പുനഃസംഘടനക്കായി കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിക്കാനായി രാജിവെച്ചു. പുതിയ മന്ത്രിസഭയെയും നിലവിലെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തന്നെ നയിക്കാനാണ് സാധ്യത. നിലവിലെ മന്ത്രിസഭയിലെ പകുതിയിലേറെ പേർ പുതിയ മന്ത്രിസഭയിലും ഇടം പിടിച്ചേക്കും. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗിെൻറ തുടർച്ചയായി പുതിയൊരു തുടക്കത്തിനായാണ് മന്ത്രിസഭ രാജിവെച്ചത്. പാർലമെൻറിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെൻറ് അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കുക. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുൻകൈയെടുത്ത് സുപ്രീംകോടതിയുടെ രക്ഷാകർതൃത്വത്തിലാണ് നാഷനൽ ഡയലോഗ് സംഘടിപ്പിക്കുന്നത്. ആദ്യ രണ്ട് സെഷനുകൾ വിജയകരമായിരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ്, വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ എന്നിവർക്കെതിരെ ഹമദ് അൽ ആസ്മി എം.പി കുറ്റവിചാരണ നോട്ടീസ് സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭ രാജിവെച്ച പശ്ചാത്തലത്തിൽ ഇതിന് പ്രസക്തിയില്ലാതായി.
2020 നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്ന് ഒരു വർഷത്തിനുള്ളിൽ രണ്ടാമത് തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്. 2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ച് മാർച്ച് രണ്ടിന് ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിെൻറ തന്നെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വന്നു. മന്ത്രിമാർക്കെതിരായ കുറ്റവിചാരണ പരമ്പരയെ തുടർന്നായിരുന്നു അന്നത്തെ രാജി. അതിന് ശേഷവും പാർലമെൻറുമായുള്ള ബന്ധം നല്ല നിലയിലായിരുന്നില്ല. നിരന്തരം കുറ്റവിചാരണ നോട്ടീസ് സമർപ്പിക്കപ്പെട്ടു. സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് പാർലമെൻറ് യോഗം അഞ്ച് തവണ മുടങ്ങി. തുടർന്നാണ് അമീറിെൻറ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നാഷനൽ ഡയലോഗ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.