വർഗീയ സംഘർഷത്തെ തുടർന്ന് ബിഹാറിലെ ബഗാഹയിൽ ഇന്റർനെറ്റ് നിരോധിച്ചു
text_fieldsപട്‌ന: ബീഹാറിലെ ബഗാഹ നഗരത്തിൽ ഇരുസമുദായങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷത്തെ തുടർന്ന് ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുവരെയാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഇന്റർനെറ്റ് നിരോധിച്ചത്. ബിഹാറിലെ മോത്തിഹാരിയിൽ മഹാവീരി മാർച്ചിനിടെയുണ്ടായ അക്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ പ്രകോപനപരമായ സന്ദേശങ്ങളും വീഡിയോകളും കൈമാറാൻ സാമൂഹിക വിരുദ്ധർ ഇന്റർനെറ്റ് ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 പ്രകാരമാണ് ടെലികോം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ബഗഹയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബഗാഹയെ കൂടാതെ, കിഴക്കൻ ചമ്പാരൻ ജില്ലയിലെ മെഹ്‌സി, കല്യാൺപൂർ ഗ്രാമങ്ങളിലും ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെയും ബഗാഹ എസ്.പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.