കേന്ദ്ര ബജറ്റ് ഇന്ന്; പ്രവാസം പ്രതീക്ഷിക്കുന്നത്
text_fieldsലോകത്തിന്റെ പലഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പ്രവാസികളുള്ള രാജ്യമാണ് ഇന്ത്യ. അവർ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് നൽകുന്ന സംഭാവന ചെറുതല്ല. കോവിഡ് കാലമായിട്ടും 2021ൽ 87 ബില്യൺ യു.എസ് ഡോളറാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. ചൊവ്വാഴ്ചത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച പാർലമെൻറിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ എൻ.ആർ.ഐ നിക്ഷേപമായി 141.6 ബില്യൺ യു.എസ് ഡോളറാണെന്നും ഇന്ത്യക്കു പുറത്തുനിന്ന് വാങ്ങിയ കടങ്ങളുടെ കൂട്ടത്തിൽ പ്രസ്തുത നിക്ഷേപം രണ്ടാം സ്ഥാനത്താണെന്നും വെളിപ്പെടുത്തുന്നു. ഇന്ത്യൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് പ്രവാസികളുള്ളത്. എന്നാൽ, ഇന്ത്യൻ ജി.ഡി.പിയുടെ മൂന്നു ശതമാനം സംഭാവന ചെയ്യുന്നത് ഇക്കൂട്ടരാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഏറ്റവും നല്ല സംഭാവനയാണ് പ്രവാസികൾ നൽകുന്നത്. രൂക്ഷമായ തൊഴില്ലായ്മക്ക് പരിഹാരമാവുന്നതും പശ്ചാത്തല സൗകര്യമൊരുക്കുന്നതിലും പ്രവാസി പണം കാര്യമായ പങ്ക് വഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസത്തെ ശാസ്ത്രീയമായി വിന്യസിക്കൽ സമ്പദ് ഘടനയുടെ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു.
യുവാക്കൾക്കായി പുതിയ പരിശീലന കേന്ദ്രങ്ങൾ വേണം
പരമ്പരാഗത പ്രവാസം ഇന്ന് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. പ്രവാസത്തിന്റെ പുതിയ ഇടനാഴികൾ തുറക്കുമ്പോൾ അതിന്റെ പ്രയോജനം ഇന്ത്യൻ യുവതക്ക് ലഭ്യമാക്കാനുതകുന്ന കേന്ദ്ര ബജറ്റാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിനായി യുവാക്കൾക്കായി പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്.
തൊഴിൽ നഷ്ടമായവർക്ക് പരിഗണനവേണം
കോവിഡിന്റെ കൂടി പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വിദേശങ്ങളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടും മറ്റും നാടണഞ്ഞത്. അവർക്ക് കൂടുതൽ പരിശീലനം നൽകി കർമശേഷി മെച്ചപ്പെടുത്താനും, മറ്റു രാജ്യങ്ങളിലേക്ക് കൂടുതൽ നല്ല അവസരങ്ങൾ ഉണ്ടാക്കാനും നാട്ടിൽതന്നെ തൊഴിൽ നൽകി പുനരധിവാസ പദ്ധതികൾ നടപ്പാക്കാനും കഴിയണം.
ക്ഷേമപദ്ധതികൾ ലളിതമാക്കണം
നിലവിൽ ജോലി ചെയ്യുന്നവർക്കും പ്രവാസം അവസാനിപ്പിച്ചവർക്കുമായി ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കണം. പ്രവാസികളുടെ ഏറെക്കാലമായുള്ള ഈ ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനു പുറമെ, കേന്ദ്ര സർക്കാറിന്റെ പല സ്കീമുകളിലും പ്രവാസികൾക്ക് അംഗമാവാൻ പറ്റില്ലെന്നാണ് നിയമം. അഡൽ പെൻഷൻ യോജന പദ്ധതി ഇതിന് മികച്ച ഉദാഹരണമാണ്. മാത്രവുമല്ല, ഇന്ത്യൻ സർക്കാറിന്റെ പബ്ലിക് പ്രോവിഡൻറ് ഫണ്ട്, പോസ്റ്റ് ഓഫിസ് സേവിങ്, കൃഷിഭൂമി വാങ്ങൽ തുടങ്ങിയവ ഫെമ പോലുള്ള നിയമപ്രകാരം വലിയ പിഴ ചുമത്താവുന്ന കുറ്റവുമായാണ് പരിഗണിക്കുന്നത്. പ്രവാസികളുടെ പണം ക്രിയാത്മകമായി സമ്പാദ്യമാക്കാനും അതുവഴി നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാവാനും സാധ്യമാവേണ്ടതുണ്ട്.
പ്രത്യേക പാക്കേജ് ആവശ്യം
ചെറിയ വരുമാനത്തിന് ജോലി ചെയ്യുന്ന, ബ്ലൂ കോളർ ജോലിയെന്ന് വിശേഷിപ്പിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേകമായ പാക്കേജുകൾ വേണ്ടതുണ്ട്. പലവിധ ചൂഷണങ്ങൾക്കും വിധേയരാവുന്ന ഇവരുടെ ആരോഗ്യത്തിനും ഏജൻസികളുടെ ചൂഷണത്തിൽനിന്നും സംരക്ഷണം നൽകത്തക്കവണ്ണം പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡിന്റെ ആവശ്യകത ഏറെയാണ്. താഴ്ന്ന വരുമാനത്തിന് ജോലി ചെയ്യാനായി വിദേശങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് യു.പി, ബിഹാർ സംസ്ഥാനങ്ങളിൽനിന്നാണ്.
വേണം കേന്ദ്ര പ്രവാസി കമീഷൻ
പ്രവാസികളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ നടന്നുവരുന്നു. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി കേരള സർക്കാർ നടപ്പാക്കിയതുപോലെ, കേന്ദ്ര പ്രവാസി കമീഷൻ വേണമെന്നതും പ്രവാസികൾ പ്രതീക്ഷിക്കുന്നു. മറ്റു മാർഗങ്ങളിൽനിന്നെല്ലാം വിദേശത്തുനിന്ന് സർക്കാർ പണം സ്വരൂപിക്കുമ്പോൾ ആ പണത്തിന് പലിശയും മറ്റു െചലവുകളും നൽകേണ്ടി വരുന്നു. ഇതിനു പുറമെ, വിദേശ കടം വാങ്ങൽ പോലുള്ളവ മറ്റൊരു ഘട്ടത്തിൽ തിരിച്ചു പോവുകയും ചെയ്യും. എന്നാൽ, പ്രവാസി പണത്തിന് ഈ പ്രയാസങ്ങളൊന്നുംതന്നെയില്ലെന്ന് മാത്രമല്ല, ഇവ സമ്പാദിക്കാനായി വിദേശത്തേക്ക് പോവുന്നതിനു പോലും ഒരു ആനുകൂല്യവും നൽകുന്നില്ല. മറിച്ച്, വൻ തുക നൽകിയാണ് പലരും വിദേശങ്ങളിലേക്ക് തൊഴിലിനായി പോവുന്നത്. സർക്കാർ കണക്ക് പ്രകാരം മുപ്പതിനായിരവും അതിന്റെ ജി.എസ്.ടിയും നൽകണമെന്നതാണ് വ്യവസ്ഥ. സർക്കാർ ഏജൻസി വഴി നടത്തുന്ന റിക്രൂട്ട്മെന്റുകൾ പലതും സൗജന്യമാണെങ്കിലും നിയമപ്രകാരമുള്ള ഈ തുകയും ജി.എസ്.ടിയും തൊഴിലന്വേഷകൻ നൽകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.