സൂക്ഷിക്കുക; മൊബൈൽ ഫോൺ വാങ്ങിയും പറ്റിക്കപ്പെടാം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വൻ സാമ്പത്തികതട്ടിപ്പ് നടത്തിയ മലയാളി മൊബൈൽ ഫോൺ വാങ്ങിയും ആളുകളെ കബളിപ്പിച്ചതായി ആരോപണം. ഹോൾസെയിലായി മൊബൈൽ ഇടപാട് നടത്തുന്ന കച്ചവടക്കാരാണ് ഇതിൽ ഇരകളായത്.
കച്ചവടക്കാരുമായി സൗഹൃദം സ്ഥാപിച്ച് ആദ്യം കുറഞ്ഞ എണ്ണം ഐഫോണുകൾ ആവശ്യപ്പെടും. ഇതിന് കൃത്യമായി പണം നൽകും. തുടർന്ന് 100 പീസുകൾക്കു മുകളിൽ ആവശ്യപ്പെടുകയും പണം പിന്നീട് നൽകാമെന്ന് പറയുകയും ചെയ്യും.
ഇത് വിശ്വസിച്ച് ഫോൺ നൽകുന്നവർ വഞ്ചിക്കപ്പെടും. തുടർന്ന് ആളെ വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന് ഒരു മൊബൈൽ കച്ചവടക്കാരൻ പറഞ്ഞു.
വലിയ കമ്പനികൾക്ക് ഐഫോൺ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് സമീപിക്കുക. എന്നാൽ, കടക്കാരനിൽനിന്നു വാങ്ങിയതിലും കുറഞ്ഞ വിലക്ക് മറ്റുള്ളവർക്ക് മറിച്ചുവിൽക്കുകയാണ് രീതി. ഇടത്തരം മലയാളികളെയാണ് ഈ തട്ടിപ്പിനും ഇരയാക്കുന്നത്.
തട്ടിപ്പ് മനസ്സിലായതിനാൽ മലയാളികൾ മൊബൈൽ വിൽപന രംഗത്തുള്ളവർക്ക് ആളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 35 ഐഫോണുകൾ വേണമെന്നു പറഞ്ഞ് അടുത്തിടെ ഒരു കടയിലെത്തിയ പ്രതിയെ, തിരിച്ചറിഞ്ഞതുകൊണ്ടു മാത്രമാണ് കടയുടമ തട്ടിപ്പിൽനിന്നു രക്ഷപ്പെട്ടത്.
സ്ക്രാപ് ബിസിനസ്, എ.സി ഇടപാട് എന്നൊക്കെ പറഞ്ഞ് നിരവധി പേരിൽനിന്ന് മലയാളി പണം തട്ടിയതായി ഗൾഫ്മാധ്യമം വാർത്ത നൽകിയിരുന്നു. ഇതോടെ ഒരുപാടുപേർ പണം നഷ്ടമായതായും വൻ തുകകൾ ലഭിക്കാനുണ്ടെന്നും വെളിപ്പെടുത്തി രംഗത്തെത്തി.
കോടികളുടെ വെട്ടിപ്പാണ് പ്രതി നടത്തിയതെന്ന് ഇതോടെ വ്യക്തമാകുന്നു. ഇരകളാക്കപ്പെട്ടവർ ഭൂരിപക്ഷവും മലയാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.