ഷിക്കു മുറിവേല്‍ക്കുകയോ, ഇരയുടെ അരികെ എത്താന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ - കുറ്റിക്കാടുകളില്‍ ഇര മറഞ്ഞിരുന്നാല്‍ അവിടെ സലൂക്കി തെൻറ തീവ്ര കാഴ്ചശക്തിയും ഘ്രാണശേഷിയും പ്രയോഗിക്കും. പൈതൃകോത്സവങ്ങളിലും മറ്റ് സ്പോര്‍ട്സ്, ഹെറിറ്റേജ് ക്ലബ്ബ് ഇവൻറുകളിലും സലൂക്കികളുടെ വേട്ടയാടല്‍, റേസിങ് മത്സരങ്ങള്‍ നടന്നുവരുന്നുണ്ട്. അബൂദബി അല്‍ വത്ബയില് നടന്നുവരുന്ന ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി സലൂക്കികളെ പരിചയപ്പെടുത്താന്‍ പ്രത്യേക സംവിധാനം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ശാരീരിക ഘടനയും സ്വഭാവവും എഴുപത് സെൻറീമീറ്റര്‍ വരെ ശരീര ഉയരം. നീണ്ട കഴുത്ത്. പൂര്‍ണ വളര്‍ച്ചയെത്തിയ സലൂക്കികള്ക്ക് ഏകദേശം 26 കിലോഗ്രാം ഭാരമുണ്ടാവും. നീളവും ഇടുങ്ങിയതുമായ ശരീരം. ഉയര്‍ന്ന മുതുക്. പരന്ന് ഉയര്‍ന്ന നെഞ്ച്. ദീര്‍ഘചതുരാകൃതിയിലുള്ള വായ. നീളവും വീതിയുമുള്ള ചെവികള്‍. കരുത്തുറ്റ കാലുകള്‍. അങ്ങിനെയനവധി ശരീര സവിശേഷതകള്‍. മണിക്കൂറില്‍ 65 കിലോമീറ്ററിലധികം വേഗത കൈവരിക്കാന്‍ കഴിയും. നാല് കിലോമീറ്ററിലധികം ദൂരം ഈ വേഗത നിലനിര്‍ത്താനാവും. രണ്ട് തരം അറേബ്യന്‍ സലൂക്കികളുണ്ട്.
അല്‍ ഹോസ്(മിനുസമാര്‍ന്ന ശരീരം), ആര്യാഷ്(തൂവല്‍ കൂടിയത്). അബൂദബി അറേബ്യന്‍ സലൂക്കി സെൻറര്‍ 2001ലാണ് അറേബ്യന്‍ സലൂക്കി സെൻറര്‍ അബൂദബിയില്‍ ആരംഭിച്ചത്. വൈദ്യ പരിചരണം, പരിശീലനം, ബ്രീഡിംഗ്, മൃഗങ്ങളുടെ രജിസ്ട്രേഷന്, ബോര്‍ഡിംഗ് എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഇവിടെ നല്കി വരുന്നത്. അബൂദബി ഇൻറര്‍നാഷനല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന് (അഡിഹെക്സ്), അറേബ്യന്‍ സലൂക്കി ബ്യൂട്ടി കോണ്ടസ്റ്റ് മാസങ്ങള്‍ക്കുമുമ്പ് ഒരുക്കിയിരുന്നു. അബൂദബി നാഷനല്‍ എക്സിബിഷന് സെൻററില്‍ എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ലബ്ബും അറേബ്യന്‍ സലൂക്കി സെൻററും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെൻററി(എച്ച്.എച്ച്.സി)െൻറ ആഭിമുഖ്യത്തില്‍ 14ാമത് സലൂക്കി ചാമ്പ്യന്‍ഷിപ്പാണ് അരങ്ങേറിയത്. യു.എ.ഇയിലെ ഏറ്റവും പ്രശസ്തമായ പൈതൃക കായിക വിനോദങ്ങളിലൊന്നായ സലൂക്കി റേസിങ്ങില്‍ ജി.സി.സിയിലെ നിരവധി പേര് പങ്കാളികളായി. യു.എ.ഇ., സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍ അടക്കമുള്ള മേഖലയില്‍ നിന്നാണ് ദുബൈയിലെ അല്‍ മര്‍മൂം റേസ്ട്രാക്കില് നടന്ന സലൂക്കി ചാംമ്പ്യന്‍ഷിപ്പില്‍ പങ്കാളിത്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.