അഞ്ച് ബന്ദികളെ ഇസ്രായേലിന് കൈമാറി ഹമാസ്, ഒരാളെ കൂടി മോചിപ്പിക്കും; പകരം ഇസ്രായേൽ മോചിപ്പിക്കുന്നത് 602 ഫലസ്തീനികളെ
text_fieldsഗസ്സ: ഗസ്സയിൽ അഞ്ച് ബന്ദികളെ കൂടി ഇസ്രായേലിന് കൈമാറി ഹമാസ്. നുസൈറത്തിലും റഫയിലുമായാണ് അഞ്ച് പേരെ മോചിപ്പിച്ചത്. ഗസ്സ സിറ്റിയിൽ ഒരാളെ കൂടി കൈമാറും. വെടിനിർത്തൽ ധാരണ പ്രകാരം ഇന്ന് ആറ് ബന്ദികളെയാണ് ഹമാസ് ഇസ്രായേലിന് കൈമാറേണ്ടത്. പകരമായി ഇസ്രായേൽ തങ്ങളുടെ ജയിലിലുള്ള 602 ഫലസ്തീനികളെ മോചിപ്പിക്കും.
റെഡ് ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറുന്നത്. ശേഷം ഇസ്രായേൽ സൈന്യത്തിന് കൈമാറുകയാണ് ചെയ്യുന്നത്. അഞ്ച് ബന്ദികളെ കൈമാറിയ വിവരം ഹമാസിനൊപ്പം ഇസ്രായേലും സ്ഥിരീകരിച്ചു. ബന്ദികളെ ഇസ്രായേലിലേക്ക് കൊണ്ടു പോയി പ്രാഥമിക വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
അതിനിടെ, ബന്ദിയായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ യഥാർഥ മൃതദേഹം ഹമാസ് കൈമാറിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. റെഡ്ക്രോസിനാണ് മൃതദേഹം കൈമാറിയത്. മൃതദേഹം പരിശോധിച്ച് ഷിറീ ബീബസ് തന്നെയാണോ എന്ന് ഉറപ്പാക്കാൻ ഇസ്രായേൽ നടപടികൾ തുടങ്ങി.
ഹമാസിന്റെ ബന്ദിയായിരിക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറീ മരിച്ചത് എന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഷിറീ ബീബസിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേൽ വ്യോമാക്രമത്തിൽ ചിതറിയ മറ്റ് മൃതദേഹ അവശിഷ്ടങ്ങളുമായി കലർന്നുവെന്ന് കരുതുന്നതായാണ് ഹമാസിന്റെ വിശദീകരണം. ഇതേച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മിലും തർക്കം തുടരുകയാണ്. ഷിറീ ബിബാസിന്റെ മൃതദേഹം വിട്ടുനൽകുന്നതിൽ പരാജയപ്പെട്ടതിന് ഹമാസിനോട് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
വെടിനിർത്തൽ കരാറിനെ തുടർന്ന്, ഗസ്സയിൽ തടവിലായിരിക്കെ കൊല്ലപ്പെട്ട നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച ഹമാസ് വിട്ടുകൊടുത്തിരുന്നു. 2023 ഒക്‌ടോബർ 7ന് ഹമാസിന്റെ നടപടിയിൽ കിബ്ബൂട്ട്‌സ് നിർ ഓസിൽ നിന്നുള്ള ബന്ദികളിൽപ്പെട്ട ഷിറീ ബിബാസും മക്കളായ ഏരിയലും കഫീറും ഒപ്പം മറ്റൊരാളായ ഒഡെഡ് ലിഫ്‌ഷിറ്റ്‌സും ആണ് ഇവരെന്നും ഹമാസ് പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.