കേരള ബജറ്റ്: പ്രവാസലോകത്ത് സമ്മിശ്ര പ്രതികരണം
text_fieldsദുബൈ: സംസ്ഥാന ബജറ്റിനെ കുറിച്ച് പ്രവാസലോകത്ത് സമ്മിശ്ര പ്രതികരണം. ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനങ്ങളുണ്ടെങ്കിലും മുൻ പ്രഖ്യാപനങ്ങൾ പോലെ ‘വെറും വാഗ്ദാനങ്ങൾ’മാത്രമാകുമോ എന്ന ആശങ്ക പലരും പങ്കുവെച്ചു. പ്രഖ്യാപനങ്ങൾ എല്ലാം നടപ്പിൽവരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്ന് പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
പ്രവാസികൾക്ക് വലിയ ആശ്വാസം എന്ന പേരിൽ കണ്ണിൽപൊടിയിടുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയത് എന്ന വിലയിരുത്തലും ഉണ്ട്. പ്രവാസികൾ ഏറെ കാത്തിരുന്ന പെൻഷൻ വർധനവ് പ്രഖ്യാപിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. എന്നാൽ, പ്രവാസികളെ സമ്പൂർണമായി അവഗണിച്ച കേന്ദ്ര ബജറ്റിന് പിന്നാലെയെത്തിയ സംസ്ഥാന ബജറ്റിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഇടത് അനുകൂല പ്രവാസി സംഘടനകൾ.
പ്രവാസികൾക്ക് ആവശ്യമായ പരിഗണന നൽകിയ ബജറ്റാണിതെന്ന് അവർ പറയുന്നു. കേന്ദ്രബജറ്റിലെ അവഗണനക്കെതിരെ രംഗത്തെത്തിയ ഇടത് അനുകൂല സംഘടനകൾ സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, പ്രവാസികൾക്ക് ഒരു ഗുണവുമില്ലാത്ത ബജറ്റാണെന്ന് പ്രതിപക്ഷ പാർട്ടികളിലെ പ്രവാസി സംഘടനകൾ പറയുന്നു. മുൻ ബജറ്റിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച നടപ്പാക്കാത്ത കാര്യങ്ങൾ നിരത്തി ഇവർ രംഗത്തുണ്ട്. നാട്ടിലെ നികുതി വർധനവ് വിലക്കയറ്റത്തിനു കാരണമാകുമെന്നും പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുമെന്നുമാണ് ഇവരുടെ അഭിപ്രായം.
പ്രവാസികളുടെ നടുവൊടിക്കുന്ന ബജറ്റ്- ഒ.ഐ.സി.സി
കുവൈത്ത് സിറ്റി: കേന്ദ്ര-കേരള ബജറ്റുകൾ പ്രവാസികളുടെയും സാധാരക്കാരനെയും ദ്രോഹിക്കുന്നവയാണെന്ന് ഒ.ഐ.സി.സി കുവൈത്ത് ആരോപിച്ചു.
ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികൾക്ക് മുൻബജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. അടച്ചിട്ട വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കം പ്രവാസികളോട് കാണിക്കുന്ന വഞ്ചനയാണെന്നും ഒ.ഐ.സി.സി കുവൈത്ത് പരാതിപ്പെട്ടു. ജോലി നഷ്ടപ്പെട്ടു നാട്ടിൽ തിരികെയെത്തുന്നവർക്ക് ആറുമാസത്തെ ശമ്പളം ലഭ്യമാക്കും എന്ന വാക്ക് മുഖ്യമന്ത്രി നടപ്പാക്കണമെന്നും ഒ.ഐ.സി.സി ഓർമപ്പെടുത്തി.
വിലവർധനയും നിരാശയും മാത്രം - പ്രവാസി വെൽഫെയർ
കുവൈത്ത് സിറ്റി: ജനങ്ങളുടെ നടുവൊടിക്കുന്ന വിലവർധനയും നിരാശയും മാത്രമാണ് സംസ്ഥാന ബജറ്റിലെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. പ്രവാസികൾക്കായി വകയിരുത്തിയ നാമമാത്ര ഫണ്ടുകൾ എത്രമാത്രം ഉപയോഗപ്രദമായിരിക്കും എന്ന് കണ്ടറിയണം.
എ.കെ.ജി മ്യൂസിയത്തിന് ആറുകോടി കണ്ടെത്തിയ സർക്കാർ ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാചെലവ് കുറക്കാൻ ഇടപെടുന്നതിനുവേണ്ടി കോർപസ് ഫണ്ടായി നീക്കിവെച്ചത് വെറും 15 കോടിയാണ്. ഓരോ വർഷവും ശതകോടി ഡോളറുകൾ വിദേശത്തുനിന്നും കേരളത്തിലേക്ക് അയക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് കണ്ടെത്തിയത് വെറും 50 കോടിയും. ഒരുവശത്ത് പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണെന്ന് പറയുകയും, മറുവശത്ത് അവരെ കറവപ്പശുക്കളാക്കുകയും അവഗണിക്കുകയും ചെയ്യുകയാണ് കേരള സർക്കാറെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ചൂണ്ടിക്കാട്ടി. സാമൂഹികക്ഷേമ പദ്ധതികളിൽ ഒരു വർധനയും ബജറ്റിൽ ഇല്ലെന്നും സൂചിപ്പിച്ചു.
ബജറ്റ് പ്രവാസി സൗഹൃദം -കല കുവൈത്ത്
കുവൈത്ത് സിറ്റി: ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നു കല കുവൈത്ത്. കേന്ദ്ര ബജറ്റിലെ പ്രവാസികളോടുള്ള അവഗണനയ്ക്കിടയിലെ ആശ്വാസ ബജറ്റാണിതെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് പ്രസ്താവനയിൽ അറിയിച്ചു.
ഗൾഫ് മേഖലയിലെ യാത്രക്കാർ ദീർഘകാലമായി നേരിടുന്ന വർധിച്ച വിമാനയാത്രക്കൂലിയെന്ന പ്രശ്നം പരിഹരിച്ചു, നിരക്ക് താങ്ങാനാവുന്ന പരിധിക്കുള്ളിൽ നിലനിർത്താനായി കോർപസ് ഫണ്ട് രൂപവത്കരിക്കുന്നതും, വിദേശത്തുനിന്നു മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് 100 തൊഴിൽ ദിനം ഉറപ്പാക്കിയതും, പുതിയ നൈപുണ്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി പ്രത്യേക തുക വകയിരുത്തിയതും ആശ്വാസകരമാണ്.
അതിനോടൊപ്പം കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് പലിശ രഹിത വായ്പയും, സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകാനുള്ള പദ്ധതികളും വിഭാവനം ചെയ്തുകൊണ്ട് പ്രവാസികളോടുള്ള കരുതൽ കാട്ടിയ ബജറ്റിൽ പശ്ചാത്തല വികസന പദ്ധതികൾക്ക് പ്രത്യേക പ്രാധാന്യം നൽകി.
അശരണരേയും അവശതയനുഭവിക്കുന്നവരെയും ചേർത്തുപിടിച്ചിട്ടുണ്ട്. സമസ്ത മേഖലയെയും പരിഗണിച്ചുള്ള രണ്ടാം പിണറായി സർക്കാറിന്റെ സമ്പൂർണ ബജറ്റ് നവകേരള നിർമാണം സാധ്യമാക്കുന്ന ബജറ്റാണെന്ന് പ്രസിഡന്റ് കെ.കെ. ശൈമേഷും ജനറൽ സെക്രട്ടറി സി. രജീഷും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.