അനിശ്ചിതത്വങ്ങൾക്കിടയിലും ഒരുമയോടെ ഗൾഫ്
text_fieldsഗൾഫ് രാജ്യങ്ങളുമായി ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ചേർന്നുനിൽക്കുന്ന ഫലസ്തീൻ പ്രദേശത്തെ സംഘർഷം അസാധാരണമായ രക്തച്ചൊരിച്ചിലിനും ചരിത്രപരമായ വഴിത്തിരിവിനും സാക്ഷിയാകുന്ന ഘട്ടത്തിലാണ് 2023 വിടപറയുന്നത്. വർഷത്തിന്‍റെ തുടക്കത്തിൽ മേഖലയിൽ വലിയ യുദ്ധങ്ങൾ അവസാനിക്കുകയും ചെറിയ സംഘർഷങ്ങൾ പോലും സമവായങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്ന ശുഭാപ്തിയുടെ കിരണങ്ങളായിരുന്നു ദൃശ്യമായിരുന്നത്.
രാഷ്ട്രീയ മേഖലയിൽ ആകമാനം പുതിയ യോജിപ്പുകളും സഖ്യങ്ങളും രൂപപ്പെടുമെന്ന് പ്രവചിക്കപ്പെട്ട പ്രതീക്ഷയുടെ വർത്തമാനങ്ങളായിരുന്നു കൂടുതൽ. ഫിഫ ലോകകപ്പ് ഖത്തറിന്‍റെ മണ്ണിൽ വലിയ സന്നാഹങ്ങളോടെ പൂർത്തിയായത് അറബ് മണ്ണിനാകെ പകർന്ന ആവേശം ഐക്യത്തിന് പുത്തനുണർവ് പകർന്നു. ഗൾഫ് രാജ്യങ്ങൾ കൂടുതൽ ഒരുമയോടെ മുന്നോട്ടുപോകുന്നതിന് പ്രായോഗികമായ നടപടികൾക്ക് എല്ലാ രാജ്യങ്ങളും മുന്നോട്ടുവന്നു.
ചെറിയ അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ച് ലോകകപ്പ് കാലത്ത് രൂപപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ സൗഹൃദം ശക്തമാക്കാൻ രാജ്യങ്ങൾ പരിശ്രമിച്ചു. ഫലസ്തീൻ സംഘർഷ കാര്യത്തിൽ തന്നെ, വിശദാംശങ്ങളിൽ വ്യത്യസ്ത താൽപര്യങ്ങളുണ്ടെങ്കിലും ജി.സി.സി ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതാണ് കാണുന്നത്. ഗസ്സയിൽ വെടിനിർത്തൽ അവസാനിപ്പിക്കാനും മാനുഷിക സഹായമെത്തിക്കാനും നടപടിയുണ്ടാകണമെന്നതിലും ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തിന് ലോക രാജ്യങ്ങൾ സന്നദ്ധമാകണമെന്നതിലും യോജിച്ച ശബ്ദമാണ് പുറത്തുവരുന്നത്. സംഘർഷം മേഖലയിൽ വ്യാപിക്കുന്നത് ഒഴിവാക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളും പരിശ്രമിക്കുന്നതിന് ഒരു താൽപര്യം മാത്രമാണുള്ളത്. സംഘർഷങ്ങൾ നഷ്ടമല്ലാതെ നേട്ടങ്ങളൊന്നും കൊണ്ടുവരില്ലെന്ന തിരിച്ചറിവാണത്.
പുതിയ സമവായങ്ങൾ, തുറസ്സുകൾ
എല്ലാ രാജ്യങ്ങളും ലോക രാഷ്ട്രീയ, സാമ്പത്തിക ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകിയാണ് മുന്നോട്ടുപോകുന്നത്. ലോകോത്തര ഇവൻറുകളുടെ വേദികളായി ഈ രാജ്യങ്ങൾ മാറുന്നതും വൻകിട പദ്ധതികൾ അതിദ്രുതം പുരോഗമിക്കുന്നതും പരമ്പരാഗത എതിരാളികൾക്ക് പോലും സൗഹൃദത്തിന്‍റെ വാതിലുകൾ തുറന്നിടുന്നതും ഈ പശ്ചാത്തലത്തിലാണ്.
കഴിഞ്ഞ വർഷം ലോക രാഷ്ട്രീയം സാക്ഷ്യംവഹിച്ച ഏറ്റവും പ്രധാന നയതന്ത്ര മഞ്ഞുരുക്കമായിരുന്നല്ലോ സൗദി അറേബ്യയും ഇറാനും തമ്മിൽ നടന്നത്. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ രൂപപ്പെട്ട ഒരുമയെ മേഖലയിൽ ഇപ്പോൾ രൂപപ്പെട്ട സംഘർഷാന്തരീക്ഷത്തിനും പോറലേൽപിക്കാൻ സാധിച്ചിട്ടില്ല. ശിയാ പുരോഹിതനായ നിമർ ബാഖിർ അന്നിമർ 2016ൽ സൗദിയിൽ വധശിക്ഷക്ക് വിധേയമായതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇരു രാജ്യങ്ങളെയും അവസാനമായി രണ്ട് ധ്രുവങ്ങളിലാക്കിയിരുന്നത്.
വധശിക്ഷക്ക് പിന്നാലെ തെഹ്റാനിലെ സൗദി എംബസിയും മശ്ഹദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതോടെ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ബീജിങ്ങിൽ നടന്ന ചർച്ചക്കൊടുവിൽ ത്രികക്ഷി കരാർ ഒപ്പുവെച്ചതോടെ നയതന്ത്ര ബന്ധം പുനരാരംഭിച്ച് ഇരു രാജ്യത്തും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറന്നു. പിന്നീട് ഇസ്രായേലും സൗദിയും തമ്മിലെ ബന്ധത്തിൽ ചില തുറസ്സുകൾ രൂപപ്പെടുന്നതായ ചർച്ചകളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ തലക്കെട്ടുകളായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഇത്തരം ചർച്ചകൾ മാധ്യമങ്ങളിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
ഏകീകൃത വിസയും വ്യാപാര ഇടനാഴിയും
ഒറ്റ വിസയിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗൾഫ് രാജ്യങ്ങളുടെ പ്രധാന ബോഡികളുടെയെല്ലാം അംഗീകാരമായത് ഈ വർഷത്തിലാണ്. ചരിത്രപരമായ നടപടി എല്ലാ രാജ്യങ്ങളും ശ്രദ്ധയൂന്നുന്ന ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിതുറക്കും.
അവസാനമായി ഖത്തറിൽ ചേർന്ന ജി.സി.സി രാഷ്ട്രത്തലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിൽ ടൂറിസം വിസ സംബന്ധിച്ച പരാമർശമുണ്ടായിരുന്നു. തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രിമാരെ യോഗം അധികാരപ്പെടുത്തുകയായിരുന്നു. പരസ്പര ബന്ധവും ഏകീകരണവും വർധിപ്പിക്കുന്നതിനും ജി.സി.സി രാജ്യങ്ങൾക്കിടയിൽ ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനും വിസ സഹായിക്കും. വരുംവർഷം വിസ സംവിധാനം നടപ്പിലാക്കിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയിൽ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയും ഗൾഫ് രാജ്യങ്ങൾ വളരെ പ്രതീക്ഷയോടെ പോയവർഷം ശ്രദ്ധിച്ച പ്രഖ്യാപനമായിരുന്നു. ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളെ തുറമുഖങ്ങൾ വഴിയും റെയിൽ മാർഗവും യൂറോപ്പുമായും യു.എസുമായും ബന്ധിപ്പിക്കുന്ന നിർദിഷ്ട പദ്ധതിയിൽ സുപ്രധാന പങ്കാണ് ഗൾഫ് രാജ്യങ്ങൾക്കുള്ളത്.
പദ്ധതി പൂർത്തിയാകുന്നതോടെ യൂറോപ്പിന്‍റെയും ഇന്ത്യയുടെയും മധ്യത്തിൽ തന്ത്രപ്രധാന വാണിജ്യ മേഖലയായി ഗൾഫ് മാറിത്തീരും. ഗൾഫിലെ തുറമുഖങ്ങളും ഇതിനകം പൂർത്തിയാക്കിയതും നിർമാണം പുരോഗമിക്കുന്നതുമായ സൗദിയിലെയും യു.എ.ഇയിലെയും റെയിൽ പാതകളും ഇടനാഴിലെ അതിപ്രധാനമായ കേന്ദ്രങ്ങളായി മാറുമെന്നും വിലയിരുത്തപ്പെടുന്നു. നിലവിൽ തന്നെ വാണിജ്യ, വ്യാപാര പ്രവർത്തനങ്ങളുടെ സുപ്രധാന കേന്ദ്രങ്ങളായി വികസിച്ച ഗൾഫ് മേഖലക്ക് കൂടുതൽ കരുത്തേകാൻ ഇത് സഹായിക്കും. പദ്ധതിയിൽ ഇസ്രയേലും സഹകരിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിലെ നിലവിലെ സംഘർഷങ്ങൾ അവസാനിക്കുമ്പോൾ പദ്ധതിയുടെ ഭാവിയെക്കുറിച്ച് കൃത്യത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വളരുന്ന ബഹിരാകാശവും കായികരംഗവും
2023ൽ ലോക മാധ്യമങ്ങളിൽ ഗൾഫ് മേഖല ഏറ്റവും കൂടുതൽ ഇടംപിടിക്കാൻ കാരണമായ രാഷ്ട്രീയേതര വിഷയങ്ങൾ ബഹിരാകാശ പദ്ധതികളും കായിക രംഗത്തെ പ്രഖ്യാപനങ്ങളുമായിരുന്നു. ക്രിസ്റ്റ്യാനോ റെണാൾഡോ, നെയ്മർ തുടങ്ങി നിരവധി പ്രമുഖർ സൗദി ക്ലബ്ബുകളിലേക്ക് കൂടുമാറ്റത്തിന് തയാറായത് ഫുട്ബാൾ ലോകത്തെയാകമാനം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. യൂറോപ്യൻ ക്ലബ് ഫുട്ബാളിന് സമാനമായി സൗദിയിലെ ക്ലബ് ഫുട്ബാൾ മത്സരങ്ങളും താരങ്ങളുടെ കൊടുക്കൽ വാങ്ങലുകളും ചർച്ചയായിക്കൊണ്ടിരിക്കയാണ്.
അതിനിടെയാണ് വീണ്ടും ഗൾഫിലേക്ക് ലോകകപ്പ് ഫുട്ബാൾ മാമാങ്കം വന്നെത്തുമെന്ന പ്രഖ്യാപനം കൂടിയുണ്ടായത്. 2034ലെ ലോകകപ്പിന് സൗദി തെരഞ്ഞെടുക്കപ്പെട്ടതോടെ വരും വർഷങ്ങളിൽ ഗൾഫ് മേഖലയിൽ കായിക രംഗത്തിന് ഉണർവുണ്ടാകുമെന്നതിൽ സംശയമില്ലാതായി. അതിനിടെ, കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരത്തോടെ കായിക ഭൂപടത്തിൽ മാറ്റിനിർത്താനാവാത്ത സാന്നിധ്യമായി മാറിയ ഖത്തർ കൂടുതൽ സ്പോർട്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. കുവൈത്തും ഒമാനും അടക്കമുള്ള രാജ്യങ്ങളും സ്പോർട്സിന്റെ കരുത്ത് മനസ്സിലാക്കി ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധ ചെലുത്തിവരികയാണ്.
ബഹിരാകാശ രംഗത്ത് അറബ് ലോകത്തിന്‍റെ യശസ്സുയർത്തിയ വർഷംകൂടിയാണ് വിടപറയുന്നത്. ചരിത്രത്തിൽ ആദ്യമായി ദീർഘകാല ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ യു.എ.ഇയുടെ സുൽത്താൻ അന്നിയാദി, ബഹിരാകാശത്തെത്തിയ ആദ്യ അറബ് വനിതയെന്ന നേട്ടം സ്വന്തം പേരിലാക്കിയ സൗദിയുടെ റയ്യാന ബർനാവി എന്നിവരാണ് ഈ നേട്ടത്തിന് നിമിത്തമായത്. ഗൾഫ് രാജ്യങ്ങളെല്ലാം ശാസ്ത്ര, ബഹിരാകാശ മേഖലകളിൽ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നുണ്ട്.
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന പദ്ധതിയിൽ ‘നാസ’യുമായി സഹകരിക്കാൻ യു.എ.ഇ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ വിദ്യാഭ്യാസത്തിലും തൊഴിൽ പരിശീലനത്തിലും വൻതോതിൽ നിക്ഷേപം നടത്തുന്നതായി അറബ് മോണിറ്ററി ഫണ്ടി(എ.എം.എഫ്)ന്‍റെ സാമ്പത്തിക മത്സരക്ഷമതാ സൂചിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് വൈജ്ഞാനിക മേഖലയിലെ ഗൾഫ് താൽപര്യത്തെ വരച്ചുകാണിക്കുന്നതാണ്.
ലോകം ശ്രദ്ധിച്ച കോപ് 28 ഉച്ചകോടിക്ക് വിജയകരമായി ആതിഥ്യം വഹിക്കാൻ യു.എ.ഇക്ക് സാധിച്ചതും ഈ വർഷത്തെ നേട്ടങ്ങളുടെ പട്ടികയിൽ പ്രധാനമാണ്. ലോക രാജ്യങ്ങൾക്കിടയിൽ ഫോസിൽ ഇന്ധനം സംബന്ധിച്ച് സമവായമുണ്ടാക്കി പ്രഖ്യാപനം നടത്താനായതും നാശനഷ്ടനിധി പുനസ്ഥാപിക്കാൻ സാധിച്ചതും ഉച്ചകോടിയുടെ വലിയ നേട്ടമായിരുന്നു.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണം ഗൾഫിന് മറക്കാനാവാത്ത ഈ വർഷത്തെ നഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.