കെ.ടി.എ. മുനീറും അബ്ദുൽ ലത്തീഫ് ഉപ്പളയും ലോക കേരളസഭയിലേക്ക്
text_fieldsജിദ്ദ: ലോക കേരള സഭയിലേക്ക് ജിദ്ദ ഒ.ഐ.സി.സി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ. മുനീറിനെ തെരഞ്ഞെടുത്തു. മലയാളി കൂട്ടായ്മകളുടെ പൊതു വേദിയായ ജിദ്ദ കേരളൈറ്റ്സ് ഫോറം (ജെ.കെ.എഫ്) ചെയർമാൻ, ഇന്ത്യൻ പിൽഗ്രിം വെൽഫെയർ ഫോറം (ഐ.പി.ഡബ്ല്യു.എഫ്) മാനേജിങ് കമ്മിറ്റി അംഗം, കോഴിക്കോട് യൂനിവേഴ്സിറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിലെ വണ്ടൂരിൽ പ്രവർത്തിക്കുന്ന സഹ്യ ആർട്സ് ആൻഡ് സയൻസ് കോളജ് വൈസ് പ്രസിഡന്റ്, പ്രവാസി പങ്കാളിത്തത്തോടെ വണ്ടൂരിൽ പ്രവർത്തിക്കുന്ന നഴ്സിങ് സ്‌കൂളിന്റെയും മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെയും ഡയറക്ടർ ആൻഡ് കോഓഡിനേറ്റർ, മലപ്പുറം ജില്ല പ്രവർത്തന പരിധിയാക്കി സഹകരണ വകുപ്പിന് കീഴിലുള്ള സഹ്യപ്രവാസി കോഓപറേറ്റിവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള ആശ്രയ സ്പെഷൽ സ്‌കൂൾ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പ്രവാസികാര്യ വകുപ്പിന്റെ ഫോളോഅപ്പ് കമ്മിറ്റിയിലും നോർക്ക റൂട്സിന്റെ അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. സൗദിയിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഫോറം ട്രഷററായും, ജപ്പാൻ ആസ്ഥാനമായ ഓയിസ്കയുടെ യൂത്ത് ഫോറം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയായും യുവജന ക്ഷേമ വകുപ്പിന്റെ ജില്ല യൂത്ത് അഡ്വൈസറി കമ്മിറ്റി അംഗമായും, എം.ഇ.എസ് യൂത്ത് വിങ് മലപ്പുറം ജില്ല സെക്രട്ടറിയായും സേവനമർപ്പിച്ചിരുന്നു. 1996 ൽ കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ ഏറ്റവും നല്ല സാമൂഹിക പ്രവർത്തകനുള്ള അവാർഡ് നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ പ്രവാസി ഭാരതീയ ദിവസിൽ 2010 മുതൽ തുടർച്ചയായി പങ്കെടുത്തിരുന്നു.
രണ്ടരപ്പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസം തുടരുന്നു. അയാട്ടയിൽ ഡിപ്ലോമ കരസ്ഥമാക്കിയ മുനീർ ഇപ്പോൾ അബീർ ഏവിയേഷനിൽ ജോലിചെയ്‌തുവരുന്നു. എയർ ഫ്രാൻസ്, ഖത്തർ എയർവേസ്, കെ.എൽ.എം നെതർലാൻഡ് എയർലൈൻസ് എന്നീ വിമാന കമ്പനികളിലും സേവനമർപ്പിച്ചിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ പ്രവാസികളുടെ വ്യത്യസ്ത വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ പ്രവാസിക്ഷേമ കാര്യങ്ങൾക്കു ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുമെന്നും കെ.ടി.എ. മുനീർ പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനും പ്രതിപക്ഷ നേതാവ് വൈസ് ചെയർമാനുമായുള്ള മൂന്നാമത് ലോക കേരളസഭ ജൂൺ 16,17,18 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭയിലെ ശങ്കര നാരായണൻ ഹാളിലാണ് ചേരുന്നത്.
പരിഹസിച്ചു ജിദ്ദ ഒ.ഐ.സി.സി നേതാക്കൾ
ജിദ്ദ: ഇടതുമുന്നണി സർക്കാറിന്റെ കീഴിൽ മൂന്നാം കേരളസഭയുടെ ധൂർത്തും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി മുൻ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ലോക കേരളസഭ ഉപാധ്യക്ഷ സ്ഥാനം നേരത്തേ രാജി വെക്കുകയും ആ സംവിധാനത്തോട് കോൺഗ്രസ് പാർട്ടി പൂർണമായും സഹകരിക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്നോടിയായി നേത്തേ ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തിരുന്ന ഒ.ഐ.സി.സി ഗ്ലോബൽ നേതാവ് കെ.എം. ഷെരീഫ് കുഞ്ഞു ഉൾപ്പെടെ ഗൾഫിലെ കോൺഗ്രസ് അനുകൂല സംഘടന നേതാക്കൾ തങ്ങളുടെ ലോക കേരള സഭാംഗത്വം രാജിവെച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ജിദ്ദയിലെ ചില ഒ.ഐ.സി.സി അംഗങ്ങൾ കെ.ടി.എ. മുനീറിന്റെ പുതിയ സഭ തെരഞ്ഞെടുപ്പിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ രംഗത്തു വന്നിട്ടുണ്ട്. നേരത്തെ നേതാക്കൾ രാജിവെക്കാനുണ്ടായ കാരണങ്ങളിൽ നിന്ന് എന്ത് മാറ്റമാണ് ഇപ്പോൾ പുതിയ ലോക കേരള സഭക്കുണ്ടായതെന്നാണ് അവരുടെ ചോദ്യം.
ലോക കേരളസഭയിലേക്ക് അബ്ദുൽ ലത്തീഫ് ഉപ്പളയും
മസ്കത്ത്: ജൂൺ 17 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിലേക്ക് ഒമാനിൽനിന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പളയെ തിരഞ്ഞെടുത്തു. ഇതോടെ ഒമാനിൽനിന്ന് ലോക കേരളസഭയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പത്തായി. കോവിഡിന് ശേഷം നടക്കുന്ന ലോക കേരളസഭ എന്നനിലയിൽ, പ്രധാനമായും ചർച്ച ചെയ്യുക നാട്ടിൽ മടങ്ങിച്ചെന്ന പ്രവാസികളുടെ പുനരധിവാസമായിരിക്കുമെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. പ്രവാസികൾ കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലംകൂടിയാണിത്.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായിനിൽക്കണം എന്ന് എല്ലാവർക്കും ബോധ്യവുമുണ്ട്. ഈ സാഹചര്യത്തിൽ നടക്കുന്ന സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡിന് ശേഷം ലോകത്തുവന്ന മാറ്റം ഉൾക്കൊള്ളാനും അതനുസരിച്ച് മുന്നോട്ടുപോകാനും ലോകത്തുള്ള മലയാളികളുടെ കഴിവ് ഉപയോഗിക്കുക സാമ്പത്തികം മാത്രമല്ല, മറിച്ച് അവരുടെ എല്ലാ മേഖലയിലുള്ള ക്രയശേഷികൂടിയാണ്. കഴിയുംവിധം എല്ലാകാര്യങ്ങളും ഉന്നയിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.