110 പേർ മരിച്ച മക്ക ക്രെയിൻ ദുരന്തം: പ്രതികളെ കോടതി കുറ്റവിമുക്തരാക്കി
text_fieldsമക്ക: ഹറം ക്രെയിൻ അപകട കേസിൽ ബിൻലാദിൻ ഗ്രൂപ്പ് ഉൾപ്പെടെയുള്ള 13 പ്രതികളെ കുറ്റവിമുക്തരാക്കി മക്ക ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിധി മക്ക ക്രിമിനൽ കോടതി പുറപ്പെടുവിച്ചതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ വിചാരണ നടത്തി വിധി പ്രസ്താവിച്ചതല്ലാത്ത പുതിയതൊന്നും കോടതിക്ക് കണ്ടെത്താനായിട്ടില്ല. സൂക്ഷ്മ പരിശോധനക്കായി പുതിയ വിധി പ്രസ്താവം അപ്പീൽ കോടതിയിലേക്ക് അയക്കുമെന്നും കോടതി വ്യക്തമാക്കി. അപകട ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ ബുള്ളറ്റിനിൽ ചെങ്കടലിലെ കാറ്റിെൻറ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ മാത്രമാണെന്നാണ് പറയുന്നത്.
ആവശ്യമായ ജാഗ്രതയും മുൻകരുതലും എടുക്കേണ്ടതായ രീതിയിൽ ചുഴലിക്കാറ്റോ മറ്റോ ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നില്ലെന്നും കോടതി വിധി പറയുന്നു. അപകടമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്ന കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ് കോടതി ബെഞ്ചിന് കണ്ടെത്താനായിട്ടില്ല. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ദൈവീക വിപത്തോ, പകർച്ചവ്യധിയോ പോലെയുള്ള ദുരന്തമാണ് മക്കയിൽ അന്നേ ദിവസം സംഭവിച്ചതെന്ന് കോടതി സൂചിപ്പിച്ചു.
ഇത്തരം അവസ്ഥകളിൽ ഗാരൻറിയോ, ബാധ്യതയോ ഇല്ലാതാകുമെന്നാണ് കർമശാസ്ത്രജ്ഞരുടെ തീരുമാനങ്ങളിലെന്നും വിധി പ്രസ്താവനയിൽ പറഞ്ഞു. കേസിലെ പ്രതികളെ നേരത്തെ വിചാരണാ കോടതി കുറ്റവിമുക്തരാക്കിയതാണ്. നിരീക്ഷിച്ച ആറ് കാര്യങ്ങൾ കേസിൽ കണക്കിലെടുത്തിട്ടില്ലെന്ന് പറഞ്ഞ് പുനർവിചാരണക്കായി കേസ് അപ്പീൽ കോടതി പിന്നീട് ക്രിമിനൽ കോടതിയിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.
പബ്ലിക് പ്രോസക്യൂഷൻ സമർപ്പിച്ച ആരോപണങ്ങളിൽ ക്രിമിനൽ കോടതി നേരത്തെ പ്രതികളെ കുറ്റമുക്തമാക്കിയിരുന്നു. പിന്നീട് ക്രിമിനൽ കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യുഷൻ മേൽകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. 2015 സെപ്റ്റംബറിലാണ് ഹറം മുറ്റത്ത് സ്ഥാപിച്ച ക്രെയിൻ വീണ് വൻ അപകടമുണ്ടായത്. സംഭവത്തിൽ 110 പേർ മരിക്കുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റ് ശാരീരിക വൈകല്യം സംഭവിച്ചവർക്കും 10 ലക്ഷം റിയാൽ വീതവും മറ്റ് പരിക്കുകളേറ്റവർക്ക് അഞ്ച് ലക്ഷം റിയാൽ വീതവും ധനസഹായം നൽകാൻ അന്ന് സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സൗജന്യമായി ഹജ്ജ് നിർവഹിക്കാനും അവസരം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.